ഡോ.സുനന്ദ നായർ
സ്കൂള്‍ കലോത്സവ നഗരിയിലെത്തുന്നവരെല്ലാം കണ്ടിട്ടുണ്ടാകും ഒരു ഫ്ളെക്സ് ബോര്‍ഡ്. ലാസ്യഭാവം നിറഞ്ഞൊഴുകുന്ന ഒരു മോഹിനിയാട്ട നര്‍ത്തകി. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഡോ.സുനന്ദ നായരുടെ ചിത്രമാണിത്. കലോത്സവങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല മലയാളത്തിന്റെ മോഹിനിയാട്ടം അമേരിക്കയിലെ ഹൂസ്റ്റണ്‍ വരെ എത്തിച്ച ഈ കലാകാരി.
'ഈ ഫ്ളെക്സിലെ പടം ഒരു ഫോട്ടോ ഷൂട്ടില്‍ നിന്നാണ്. 1994-95 സമയത്ത് എടുത്തത്. അന്നൊക്കെ ഇന്നത്തെപ്പോലെ ധാരാളം ഫോട്ടോകള്‍ എടുക്കാനുള്ള സൗകര്യം കുറവാണ്. അതുകൊണ്ട് പെര്‍ഫോമന്‍സിന് പോകുംമുമ്പ് നമ്മള് തന്നെ ഒരു ഫോട്ടോഷൂട്ട് നടത്തും. കളര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുമായാണ് പരിപാടിക്കെത്തുക. പെര്‍ഫോമന്‍സ് കഴിഞ്ഞയുടനെ നൃത്തനിരൂപകരും പത്രക്കാരും എത്തും. നമ്മളോട് സംസാരിച്ചശേഷം പത്രത്തില്‍ കൊടുക്കാന്‍ ഫോട്ടോ ചോദിക്കും. അവര്‍ക്ക് കൊടുക്കാനായിരുന്നു ആ ഫോട്ടോകള്‍.' സുനന്ദ നായര്‍ പറയുന്നു.
പാലക്കാട്ടുകാരി സുനന്ദ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. അതുകൊണ്ടുതന്നെ ഓര്‍ത്തെടുക്കാന്‍ കലോത്സവ ഓര്‍മകള്‍ ഒന്നുമില്ല. 'നൃത്തം പഠിക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ ആഗ്രഹം. ഭരതനാട്യവും കഥകളിയുമായിരുന്നു പഠിച്ചത്. പഠനം മത്സരത്തിനുവേണ്ടിയൊന്നുമല്ല.' മുംബയിലെ ഡിഗ്രി പഠനകാലത്ത് യൂണിവേഴ്സിറ്റിക്കുവേണ്ടി സുനന്ദ ആദ്യമായി ഒരു മത്സരത്തിനായി ചിലങ്ക കെട്ടിയത്. അന്ന് കഥകളിക്കും ഭരതനാട്യത്തിനും ഗോള്‍ഡ് മെഡല്‍ നേടി.
'കുട്ടിക്കാലത്ത് അമ്മയായിരുന്നു ഡാന്‍സ് ക്ലാസുകളില്‍ കൂട്ട് വന്നിരുന്നത്. സ്കൂള്‍ പിക്നിക്കുകള്‍ പോലും മാറ്റിവച്ച് ഞാന്‍ ഡാന്‍സ് ക്ലാസുകള്‍ക്ക് ചെല്ലും. ഏറ്റവും ഇഷ്ടം നൃത്തം തന്നെ, സുനന്ദ പറയുന്നു. ഡിഗ്രി പഠനശേഷമാണ് മോഹിനിയാട്ടം പഠിക്കാനായി സുനന്ദ, നളന്ദ യൂണിവേഴ്സിറ്റിയിലെത്തുന്നത്. പ്രശസ്ത നര്‍ത്തകി ഡോ. കനക് റെലെയുടെ ശിഷ്യയായി. തന്റെ നാടിന്റെ തനത് കലാരൂപം പഠിക്കുക മാത്രമല്ല, പിന്നീട് താമസം അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് മാറിയപ്പോള്‍ അവിടെയും എത്തിച്ചു അവര്‍. അവിടെ 20 വര്‍ഷമായി നൃത്താധ്യാപികയാണ് സുനന്ദ.
Content Highlights: Dr. Sunanda Nair, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..