കലോത്സവത്തിന്റെ ഭക്ഷണശാല | ഫോട്ടോ: അരുൺ നിലമ്പൂർ/ മാതൃഭൂമി
പരിപാടി കണ്ടില്ലെങ്കിലും പഴയിടത്തിന്റെ സദ്യയൊന്ന് കഴിക്കണം. കോഴിക്കോട്ട് കലോത്സവത്തിനെത്തിയ പലരുടേയും പ്രധാന ലക്ഷ്യം ഇതായിരുന്നു. അതുകൊണ്ട് തന്നെ നീണ്ട നിരയായിരുന്നു ചക്കര പന്തലിന് മുന്നില്‍. 12 കൂട്ടം സദ്യ... മധുരം കൂട്ടാന്‍ ഹല്‍വയും. വിഭവസമൃദ്ധമായിരുന്നു ചക്കരപ്പന്തലിലെ ഒന്നാം ദിനം.
പാലൈസ്, തണ്ണീര്‍പന്തല്‍, സമോവര്‍, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സര്‍ബത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഉന്നക്കായ... അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ 'ചക്കരപ്പന്തല്‍' ഭക്ഷണശാലയില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകള്‍ ഇത്തരത്തില്‍ കോഴിക്കോടന്‍ രുചിപ്പെരുമ എടുത്തുകാണിച്ചു.
പേരുപോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. നിരനിരയായി 10 കൗണ്ടറുകള്‍. ഓരോ കൗണ്ടറിലും ഭക്ഷണത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്ന വരികള്‍ കുറിച്ചിട്ടിരിക്കുന്നതും കാണാം. ഭക്ഷണം വിളമ്പുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി 1,200 അധ്യാപകര്‍. ഓരോ കൗണ്ടറിനും സബ് ജില്ലാതലത്തില്‍ ചുമതല നല്‍കിയാണ് ഭക്ഷണ വിതരണം.
ആദ്യദിനം മാത്രം 14,500 ടോക്കണ്‍ വിതരണം ചെയ്തു കഴിഞ്ഞെന്ന് ചുമതലയുള്ള ഒരധ്യാപകന് പറയുന്നു. ടോക്കണ്‍ ഇല്ലാതെ കഴിക്കാനെത്തുന്ന ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും വേറെയുമുണ്ട്. 16,000 പേര്‍ക്കുള്ള ഉച്ചഭക്ഷണമാണ് ആദ്യദിനം ഒരുക്കിയത്. ഭക്ഷണശാലയിലൊരുക്കിയ വേദിക്ക് സമീപം നടത്തുന്ന അനൗണ്‍സ്മെന്റിനനുസരിച്ചാണ് ഓരോ കൗണ്ടറിലും ഭക്ഷണം വിളമ്പുന്നത്. അതുകൊണ്ടു തന്നെ തിക്കും തിരക്കുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാമെന്ന് പറയുന്നു കലോത്സവത്തിനെത്തിയവര്‍.
ദിവസേന നാല് നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന ഭക്ഷണവിതരണം രാത്രി 10 മണി വരെ നീളും. പൈനാപ്പിള്‍ പച്ചടി, അവിയല്‍, അരിപ്പായസം തുടങ്ങി 12 കൂട്ടം വിഭവങ്ങളാണ് കലോത്സവത്തിന്റെ ഒന്നാം ദിനം കലവറയിലൊരുങ്ങിയത്. ഭക്ഷണശേഷം മധുരത്തിനായി കോഴിക്കോടിന്റെ സ്വന്തം ഹല്‍വയുമുണ്ട്. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍
70 പേരടങ്ങുന്ന സംഘമാണ് രുചിവൈവിധ്യങ്ങളുമായി കോഴിക്കോടെത്തിയത്.
Content Highlights: Kozhikode to enjoy Pazhayidom's feast once again at Kerala State Youth Festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..