പാലിയം ഗവ.ഹയർസെക്കൻഡറി സ്കൂൾ (Photo: ജെ ബിന്ദുരാജ്)
ആദ്യമായി തീവണ്ടിയില്‍ കയറിയത് കോഴിക്കോട്ട് പോവാനായിരുന്നു. 1976 ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയപാലന് മാഷുടെ കൈ പിടിച്ച് ഒരു അഞ്ചാം ക്ലാസ്സുകാരന്റെ വടക്കന്‍ യാത്ര. ആലുവയില്‍നിന്നുള്ള ആ യാത്ര സംസ്ഥാന യുവജനോത്സവ വേദിയിലേക്കായിരുന്നു. വടക്കന്‍ പറവൂരിലെ ചേന്ദമംഗലത്തുനിന്നു തലേന്ന് വൈകീട്ട് തന്നെ ജയപാലന് മാഷ് എന്നെയും കൂട്ടി ആലുവ ഗേള്‍സ് ഹൈസ്കൂളിലെത്തി. ആലുവ വിദ്യാഭ്യാസ ജില്ലയില്‍നിന്നു സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യാനായിരുന്നു തീരുമാനം. അധികം പേരൊന്നുമില്ല. പത്തോ പതിനഞ്ചോ പേര്. ടൂത്ത്പേസ്റ്റും ബ്രഷും വാങ്ങിയതായിരുന്നു വലിയൊരു സംഗതി. അതുവരെ പല്ലു തേച്ചുകൊണ്ടിരുന്ന ഉമിക്കരി പെട്ടെന്ന് കളരിക്ക് പുറത്തായി.
കഥാപ്രസംഗമായിരുന്നു തട്ടകം. ഇടവകയായ കൂട്ടുകാട് പള്ളിയില്‍ ആയിടെ ഒരച്ചന് വന്ന് കഥാപ്രസംഗം പറഞ്ഞു. പള്ളിപ്പെരുന്നാളിനായിരുന്നു സംഭവം. കഥ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'. വ്യഭിചാരത്തിന്റെ പേരില്‍ മഗ്ദലന മറിയത്തെ കല്ലെറിയാന്‍ എത്തിയവരോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ക്രിസ്തു പറഞ്ഞതായിരുന്നു കഥയുടെ ആധാരശില. അച്ചന്റെ കഥാപ്രസംഗം തലയ്ക്കു പിടിച്ചതോടെ സംഗതി ആദ്യം വീട്ടില്‍ അവതരിപ്പിച്ചു. അമ്മയും ചേച്ചിമാരും ഉത്സാഹകമ്മിറ്റിയായപ്പോള് ആത്മവിശ്വാസം കത്തിക്കയറി. അങ്ങിനെയാണ് ചേന്ദമംഗലം സര്‍ക്കാര്‍ ഹൈസ്കൂളില്‍ യുവജനോത്സവത്തിന് കഥാപ്രസംഗം മത്സരത്തില്‍ ചേര്‍ന്നത്. പിന്നണിയൊന്നുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ആയുധം ഒരു ചംപ്ലാംകട്ടയായിരുന്നു. അതും പിടിച്ച് ഒരു പയ്യന് കഥ പറഞ്ഞതുകൊണ്ടാവണം പത്താംക്ലാസ്സുകാര്‍ അടക്കമുള്ള സകല മുതിര്‍ന്നവരേയും പിന്തള്ളി പയ്യന് തന്നെ ഒന്നാംസ്ഥാനം നല്കാന് വിധികര്‍ത്താക്കള്‍ തീരുമാനിച്ചത്.
