കഥയറിഞ്ഞ് ആടാം, ഗ്രേഡിനേക്കാള്‍ കലയെ സ്‌നേഹിക്കാം


അഡ്വ. രഞ്ജിനി സുരേഷ്

കഥകളി | ഫോട്ടോ: അഖിൽ ഇ.എസ്

ആംഗികാഭിനയത്തിന്റെ സര്‍വ്വസൗന്ദര്യവും ആവാഹിക്കപ്പെട്ട കലയാണ് കഥകളി. കേരളത്തിന്റെ തനതുകലാരൂപം. പ്രഥമദൃഷ്ട്യാ ആസ്വാദകന്റെ മനം കവരുന്ന, സൗന്ദര്യാനുഭൂതി ആവോളം പകര്‍ന്നുനല്‍കുന്ന കഥകളിയെന്നാല്‍ കേരളത്തിന്റെ പര്യായംതന്നെയാണ്. ഒരു കാലത്ത് വരേണ്യവിഭാഗങ്ങള്‍ക്കിടയില്‍മാത്രം ഒതുങ്ങിനിന്നിരുന്ന ഈ കലാരൂപം ഇന്ന് കലോത്സവ വേദിയിലെ ഒരു പ്രധാന മത്സരയിനമാണ്. കാമ്പുള്ള കഥാപാത്രങ്ങളുമായി നീണ്ടനാളുകളുടെ പരിശീലനം നേടി കഥകളി കലോത്സവവേദിയിലേക്ക് പ്രൗഢിയോടെ കയറി വരുമ്പോള്‍ സ്വന്തം നാടിന്റെ കലയെ സ്‌നേഹപൂര്‍വ്വം അഭ്യസിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് പറയുകയാണ് പ്രശസ്ത കഥകളി കലാകാരി അഡ്വ. രഞ്ജിനി സുരേഷ്.

കഥകളി ഒരു മത്സരയിനം എന്ന നിലയില്‍

ഇന്ന് കഥകളി പഠിക്കാന്‍ ഒരുപാട് പേര്‍ കടന്നുവരുന്നുണ്ട്. മത്സരയിനമായി ഈ കലയെ കാണുമ്പോഴും അതിന്റെ ഒരു പോസ്റ്റീവ് വശം എന്താണെന്നുവെച്ചാല്‍, പത്തോ പതിനഞ്ചോ മിനിറ്റ് നേരത്തേക്കുള്ള മത്സരമാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുമ്പോഴും ഒരുപാട് കുട്ടികള്‍ കലയിലേക്ക് കടന്നുവരുന്നുണ്ട് എന്നാണ്. സമ്മാനം നേടാനോ, എ ഗ്രേഡ് നേടാനോ എന്തിനുവേണ്ടിയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെങ്കിലും കേരളത്തിന്റെ തനതായ ഒരു കലാരൂപം എന്താണെന്ന് പഠിക്കാനുള്ള ഒരു ചെറിയ ശ്രമം അതിന്റെ ഭാഗമായി നടക്കും. അത് വലിയ കാര്യമാണ്.

എല്ലാവരും കലാകാരന്മാരുടെ കുടുംബങ്ങളില്‍നിന്ന് വരുന്നവരോ ആ കുടുംബപശ്ചാത്തലമുള്ളവരോ അല്ല. കലയുമായി ബന്ധമില്ലാത്ത കുടുംബങ്ങളില്‍നിന്നും വരുന്ന കുട്ടികളും മത്സരത്തില്‍ പങ്കെടുക്കാനുണ്ടാകും. ഇത് കഥകളിയെ, നാടിന്റെ തനതുകലയെ കൂടുതല്‍ പേരിലെത്തിക്കാന്‍ സഹായിക്കുന്നു. വേഷക്കാര്‍ മാത്രമല്ല, കഥകളി ഉപജീവന മാര്‍ഗമായികൊണ്ടുനടക്കുന്ന ഒരുപാട് പേരുണ്ട്. പാട്ട്, കൊട്ട്, ചുട്ടി, അണിയറ, തുടങ്ങി എല്ലാ കലാകാരന്മാരും ഈ കലയുടെ ഭാഗമാണ്. ഇവര്‍ക്ക് യുവജനോത്സവങ്ങള്‍ സാമ്പത്തികമായി ഗുണം ചെയ്യുന്നു. കല തൊഴിലാകുകയും അതേസമയം കല എല്ലാവരിലേക്കുമെത്തുകയും ചെയ്യുന്നു.

