പാർവതി ജില്ലാ സ്കൂൾ കലോത്സവത്തിൽ, പാർവതിയും അമ്മ യമുനയും
ജില്ലാകലോത്സവത്തില്‍ സംഘാടകരുടെ പിഴവു മൂലം മത്സരാര്‍ഥിക്ക് സംസ്ഥാനതലത്തില്‍ ഗ്രേഡ് നഷ്ടമായെയെന്ന് ആരോപണം. ആലപ്പുഴ ജില്ലയില്‍ നിന്നും കുച്ചിപ്പുഡിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചവരില്‍ ഒരു മത്സരാര്‍ഥിയുടെ എ ഗ്രേഡ് ജില്ലാകലോത്സവ സംഘാടകരുടെ പിഴവു കാരണം റദ്ദാക്കിയതായാണ് പരാതി. അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എസിലെ പാര്‍വതി കൃഷ്ണയ്ക്കാണ് കുച്ചിപ്പുഡി മത്സരത്തില്‍ എ ഗ്രേഡ് നഷ്ടമായത്.
ആലപ്പുഴ ജില്ലയില്‍ എച്ച്.എസ്.എസ്. വിഭാഗം കുച്ചിപ്പുഡിയ്ക്ക് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം നല്‍കിയിരുന്നു. ഒരു ജില്ലയില്‍ നിന്നും ഒരാള്‍ക്കു മാത്രമേ സംസ്ഥാനതലത്തിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതിനാല്‍ നറുക്കെടുപ്പിലൂടെ ഒരാളെ തിരഞ്ഞെടുക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ രക്ഷാകര്‍ത്താക്കളും അധ്യാപകരുമുള്പ്പടെയുള്ളവര് രംഗത്തെത്തി. തുടര്‍ന്ന് നറുക്ക് വീഴാത്ത ആള്‍ക്ക് അപ്പീല്‍ വഴി മത്സരിക്കാന്‍ അവസരം നല്‍കാമെന്നും ഒരാളെ തിരഞ്ഞെടുക്കാത്ത പക്ഷം രണ്ടു പേര്‍ക്കും അവസരം നഷ്ടമാകുമെന്നും അധികൃതര്‍ പറഞ്ഞതോടെ നറുക്കെടുപ്പിന് വിദ്യാര്‍ഥികള്‍ സമ്മതിക്കുകയായിരുന്നു.
അപ്പീലിന് ചെലവാകുന്ന തുക സംഘാടകര്‍ നല്‍കുമെന്നാണ് അറിയിച്ചത്. രണ്ടാമത്തെ വിദ്യാര്‍ഥിക്ക് നറുക്ക് വീണതിനാല്‍ പാര്‍വതി അപ്പീല്‍ നല്കി സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തി. എന്നാല്‍ ആലപ്പുഴ ജില്ലാ സംഘാടകര്‍ നറുക്ക് കിട്ടിയ മത്സരാര്‍ഥിയ്ക്ക് പാര്‍വതിയെക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍ നല്‍കിയെന്നും ആ വിവരം റിസള്‍ട്ട് വെബ്സൈറ്റില്‍ പബ്ലിഷ് ചെയ്തപ്പോഴാണ് താന്‍ അറിയുന്നതെന്നുമാണ് പാര്‍വതി ആരോപിക്കുന്നത്. ജില്ലാതലത്തില്‍ രണ്ടു പേരും ഒരു പോലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടതായും പാര്‍വതി പറയുന്നു.
മറ്റേ മത്സരാര്‍ഥിയേക്കാള്‍ ഒരു മാര്‍ക്ക് കുറവായതിനാല്‍ മാനദണ്ഡപ്രകാരം പാര്‍വതിയ്ക്ക് എ ഗ്രേഡ് ലഭിക്കണമെങ്കില്‍ നറുക്ക് കിട്ടിയ മത്സരാര്‍ഥിയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് സംസ്ഥാന തലത്തില്‍ നേടണം. മത്സരത്തില്‍ പാര്‍വതി മികച്ച പ്രകടനം നടത്തുകയും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. പക്ഷേ, നറുക്ക് ലഭിച്ച മത്സരാര്‍ഥിയേക്കാള്‍ കൂടുതല്‍ സ്കോര്‍ ചെയ്യാനായില്ല. അതുകൊണ്ടു തന്നെ മത്സരശേഷം പാര്‍വതിയ്ക്ക് ലഭിച്ച എ ഗ്രേഡ് പുനപരിശോധനയ്ക്ക് ശേഷം റദ്ദാക്കി. എ ഗ്രേഡിനായി ഹയര്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ തള്ളിപ്പോയി.
കലോത്സവത്തിനായി മൂന്ന് മാസക്കാലമായി മകള്‍ സ്കൂളില്‍ പോലും പോകാതെ തയ്യാറെടുക്കുകയായിരുന്നുവെന്ന് പാര്‍വതിയുടെ അമ്മ യമുന പറയുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ പാര്‍വതിയുടെ അവസാന സ്കൂള്‍ കലോത്സവം കൂടിയാണിത്. ജില്ലാ സംഘാടകരെ വിവരമറിയിച്ചപ്പോള്‍ നന്നായി കളിക്കാത്തതു കൊണ്ടാണ് ഗ്രേഡ് ലഭിക്കാത്തതെന്നും തങ്ങളുടെ പിഴവു കാരണമല്ല എന്നു പറഞ്ഞതായുമാണ് യമുനയുടെ ആരോപണം.
Content Highlights: A contestant raise a complaint against Alappuzha District Youth Festival organizers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..