സ്കൂള്‍തലത്തില്‍ ഒന്നാം സമ്മാനം നേടിയവര്‍ക്ക് ജില്ലാതലത്തില്‍ കലോത്സവമുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. പെരുമ്പാവൂരിലെ ഒരു സ്കൂളിലായിരുന്നു ജില്ലാ കലോത്സവം. അവിടെയും വിധികര്‍ത്താക്കള്‍ ദയാലുക്കളായിരുന്നു. ഫലം ഒന്നാം സമ്മാനം തന്നെ. അങ്ങനെയാണ് കോഴിക്കോടന്‍ യാത്ര തരപ്പെട്ടത്. ആദ്യമായാണ് ഒരു 'വിദേശ'യാത്ര. എറണാകുളം പട്ടണത്തിലേക്കു തന്നെ അതിനു മുമ്പ് പോയിട്ടുള്ളതായി ഓര്‍മ്മയില്ല. പുതിയ വസ്ത്രങ്ങള്‍, പെട്ടി , ചെരിപ്പ്.. മൊത്തത്തില്‍ ജഗപൊകയായിരുന്നു. ഹൈസ്കൂളില്‍ മലയാളം അധ്യാപകനായ ജയപാലന് സാറിനെയാണ് അന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്ന ഇന്ദുമതി തമ്പാട്ടി എന്റെ ചുമതലയേല്പിച്ചത്. ടീച്ചറുടെ മകളും അക്കുറി കലോത്സവത്തിനുണ്ടായിരുന്നു. മോഹിനിയാട്ടത്തില്‍ ആലുവ വിദ്യാഭ്യാസ ജില്ലയില്‍ അവര്‍ക്കായിരുന്നു ഒന്നാം സ്ഥാനം. ഇപ്പോള്‍ ഫ്രീലാന്‍സ് ചെയ്യുന്ന പത്രപ്രവര്ത്തകന് ബിന്ദുരാജിന്റെ അച്ഛനാണ് ജയപാലന് സാര്‍.ജയപാലന് സാര്‍ അടുത്തിടെ വിടപറഞ്ഞു.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ജയപാലന് മാഷിനും മറ്റുള്ളവര്‍ക്കുമൊപ്പം തീവണ്ടി കയറിയത് ചെറിയൊരോര്മ്മയേയുള്ളു. പക്ഷേ, കോഴിക്കോട്ട് വണ്ടിയിറങ്ങിയത് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ഇന്നത്തെപ്പോലെ ഡീസലോ വൈദ്യുതിയോ അല്ല കല്‍ക്കരിയായിരുന്നു അന്ന് തീവണ്ടിയുടെ ഇന്ധനം. അതുകൊണ്ടുതന്നെ തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പുത്തന്‍ വെള്ള ഷര്‍ട്ട് കരിപിടിച്ച് കറുത്തുപോയിരുന്നു. എങ്കിലും ആദ്യ തീവണ്ടിയാത്രയുടെ ആഹ്ളാദത്തില്‍ ഒരു ഷര്‍ട്ടിന്റെ വിലാപം മുങ്ങിപ്പോയി.
കോഴിക്കോട്ട് ചാലപ്പുറത്തുള്ള ഗണപത് ഹൈസ്കൂളിലായിരുന്നു താമസം. കോഴിക്കോട്ട് ബന്ധുക്കളുള്ള ചുരുക്കം പേരൊഴിച്ചാല്‍ ബാക്കി എല്ലാവരും സ്കൂളിലെ മുറികളില്‍ തന്നെയുണ്ടായിരുന്നു. പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ മാത്യുവായിരുന്നു എന്റെ കൂടെ മുറിയിലുണ്ടായിരുന്ന മറ്റൊരാള്‍. മാത്യു അന്ന് എട്ടിലോ ഒമ്പതിലോ പഠിക്കുകയായിരുന്നുവെന്നാണോര്മ. യുവജനോത്സവ വേദികളിലൂടെയുള്ള കറക്കത്തില്‍ മിക്കവാറും മാത്യുവാണ് കൂടെയുണ്ടായിരുന്നത്.