എന്നാല്‍ മറിച്ച്, കഥകളി ഒരു മത്സരയിനം മാത്രമാകുമ്പോള്‍ അത് ആ കലയുടെ ആഴം എന്താണെന്ന് മനസ്സിലാക്കുന്നതിന് വിലങ്ങുതടിയാകുകയും ചെയ്യുന്നുണ്ട്. യുവജനോത്സവത്തില്‍ പത്തോ പതിനഞ്ചോ മിനിറ്റ് കളിക്കാന്‍ വേണ്ടി മാത്രമായി കുട്ടികള്‍ കഥാപാത്രങ്ങളെ പഠിക്കുന്നു. പലരും ഗൗരവത്തോടെ കഥകളി പഠിച്ചക്കാതെ അധ്യാപകന്‍ എന്താണോ പറയുന്നത് അത് മാത്രം പ്രവര്‍ത്തിക്കും. അപ്പോള്‍ കഥാപാത്രത്തെയോ ആശയത്തെയോ ഉള്‍ക്കൊണ്ട് അവര്‍ പഠിച്ചു എന്ന് നമുക്ക് പറയാനാകില്ല. മത്സരത്തിനായി മാത്രം കഥകളി അഭ്യസിക്കുന്ന കുട്ടികളുടേയും കുറേ വര്‍ഷങ്ങളായി കഥകളി പഠിക്കുന്ന കുട്ടികളുടേയും സമീപനവും അവരുടെ കഴിവും അവതരണവും എല്ലാം എന്നാല്‍ വലിയ വ്യത്യാസമുണ്ടാകും. കഥകളി അറിയുന്ന ഒരു കാഴ്ചക്കാരന് ആ വ്യത്യാസം പെട്ടെന്ന് മനസ്സിലാക്കാനാകും.

രഞ്ജിനി സുരേഷ്.

വളരെ ഗൗരവത്തോടെ കഥകളി അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് ഒന്നാംസ്ഥാനം കിട്ടിക്കൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോള്‍ അതിലെ ഉള്ളു കളികളില്‍ നമുക്ക് വിഷമം തോന്നുമെങ്കിലും അതിനപ്പുറത്തേക്ക് കുട്ടികള്‍ അവനവന്റെ നാട്ടിലെ ഒരു കല പഠിക്കാന്‍ ലഭിക്കുന്ന ഒരു അവസരം കളയാതിരിക്കുന്നതാണ് ശരിയായ കാര്യം എന്നാണ് എനിക്ക് തോന്നുന്നത്.

ഇതെല്ലാം കാപ്‌സ്യൂള്‍ ആണെന്ന് പറഞ്ഞാലും ലോകം അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ നേരം വെളുക്കുന്നതുവരെ കഥകളി കാണാന്‍ ആളുകളൊന്നുമില്ല. കഥകളിപോലും രണ്ടോ മൂന്നോ മണിക്കൂറുകളായി ചുരുക്കുന്ന അവസരത്തില്‍ ഇതിനെ മാത്രം മാറ്റി നിര്‍ത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

കഥകളി അഭ്യസിക്കുന്ന കുട്ടികളുടെ മനോഭാവം

യുവജനോത്സവത്തിനായി കഥകളി പഠിക്കാന്‍ അധ്യാപകരെ സമീപിക്കുന്നത് ശരിയല്ല. എന്നെ സമീപിക്കരുത് എന്ന് പറയുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നെ സംബന്ധിച്ച് യുവജനോത്സവത്തിന് മാത്രമായി കഥകളി പരിശീലിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല.

