യദുകൃഷ്ണന് മുത്തംനൽകുന്ന അമ്മ കെ.പി. വിനീത
പ്ലസ്ടു ക്ലാസിലെ അര്‍ത്ഥന, ക്ലാസായ ക്ലാസെല്ലാം കയറിയിറങ്ങി നടത്തിയ അന്വേഷണം മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നല്‍കിയത് നാടോടിനൃത്തത്തില്‍ എ ഗ്രേഡ്. തെളിഞ്ഞുവന്നത് യദുകൃഷ്ണന് എന്ന പൊന്മുത്തും. ഫ്ളാഷ് ബാക്ക് ഇങ്ങനെ: മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ സ്കൂള്‍തല കലോത്സവം നടക്കുന്നു. അര്‍ത്ഥനയായിരുന്നു യെല്ലോ ഹൗസിന്റെ സാരഥികളിലൊരാള്‍.
ഹൗസിന് പോയന്റുകൂട്ടാന് കൊണ്ടുപിടിച്ച ശ്രമത്തിലാണ് അര്‍ത്ഥനയും കൂട്ടരും. ആണ്‍കുട്ടികളുടെ നൃത്തത്തില്‍ മത്സരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ അതൊരു നേട്ടമായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. അന്വേഷണത്തിനൊടുവിലാണ് സംഘം യദുകൃഷ്ണനെ കണ്ടെത്തുന്നത്. മൂന്നാംക്ലാസില്‍ നൃത്തംപഠിച്ചുതുടങ്ങിയ യദു അഞ്ചാംക്ലാസില്‍ നൃത്തപഠനം അവസാനിപ്പിച്ച കഥ അവര്‍കേട്ടു. ഒപ്പം ഒരമ്മയുടെ പോരാട്ടത്തിന്റെയും.
യദുവിന് നാലാംവയസ്സുള്ളപ്പോഴാണ് അച്ഛന് പേരാവൂര്‍ കല്ലന്‍പറമ്പില്‍ വീട്ടില്‍ രമേശ് മരിക്കുന്നത്. ഒന്നരവയസ്സുള്ള മകള്‍ അളകനന്ദയെയുംകൊണ്ട് അമ്മ കെ.പി. വിനീത ജീവിതത്തിനു മുന്നില്‍ പകച്ചുനിന്നു. അടുപ്പ് പുകയോണോ മകന്റെ നൃത്തം തുടരണോയെന്ന ചോദ്യം തനിയെ ചോദിച്ചു. നൃത്തം അവസാനിപ്പിക്കുകമാത്രമായിരുന്നു ഏകമാര്‍ഗം. വിനീത വീടുകളില്‍ ജോലിക്കുപോയി മക്കളുടെ അന്നവും അറിവും മുറിയാതെ കാത്തു. പഠിച്ച നൃത്തച്ചുവടുകള്‍ മനസ്സിലിട്ട് യദു പ്ലസ് വണ്ണിലെത്തിയപ്പോഴാണ് അര്‍ത്ഥനയുടെ മത്സരിക്കാമോയെന്ന ചോദ്യമെത്തിയത്.
അധ്യാപകരും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി യദുവിനു പിന്നില്നിരന്നു. സ്വതവേ ചെലവു കുറഞ്ഞ നാടോടിനൃത്തംതന്നെ പ്രധാന ഇനമായി യദുവിനെ പഠിപ്പിച്ചു. പ്രിയേഷ് മണത്തണയാണ് മറന്നുവെച്ച ചുവടുകള്‍ കൃത്യമാക്കിയത്. ഉപജില്ലയിലും ജില്ലയിലും യദു ഒന്നാമതെത്തി.
സംസ്ഥാനത്ത് എ ഗ്രേഡും നേടിയപ്പോള്‍ ചേര്‍ത്തുനിര്‍ത്തി നെറുകയിലുമ്മ നല്കി അമ്മ വിനീത ഇങ്ങനെ പറഞ്ഞു- ''നിന്റെ ഉള്ളിലെ നൃത്തം എന്നെങ്കിലും തിളങ്ങുമെന്ന് എനിക്കറിയാമായിരുന്നു''.
Content Highlights: kerala school kalolsavam folk dance yadhu krishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..