മത്സരത്തിന്റെ ഒരു ടെന്‍ഷനും അന്നുണ്ടായിരുന്നില്ല. പിന്നണിയൊന്നുമില്ലാതെ ഏകനായി തന്നെ കഥ പറയാനാണ് കോഴിക്കോട്ടുെമത്തിയത്. പക്ഷേ, സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നെത്തിയ എല്ലാവര്ക്കും തന്നെ പിന്നണിയുണ്ടെന്ന് ജയപാലന് മാഷാണ് പറഞ്ഞത്. പിന്നണിക്കാരെ എങ്ങിനെ സംഘടിപ്പിക്കുമെന്നായി പിന്നത്തെ ആലോചന. മലയാറ്റൂരിലെ ഒരു സ്കൂളില്‍ നിന്നും കഥ പറയാന്‍ ഒരു ചേച്ചിയെത്തിയിരുന്നു. പിന്നണിയില്ലാതെ വിഷമിച്ച എനിക്ക് പിന്നണി തരാമെന്ന് പറഞ്ഞത് അവരാണ്. അങ്ങിനെ അവരുടെ കൂടെ വന്ന ഹാര്‍മ്മോണിസ്റ്റും തബലിസ്റ്റും എനിക്കു വേണ്ടിക്കൂടി വായിച്ചു. ഇവര്‍ക്കൊപ്പം ധൃതി പിടിച്ചു നടത്തിയ ഒരു റിഹേഴ്സലിന്റെ പിന്‍ബലത്തിലാണ് സംസ്ഥാന യുവജനോത്സവ വേദിയില്‍ കഥ പറയാന്‍ കയറിയത്. ഏതു സ്കൂളിലായിരുന്നു മത്സരവേദിയെന്നോര്മ്മയില്ല. കഥാപ്രസംഗവേദിയില്‍ മത്സരിക്കാനെത്തിയ ഒരേയൊരു അഞ്ചാം ക്ലാസ്സുകാരനായതു കൊണ്ടാണോയെന്നറിയില്ല, പ്രേക്ഷകര്‍ ഒന്നടങ്കം ഉഗ്രന്‍ പ്രോത്സാഹനമായിരുന്നു. കഥ പറഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മലയാറ്റൂര്‍ നിന്നെത്തിയ എതിരാളി കൂടിയായ ചേച്ചി വന്ന് കൈപിടിച്ച് കുലുക്കിയത് ഇന്നും മന്നിട്ടില്ല.
മാത്യുവിനൊപ്പം നാടകവേദിക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് മത്സരഫലം വന്നത്. കഥാപ്രസംഗത്തിന്റെ ഫലമാണ് പറയാന്‍ പോവുന്നതെന്ന് മാത്യു പറഞ്ഞപ്പോഴും ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഫലത്തെക്കുറിച്ചൊന്നും അത്രകണ്ട് ആലോച്ചിച്ചിരുന്നില്ലെന്നതാണ് വാസ്തവം. 'ടേയ് ഒന്നാം സമ്മാനം നിനക്കാണ്' എന്ന് മാത്യു പറഞ്ഞത് ശരിക്കുമങ്ങോട്ട് വിശ്വസിക്കാനായില്ല. പിന്നെ മാത്യു എന്റെ കൈയ്യും പിടിച്ച് ഞങ്ങള്‍ താമസിക്കുന്ന ഗണപത് ഹൈസ്കൂളിലേക്കൊരോട്ടമായിരുന്നു. അവിടെയെത്തിയപ്പോഴേക്കും കൂടെ വന്നിരുന്നവരെല്ലാം തന്നെ കാര്യമറിഞ്ഞ് വലിയ സന്തോഷത്തിലായിരുന്നു. ജയപാലന് സാര്‍ എന്ന കണ്ടയുടനെ എടുത്തു പൊക്കി. എല്ലാവരും ഓടി വന്ന് അഭിനന്ദിച്ചു. വീട്ടുകാരെ സംഗതി അറിയിക്കാന്‍ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല. ആരും അതെക്കുറിച്ച് ഒട്ടും വേവലാതിപ്പെട്ടുമില്ല. വേവലാതിപ്പെട്ടിട്ട് കാര്യമൊട്ടുണ്ടായിരുന്നുമില്ല. അടുത്ത ദിവസം പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരും സ്കൂളിലുള്ളവരുമൊക്കെ സംഭവമറിഞ്ഞത്.