ഞാന്‍ ഈ കല പഠിച്ചതും അങ്ങനെയല്ല. യുവജനോത്സവത്തിന് പോയെങ്കിലും ഞാന്‍ അഞ്ച് വയസ്സുമുതല്‍ കഥകളി പഠിക്കാന്‍ തുടങ്ങി, പത്താം വയസ്സിലാണ് യുവജനോത്സവത്തില്‍ പങ്കെടുത്തത്. അതും സ്‌കൂളില്‍നിന്ന് നിര്‍ബന്ധിച്ചപ്പോഴാണ് പങ്കെടുത്തത്. എനിക്ക് കുട്ടികളെ അങ്ങനെ പഠിപ്പിക്കാനാണ് ഇഷ്ടം.

എന്നാല്‍ കഥകളി തൊഴിലായിട്ടുള്ള ഒരു കലാകാരന് ഇക്കാര്യത്തില്‍ നിര്‍ബന്ധംപിടിക്കാന്‍ കഴിയില്ല. ഈ കല സ്ഥിരമായി പഠിച്ച് മത്സരത്തിന് പോകുന്നതിനോട് എനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ല. എന്നാല്‍ യുവജനോത്സവത്തിനായി മാത്രം കല അഭ്യസിക്കുന്നത് ആ കല അറിയുന്നതിന്റെ പൂര്‍ണതയിലെത്തില്ല.

മത്സരം തീരുമ്പോള്‍ ഇല്ലാതാകുന്ന കഥകളി പഠനം

യുവജനോത്സവത്തില്‍ കഥകളിക്ക് ഒരു പതിനഞ്ചുപേര്‍ മത്സരിച്ചാല്‍ അതില്‍ ഒരു അഞ്ച് പേര്‍ മാത്രമേ കഥകളി ഗൗരവമായിക്കണ്ട് ഉപരിപഠനത്തിന് പോകാറുള്ളു. അതിനപ്പുറത്തേക്ക് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല. ചിലര്‍ പത്താംക്ലാസ് ആവുമ്പോള്‍ മാത്രം പഠിക്കുന്നവരുണ്ട്. ചിലര്‍ മൂന്നും നാലും വര്‍ഷം ഒരേ ഇനംതന്നെ അവതരിപ്പിക്കുന്നവരുണ്ട്. മത്സരത്തെ മത്സരമായി അത് കഴിഞ്ഞാല്‍ നിര്‍ത്തി പോകുന്നവരാണ് കൂടുതലും. അത് കഴിഞ്ഞാല്‍ കഥകളിയെ ആര്‍ട്ട് എന്ന രീതിയില്‍ തുടരുന്നവര്‍ വളരെ ചുരുക്കമാണ്.

സമയമെടുത്ത് ചെയ്യുന്ന കല എന്ന പരിമിതി

മത്സരത്തിനായി ഒരു ചെറിയ ഭാഗംമാത്രം പഠിക്കുന്നതാണ് കണ്ടുവരുന്ന പ്രവണത. ചിലരെങ്കിലും അതിനെ ആഴത്തില്‍ പഠിക്കും. അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കി ചെയ്യുന്നവരും ഉണ്ട്. കല പഠിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് എങ്കിലും എല്ലാവരേയും ഒരേ പോലെ സ്വീകരിക്കുക എന്നതാണ് അധ്യാപകര്‍ ചെയ്യുന്നത്.

കഥകളിയുടെ നിലനില്‍പ്പ്

കലോത്സവ വേദികളില്‍ കഥകളി, കൂടിയാട്ടം തുടങ്ങിയ കലകള്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ആ കലയുടെ നിലനില്‍പ്പിനെ വളരെയധികം സഹായിക്കുന്നുണ്ട്. ഒരു കല പഠിക്കുമ്പോള്‍ ഒരാളിലുണ്ടാകുന്നത് സന്തോഷമാണ്. അതുതന്നെയാണ് കലയിലെ പ്രധാന ഫാക്ടറും. കലോത്സവമില്ലെങ്കില്‍ ഒരു പക്ഷേ ഒരു കുട്ടി ഒരു കലയെക്കുറിച്ച് അറിയാന്‍ ഇടയുണ്ടാകുന്നില്ല. ഒരു ജില്ലയില്‍നിന്ന് നാലോ അഞ്ചോ കുട്ടികള്‍ ഒരു കലയില്‍ പങ്കെടുക്കുമ്പോള്‍ അത്രയും വീടുകളിലേക്കും ആളുകളിലേക്കും ആ കല എത്തിച്ചേരുകയാണ്, അങ്ങനെ കലയുടെ വ്യാപനത്തിന് ഒരു തരത്തില്‍ ഇതെല്ലാം ഗുണം ചെയ്യുന്നു.

