മടിക്കൈ ടീമിലെ കുട്ടികളും പരിശീലകരും
നിങ്ങളെ ആരാ പൂരക്കളി പഠിപ്പിച്ചത്? ഞങ്ങടെ സീനിയര്‍ ഏട്ടന്മാര്... മാറി നില്ക്കുന്ന ചെറുപ്പക്കാരെ നോക്കി കാസര്‍കോട് മടിക്കൈ ടീമിലെ കുട്ടികള്‍ പറഞ്ഞു. അപ്പോ അവരെ ആരാ പഠിപ്പിച്ചത് ? അത് അവരുടെ സീനിയര്‍ ഏട്ടന്മാര്... ഇത് കാസര്‍ഗോഡ് ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. ടീമിലെ കുട്ടികളാണ് നാടും നാട്ടാരും ചേര്‍ന്ന് പൂരക്കളി പഠിപ്പിച്ച് കോഴിക്കോട്ടേക്ക് പറഞ്ഞയച്ച കഥ പറയുന്നത്.
'ഞങ്ങളുടെ നാട്ടിലെ പോളിടെക്നിക്കിലെ ഏട്ടന്മാര് കളിച്ച പൂരക്കളിയാണ് ഞങ്ങള്‍ കളിച്ചത്. അവരാണ് ഞങ്ങളെ പഠിപ്പിച്ചത്. ഈ വര്‍ഷം പുതിയ ഒന്നാണ് ഞങ്ങള്‍ തയ്യാറാക്കിയത്', ടീമിനെ പഠിപ്പിച്ച കുട്ടിമാഷുമാരില് ഒരാളായി ജിനദേവ് പറയുന്നു. 'ഞങ്ങള്‍ കാസര്‍കോട്ടുകാര്‍ക്ക് ഇത് പുതിയ കാര്യമല്ല. പുരക്കളി ഞങ്ങളുടെ നാടിന്റെ സ്വന്തം കലയാണ്. ഞങ്ങളിതൊക്കെ കണ്ടാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ വലിയ പുതുമ ഇല്ല, സംശയങ്ങള്‍ വന്നാല്‍ നാട്ടില്‍ പൂരക്കളി ചെയ്യുന്ന ചേട്ടന്മാര് പറഞ്ഞുതരും. എന്നിട്ടും സംശയമുണ്ടെങ്കില്‍ അമ്പലക്കാരോട് ചോദിക്കും. എല്ലാര്ക്കും പറഞ്ഞ് തരാന്‍ വലിയ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ വല്ലാത്തൊരു ആവേശമാണ്', ജിനദേവ് കൂട്ടിചേര്‍ത്തു.
'സ്കൂളില്‍ നിന്ന് നല്ല സഹായമാണ്. കപ്പുമായി വന്നോളൂ ഞങ്ങള്‍ കൂടെയുണ്ടെന്നാണ് അവര്‍ പറയുന്നത്. മത്സരാര്‍ഥികളിലൊരാളായ ശിവാനന്ദ് പറയുന്നു. ഞാന്‍ അമ്പലത്തില്‍ പൂരക്കളി അവതരിപ്പിക്കുന്ന ആളാണ്. ഇവരില്‍ ഭൂരിഭാഗം പേരും ഇതുപോലെ പൂരക്കളിയില്‍ പങ്കെടുക്കുന്നവരാണ്. ഞങ്ങള്‍ക്കിത് ജീവശ്വാസമാണ്', കുട്ടിമാഷുമാരില് ഒരാളായ ആദര്‍ശ് പറയുന്നു. ഇതേ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു ആദര്‍ശ് ആറുവര്‍ഷത്തോളമായി ജി.വി.എച്ച്.എസ്.എസിന് വേണ്ടി പൂരക്കളി പഠിപ്പിക്കാന്‍ രംഗത്തുണ്ട്.
കഴിഞ്ഞ് രണ്ടുവട്ടവും ജില്ലാ തലത്തില്‍ എ ഗ്രേഡ് നേടിയെങ്കിലും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരുന്നില്ല. ഈ വട്ടം അപ്പീലിലൂടെയാണ് യോഗ്യത നേടിയിരിക്കുന്നത്. 'നല്ല ഗ്രേഡ് നേടുമെന്ന് ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട്. കാരണം ഇതിന് പിന്നില്‍ ഞങ്ങളുടെ കഠിനാധ്വാനമുണ്ട്. സ്കൂളില്‍ നിന്നിറങ്ങിയാലും പൂരക്കളി പഠിപ്പിക്കാന്‍ വീണ്ടും സ്കൂളിലേക്ക് എത്തും. ഞങ്ങള്‍ക്ക് പിറകേയുള്ളവരും ഈ രീതി തെറ്റിക്കില്ലെന്നാണ് വിശ്വാസം', പൂരക്കളി സംഘം ഒരേ സ്വരത്തില്‍ പറഞ്ഞു.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: Poorakkali, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..