മത്സരാർഥികളെ പ്രോത്സാഹിപ്പിക്കുന്ന ജയേട്ടൻ | ഫോട്ടോ: ആകാശ് എസ്. മനോജ്/ മാതൃഭൂമി
കാണികള്‍ വന്നുപോയുമിരുന്ന പഞ്ചവാദ്യം സദസ്സിനെ നിമിഷനേരങ്ങള്‍ക്കുള്ളില്‍ മേളക്കൊഴുപ്പിന്റെ ആവേശത്തിലേക്കെത്തിച്ച ഒരു മനുഷ്യന് ഉണ്ട്. ജയചന്ദ്രന് ദേശമംഗലം. കുട്ടികളുടെ സ്വന്തം 'ജയേട്ടന്'. ഹയര്‍ സെക്കന്‍ഡറി വിഭാഗം പഞ്ചവാദ്യ മത്സരത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ചെത്തിയ ദേശമംഗലം ഗവണ്മെന്റ് സ്കൂളിന്റെ ടീം കോര്‍ഡിനേറ്റര്‍ ആണ് ഇദ്ദേഹം.
കുട്ടികള്‍ സ്റ്റേജില്‍ കയറിയതിന്റെ തൊട്ടുപുറകെ സദസ്സിന്റെ ഇടതുഭാഗത്ത് വന്നിരുന്ന ജയേട്ടന് കസേരയില്‍ ഇരിപ്പുറപ്പിച്ചിട്ടില്ല. 20 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ അത്യാവേശത്തോടെ താളം പിടിച്ചുതുടങ്ങിയതാണ് കക്ഷി. വേദിയില്‍ കുട്ടികള്‍ താളമൊന്നുപോലും പിഴക്കാതെ മദ്ദളവും തിമിലയും ഇലത്താളവും ഇടയ്ക്കയും കൊമ്പും ജയേട്ടന്റെ മനസ്സു നിറയുവോളം കൊട്ടിത്തകര്‍ത്തു. കൊട്ടി വിയര്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം താളം പിടിച്ച് വിയര്‍ത്തത് ആളറിഞ്ഞുകാണില്ല.
ജയേട്ടനെ കണ്ടുനിന്ന കാണികള്‍ക്ക് തുടക്കത്തില്‍ കൗതുകമായിരുന്നു. പക്ഷേ കൗതുകം അധികനേരം നീണ്ടുനിന്നില്ല. അവരും ഒപ്പംകൂടി. അന്തരീക്ഷത്തിലേക്ക് കൈകളുയര്‍ത്തി അവരും താളമേറ്റുപിടിക്കാന് തുടങ്ങി. ഇതിനിടയില്‍ സ്റ്റേജില്‍ നിന്നും ക്യാമറകളുടെ ഫോക്കസ് പോയിന്റ് പോലും ജയേട്ടനിലേക്ക് ചുവടുമാറി. ജയേട്ടനൊപ്പം അതുവരെ നിര്‍ജ്ജീവമായിരുന്ന സദസ്സും ഉണര്‍ന്നു.
.jpg?$p=9815a1a&&q=0.8)
മത്സരം കഴിഞ്ഞു കുട്ടികളിറങ്ങിയതും ചുമലില്‍ കിടന്ന തോര്‍ത്തുകൊണ്ടു വിയര്‍പ്പ് ഒപ്പി കക്ഷി ബാക്ക് സ്റ്റേജിലേക്ക് ഓടി. ഇറങ്ങി വന്ന മക്കളില്‍ ഒരാളെപ്പോലും വിടാതെ വാരിപ്പുണര്‍ന്നു. 'ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞങ്ങള്‍ ഇവിടം വരെ എത്തിയത്. ഹാട്രിക് വിജയമാണ് എന്റെ മക്കള്‍ക്ക്. ഒരു പിഴവും കൂടാതെയാണ് അവര്‍ കൊട്ടിയത്. കണ്ണ് നിറഞ്ഞു', തൊണ്ടയിടറി ജയേട്ടന് പറഞ്ഞു.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: Panchavadyam, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..