അലക്സ് | Photo: CH Shaheer
ചവിട്ടുനാടകമെന്നാല് അലക്സിന് ചങ്കും കരളുമാണ്. പൂര്‍വികര്‍ അനുഗ്രഹിച്ച് തന്ന പാരമ്പര്യകലയെ ചേര്‍ത്തുനിര്‍ത്തി യാത്ര തുടരുകയാണ് ശിഷ്യന്മാരുടെ ഈ പ്രിയപ്പെട്ട ആശാന്. ഒന്നും രണ്ടുമല്ല ആറുടീമുകളാണ് അലക്സ് താഴുപ്പാടത്തിന്റെ കീഴില്‍ ഇക്കുറി സംസ്ഥാന കലോത്സവത്സവത്തില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്.
ചവിട്ടുനാടകങ്ങള്‍ അന്യംനിന്ന് പോവുന്നുവെന്ന് കണ്ട്, സ്കൂള്‍ യുവജനോത്സവത്തില്‍ ഈ കലാരൂപത്തെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് അലക്സ് പ്രതിഷേധ ചവിട്ടുനാടകം നടത്തിയിരുന്നു. 2010-ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ പരിസരത്തായിരുന്നു അഞ്ചു വയസ്സുകാരന് മകനേയും കൂട്ടി അലക്സ് പ്രതിഷേധ ചവിട്ടുനാടകം നടത്തിയത്.
കോഴിക്കോട്ട് വീണ്ടും സ്കൂള്‍ കലോത്സവമെത്തുമ്പോള്‍ അലക്സിനൊപ്പം വിവിധ ജില്ലകളില്‍നിന്നുള്ള ആറ് ടീമുകളുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍നിന്ന് രണ്ട് ടീമുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍നിന്ന് നാല് ടീമുകളുമാണ് ഇക്കുറി കോഴിക്കോടെത്തിയത്.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയില്‍ ഒതുങ്ങിനിന്നിരുന്ന ചവിട്ടുനാടകം ഇന്ന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് ജില്ലവരെയുള്ള സ്ഥലങ്ങളിലെ സ്കൂളുകളില്‍ നിന്ന് മത്സരവുമായെത്തുന്നുണ്ട്. പക്ഷേ ഇത് സ്കൂള്‍ കലോത്സവങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുന്നുവെന്ന് അലക്സ് ചൂണ്ടിക്കാട്ടുന്നു.
നാല്-അഞ്ച് മണിക്കൂര്‍ കൊണ്ടു കളിച്ച് തീര്‍ക്കുമായിരുന്ന ചവിട്ട് നാടകമാണ് ഇരുപതും ഇരുപത്തിയഞ്ചും മിനിറ്റിലേക്ക് ചുരുങ്ങിയത്. അതുതന്നെ സ്കൂള്‍ കലോത്സവത്തിലേക്ക് വേണ്ടി പഠിക്കുന്ന തരത്തിലേക്കും മാത്രമായി.
1980 മുതല്‍ ചവിട്ടുനാടക കലാകാരനാണ് അലക്സ്. നാടകത്തിലേക്ക് പാട്ടുപാടി റെക്കോര്‍ഡ് ചെയ്യുന്നതും ഇദ്ദേഹം തന്നെയാണ്. വേഷം, ചുവട് ഇതിനെല്ലാം പ്രാധാന്യം നല്കി കഥ പറയുന്ന രീതിയാണ് ചവിട്ടുനാടകത്തിന്റേത്. മുന്‍കാലങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികളിലെ പരിപാടികളിലെങ്കിലും ചവിട്ടുനാടകം കളിച്ചിരുന്നു. എന്നാല്‍ ഇന്ന് അതു പോലുമില്ലാതായെന്ന് പറയുന്നു, അലക്സ് താഴുപ്പാടത്ത്. വൈപ്പിന്‍ സ്വദേശിയാണ് ഇദ്ദേഹം.
Content Highlights: kerala school kalolsavam chavittu nadakam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..