കഥകളി മത്സരാര്‍ത്ഥികളോട്;

അവതരിപ്പിക്കുന്ന കല വലുതോ ചെറുതോ എത്ര ദൈര്‍ഘ്യമുള്ളതോ ആകട്ടെ, എന്ത് കഥാപാത്രമാണ് ചെയ്യുന്നത് എന്നുള്ള ഉത്തമബോധ്യവും അതിന്റെ ഒരു മാനസികാവസ്ഥയും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ കലയും അത് അവതരിപ്പിക്കുന്ന കലാകാരനും വലിയ പോസിറ്റീവ് എനര്‍ജിയാണ് ഉണ്ടാവുക. ഇന്നത്തെ കുട്ടികള്‍ വളരെ കഴിവുറ്റവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകും. എന്താണോ അഭിനയിക്കുന്നത്, ചെയ്യുന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ട് അതിനോട് നീതി പുലര്‍ത്തി കഴിവിന്റെ പരമാവധി പുറത്തെടുക്കുക. അധ്യാപകന്റെ കഴിവും പുറത്തെടുക്കാന്‍ കല അഭ്യസിക്കുന്നവര്‍ക്ക് കഴിയുന്നു.
മത്സരം എന്നത് നമുക്ക് സന്തോഷമുണ്ടാകാനുള്ള ഒരു കാര്യമായിരിക്കണം. സമ്മാനം കിട്ടുമോ ഇല്ലയോ എന്നതിനേക്കാള്‍ വലിയ ഒരു കാര്യം മനസ്സിലുണ്ടാകണം. ഓരോ മത്സരങ്ങളും കലാകാരന്റെ മാറ്റ് കൂട്ടുകയേയുള്ളു. എല്ലാവരും കലയെ സ്‌നേഹിക്കണം, കിട്ടുന്ന സമ്മാനത്തെ ആവരുത് സ്‌നേഹിക്കുന്നത്.

കാലഘട്ടത്തിന്റെ / തലമുറകളുടെ മാറ്റം

പഴയ കാലഘട്ടത്തിലേക്കാള്‍ അവസരം ഇന്നുണ്ട്. പണ്ട് ഇത്രയധികം പരിപാടികളൊന്നും ഇല്ലായിരുന്നു. കലാരംഗത്ത് ഇന്ന് ഒരുപാട് ചെറുപ്പക്കാരുണ്ട്. അത് വളരെ പോസിറ്റീവായ കാര്യമാണ്. സോഷ്യല്‍മീഡിയ വലിയ ഗുണം ചെയ്യുന്നു. ചെറിയ കുട്ടികള്‍ക്ക് പോലും അവരുടെ കലാപരമായ കഴിവ് പുറത്തെടുക്കാനുള്ള അവസരങ്ങളുണ്ട്. മത്സരാര്‍ഥികളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ട്. കലോത്സവത്തിന് ഒരിനത്തിന് ഒരു ജില്ലയില്‍ നിരവധിപേരായിരുന്നു പങ്കെടുത്തിരുന്നത്. ഇപ്പോള്‍ ഒരു ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേര്‍ വരുന്നു. പുതിയ തലമുറയിലെ ആളുകള്‍ക്ക് എത്താന്‍ ഒരുപാട് വേദികളുണ്ട്. കലയെ സ്‌നേഹിക്കുക, സമ്മാനത്തെയല്ല.


തയ്യാറാക്കിയത്-ശ്രീഷ്മ എറിയാട്ട്

Content Highlights: kerala state youth festival 2023, kathakali, adv renjni suresh, kathakali artist, kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented