പി. ചിത്രൻ നമ്പൂതിരിപ്പാട്
''വര്‍ഷം 1956. ഡല്‍ഹിയില്‍നടന്ന ഇന്റര്‍യൂണിവേഴ്സിറ്റി കലോത്സവത്തിന് കേരളസര്‍വകലാശാലയുടെ സംഘവുമായി പോയിവന്ന അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരന് ചോദിച്ചു, നമുക്കും വേണ്ടേ ഇതുപോലൊരു കലോത്സവം. ഞാനടക്കം ചെറുപ്പക്കാരായ കുറച്ച് ഹെഡ്മാസ്റ്റര്മാരോടായിരുന്നു ചോദ്യം. അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയെയും കാര്യമറിയിച്ചു. അദ്ദേഹവും ഒപ്പംനിന്നു'' -66 വര്‍ഷം പിന്നിലുള്ള ഓര്‍മകള്‍ പി. ചിത്രന് നമ്പൂതിരിപ്പാട് ഏറെ വ്യക്തതയോടെ പങ്കുവെച്ചുതുടങ്ങി. തിങ്കളാഴ്ച 104 വയസ്സ് പൂര്‍ത്തിയായ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ഓര്‍മകള്‍ക്കും 38-ന്റെ ചെറുപ്പം.
ആ ഒന്നരദിവസം
ഡോ. വെങ്കിടേശ്വരന് എറണാകുളം എസ്.ആര്.വി. സ്കൂളില്‍ യോഗം വിളിച്ചു. ഞങ്ങള്‍ കുറച്ച് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും കോളേജധ്യാപകരുമുണ്ട്. കേരളത്തിന്റേതായി കലോത്സവം നടത്തുന്നതില്‍ എല്ലാവര്ക്കും സമ്മതം. തുടക്കത്തില്‍ സ്കൂള്‍കലോത്സവം തന്നെയാകട്ടെ എന്നായി ഡോ. വെങ്കിടേശ്വരന്. ആ അഭിപ്രായത്തെ എല്ലാവരും ശരിവെച്ചു. അങ്ങനെ 1956-'57 വര്‍ഷത്തില്‍ ഒന്നരദിവസംകൊണ്ട് പൂര്‍ത്തിയായ ആദ്യ സ്കൂള്‍കലോത്സവത്തിന് എറണാകുളം വേദിയായി.
എല്ലാ സ്കൂളുകളിലേക്കും സന്ദേശംപോയി. അര്‍ഹതയുണ്ടെന്ന് തോന്നുന്ന കുട്ടികളെ മത്സരത്തിനയക്കണമെന്നായിരുന്നു സന്ദേശം. മൂക്കുതല സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഞാനും കലോത്സവത്തിലെ ഭാരവാഹിയായിരുന്നു. ആദ്യദിവസം ഉച്ചയോടെ കുട്ടികളെല്ലാവരുമെത്തി. എല്ലാവര്ക്കും ഊണ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നത്തെപ്പോലെ സദ്യയൊന്നുമല്ല. അതും കുട്ടികള്‍ക്കുമാത്രം. ആദ്യകലോത്സവത്തില് അത്രയധികം ഇനങ്ങളൊന്നുമുണ്ടായിരുന്നില്ല. കര്‍ണാടകസംഗീതം, ഭരതനാട്യം, പ്രസംഗമത്സരം, എഴുത്തുമത്സരങ്ങള്, കവിതചൊല്ലല്‍ തുടങ്ങി അഞ്ചോ ആറോ മത്സരങ്ങള്‍മാത്രം.
ചിത്രയ്ക്കുള്ള സമ്മാനം
1978-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയം. ആ വര്‍ഷത്തെ കലോത്സവത്തിന്റെ സമാപനവേദിയില്‍ സമ്മാനദാനം നിര്‍വഹിക്കേണ്ടത് മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രി ഒരാള്‍ക്കുമാത്രം സമ്മാനം നല്കി. ഗായിക കെ.എസ്. ചിത്രയ്ക്കായിരുന്നു അത്. ഞാനാവര്ഷം വിരമിക്കാനിരിക്കുകയായിരുന്നു.
ബാക്കിസമ്മാനങ്ങളെല്ലാം നല്കാന് അര്‍ഹത ചിത്രന് നമ്പൂതിരിപ്പാടിനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുന്നൂറിലധികം സമ്മാനങ്ങളാണ് അന്ന് നല്കിത്തീര്ത്തത്. ഇത്തവണ കോഴിക്കോട്ടേക്ക് മന്ത്രിയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്.
കലാമണ്ഡലത്തിലെ ക്യാമ്പ്
വിദ്യാഭ്യാസവകുപ്പില്‍നിന്ന് വിരമിച്ചശേഷം കലാമണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്തും സ്കൂള്കലോത്സവകാലമെത്തുമ്പോള് സംഘാടകര്‍ എനിക്കരികിലെത്തും. ശാസ്ത്രീയകലകളുടെ ജഡ്ജിമാരെല്ലാം കലാമണ്ഡലത്തിലെ കലാകാരന്മാരാകും. ശിഷ്യരാരെങ്കിലും മത്സരത്തിനുണ്ടെങ്കില്‍ ജഡ്ജിയാകരുതെന്ന് കര്‍ശനമായി അവരോട് നിര്‍ദേശിക്കാറുണ്ട്. അക്കാലത്ത് ആദ്യമായി കലോത്സവത്തിലെ വിജയികള്‍ക്ക് കലാമണ്ഡലത്തില്‍ ഒരു മാസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ശാസ്ത്രീയകലകളിലെ വിജയികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുകയായിരുന്നു ഉദ്ദേശ്യം. സ്കൂള്‍കലോത്സവത്തിന് വിത്തിട്ടകാലംമുതല് ഒപ്പമുണ്ടായിരുന്ന ചിത്രന് നമ്പൂതിരിപ്പാടിന് വളര്‍ന്നുപന്തലിച്ച മരമായി അതുമാറിയ കാഴ്ച കാണുമ്പോള്‍ നിറഞ്ഞ ആത്മസംതൃപ്തി.
സദ്യതന്നെ വേണം
കലോത്സവം വിപുലമാക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ ആര്. രാമചന്ദ്രന് നായര്‍ പറഞ്ഞു. കുട്ടികള്‍ക്ക് നല്ലഭക്ഷണംതന്നെ നല്‍കണം. സദ്യതന്നെ വേണം. അന്ന് സ്വാഗതസംഘ രൂപവത്കരണയോഗത്തില്‍ മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോനൊക്കെ പങ്കെടുത്തത് ഓര്‍ക്കുന്നു. കോഴിക്കോട്ടുകാര്‍ നിറഞ്ഞ ഹൃദയത്തോടെ കുട്ടികളെ സ്വീകരിച്ചു. വേദികളെല്ലാം നിറഞ്ഞുകവിഞ്ഞു. അന്ന് ചാക്കീരി അഹമ്മദ് കുട്ടിയാണ് വിദ്യാഭ്യാസമന്ത്രി. കലോത്സവം വിപുലമാക്കാന്‍ അദ്ദേഹത്തിന്റെ പിന്തുണയും വലുതായിരുന്നു. എം.ആര്.ബി., കാട്ടുമാടം നാരായണന്, ശങ്കരപ്പിള്ള തുടങ്ങി പ്രഗല്ഭനിരയായിരുന്നു അന്ന് വിധികര്‍ത്താക്കളായി എത്തിയിരുന്നത്.
Content Highlights: p chitran nampoodirippad remembers the starting of kerala state youth festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..