ആഭ്യന്തരമന്ത്രി കെ.കരുണാകരനാണ് സമ്മാനം നല്‍കാനെത്തിയത്. വലിയൊരു കപ്പ് മന്ത്രി സമ്മാനിച്ചപ്പോള്‍ അത് കൈയില്‍ നിന്നും താഴെ വീഴാതിരുന്നത് ജയപാലന് മാഷ് ഒരു കൈ സഹായം തന്നതുകൊണ്ടാണ്. കപ്പിലായിരുന്നില്ല പക്ഷേ, എന്റെ നോട്ടമത്രയും. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് അന്ന് 300 രൂപയായിരുന്നു ക്യാഷ് പ്രൈസ്. ആ കവര്‍ ഏറ്റുവാങ്ങിയത് അങ്ങേയറ്റം ആവേശത്തോടെയാണ്. നാട്ടിലെത്തിയ ശേഷം കവറും ട്രോഫിയും സ്കൂളില്‍ ഹെഡ്മിസ്ട്രസിന് നല്കി. സ്കൂള്‍ അസംബ്ളിയില്‍ വെച്ച് ഹെഡ്മിസ്ട്രസ് വീണ്ടും ആ സമ്മാനങ്ങള്‍ കൈമാറി. അതു കഴിഞ്ഞ് അപ്പനെ വിളിച്ചു വരുത്തി കാഷ്പ്രൈസ് നല്‍കിയശേഷം പണം കരുതലോടെ ഉപയോഗിക്കണമെന്ന് പറഞ്ഞു. അപ്പന് നേരെ പോയി ഒരു പവന്റെ സ്വര്‍ണ്ണമാല വാങ്ങി എന്റെ കഴുത്തിലിട്ടു. അന്ന് ഒരു പവന് മൂന്നുറു രൂപയായിരുന്നു വില. ആ മാല ഏകദേശം സ്കൂള്‍ ജീവിതം കഴിയുന്നതുവരെ കഴുത്തിലുണ്ടായിരുന്നു.ട്രോഫി ഇപ്പോഴും സ്കൂളിലുണ്ടോയെന്നറിയില്ല. ഇനിയൊരിക്കല്‍ സ്കൂളില്‍ പോവുമ്പോള്‍ സംഗതി ഒന്നന്വേഷിക്കണം.
അക്കുറി ആലുവ വിദ്യാഭ്യാസ ജില്ലയില്‍ ഒരേയൊരു ഒന്നാം സമ്മാനമേയുണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ ഒരു പാട് സ്കൂളുകളില്‍ ക്ഷണിച്ചു വരുത്തി അനുമോദിച്ചു. എല്ലായിടത്തും ഒപ്പം വന്നത് ജയപാലന് മാഷായിരുന്നു. തൊട്ടടുത്ത വര്‍ഷം ജില്ലാ കലോത്സവത്തിന് പോയെങ്കിലും രണ്ടാം സ്ഥാനമേ കിട്ടിയുള്ളു. പക്ഷേ, പത്താം ക്ലാസ്സു കഴിയുന്നതു വരെ സ്കൂളില്‍ കഥാപ്രസംഗത്തിന് മറ്റൊരാള്‍ക്ക് ഒന്നാം സമ്മാനം കൊടുക്കാന്‍ അദ്ധ്യാപകരായ വിധികര്‍ത്താക്കള്‍ മടിച്ചു. കോളേജിലേക്കെത്തിയപ്പോള്‍ കഥാപ്രസംഗം വിട്ട് പ്രസംഗത്തിലേക്ക് വഴിമാറി. സര്‍വ്വകലാശാല തലത്തില്‍ പല തവണ ഡിബേറ്റിനും പ്രസംഗത്തിനും സമ്മാനം നേടുകയും ചെയ്തു. പക്ഷേ, 1976 ലെ ആ കോഴിക്കോടന്‍ സമ്മാനത്തെ കവച്ചുവെയ്ക്കുന്ന മറ്റൊന്ന് ഇതുവരെ ജീവിതത്തിലുണ്ടായില്ല. അന്ന് കൂടെ പഠിച്ചിരുന്ന ചങ്ങാതിമാരെ ഓര്‍ക്കാതെ ഈ കുറിപ്പവസാനിപ്പിക്കാനാവില്ല. ഏതെങ്കിലുമൊരു അദ്ധ്യാപകനോ അദ്ധ്യാപികയോ അവധിയായാല്‍ അവര്‍ക്കു പകരം വരുന്ന ടീച്ചര്‍ ആദ്യം പറയുക ''ശരി , ജോണി ആ കഥാപ്രസംഗമൊന്നു പറയൂ'' എന്നായിരുന്നു. അങ്ങിനെ ഒരു നൂറു വട്ടമെങ്കിലും ഒരേ കഥ തന്നെ കേള്‍ക്കാന്‍ നിര്‍ബ്ബന്ധിതരായ അവരുടെ ക്ഷമയായിരുന്നു ക്ഷമ.
Content Highlights: In Remembrance of a Kozhikodan Prize, kerala state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..