ഋതുനന്ദ
കാത്തുകാത്തിരുന്ന കലോത്സവം, മാസങ്ങള്‍ നീണ്ട പരിശീലനം. പക്ഷേ, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാല് ദിവസം മുമ്പ് രോഗം ഋതുനന്ദയെ പരീക്ഷിച്ചു. ഋതുനന്ദയുടെ കണ്ണുനീര് ഗ്രന്ഥിക്ക് ജന്മനാ കട്ടി കൂടുതലാണ്. ഗ്രന്ഥി ഇടയ്ക്ക് തടസ്സപ്പെടും. സാധാരണയായി ഇത് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. പക്ഷേ കാത്തിരുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മുമ്പായി ഋതുനന്ദയുടെ കണ്ണുനീര്‍ഗ്രന്ഥി അണുബാധയേറ്റ് പഴുത്ത് അടഞ്ഞു.
ബുധനാഴ്ചയായിരുന്നു കഥകളി ഗ്രൂപ്പ് മത്സരം. കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍സെക്കന്ററി സ്കൂളിനെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു ഈ ഒമ്പതാംക്ലാസുകാരി. പക്ഷേ, അസുഖമൊന്നും വകവയ്ക്കാതെ അവള് കൂട്ടുകാര്‍ക്കൊപ്പം വേദിയിലെത്തി. ലവണാസുരവധത്തില്‍ നിന്നൊരു ഭാഗം ആടിത്തീര്‍ത്തു. നിറഞ്ഞസദസ്സില്‍ കൈയടി ഉയര്‍ന്നു. മത്സരഫലം വന്നപ്പോള്‍ എ ഗ്രേഡ്.
ആ സന്തോഷത്തില്‍ മതിമറക്കാനാകാതെ കണ്ണിലെ പഴുപ്പ് നീക്കം ചെയ്യാനായി അവള് ആശുപയിലെത്തി. എത്ര വേദനസഹിച്ചാലും പരിപാടി വേണ്ടെന്നുവെയ്ക്കാന്‍ ഋതുനന്ദ തയ്യാറല്ലായിരുന്നു. രാവിലെയും വൈകീട്ടും ഡോക്ടറെ കണ്ട് പഴുപ്പ് കളഞ്ഞ് ഡ്രസ് ചെയ്തു. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ ചുട്ടികുത്തല്‍ തുടങ്ങി. കിര്‍മ്മീരവധത്തിലെ ലളിതയായി. ലാസ്യഭാവങ്ങള്‍ കൊണ്ട് കാണികളുടെ മനംകവര്‍ന്നു. ഒടുവില്‍ എ ഗ്രേഡിന്റെ നിറവോടെ വീട്ടിലേക്ക് മടങ്ങി.
കലാമണ്ഡലം പ്രേംകുമാറാണ് കഥകളിയില്‍ ഋതുനന്ദയുടെ ഗുരു. കലാമണ്ഡലം സ്വപ്ന സജിത്തിന്റെ കീഴില്‍ ക്ലാസിക്കല്‍ നൃത്തവും പഠിക്കുന്നുണ്ട്. തിരുവങ്ങൂര്‍ ബിജലിയില്‍ അധ്യാപകരായ ശ്രീജിലയുടെയും ബിനീഷിന്റെയും മകളാണ് ഋതുനന്ദ. സഹോദരി മിത്രവിന്ദയും കലാകാരിയാണ്.
Content Highlights: Kathakali, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..