യക്ഷഗാന മത്സരത്തിന് തയ്യാറായി നിൽക്കുന്ന വിദ്യാർഥികൾ
കാസര്‍കോട് ജില്ലയില്‍ മാത്രം പ്രചാരത്തിലുള്ള യക്ഷഗാനം എന്ന കലാരൂപത്തെ നിലനിര്‍ത്തുന്നതില്‍ സ്കൂള്‍ കലോത്സവങ്ങള്‍ വഹിക്കുന്ന പങ്ക് അതുല്യമാണ്. എന്നോ അവസാനിച്ചുപോയേക്കാമായിരുന്ന ഇത്തരം കലാരൂപത്തെ 15 വര്‍ഷം മുന്‍പാണ് കലോത്സവത്തില്‍ മത്സരയിനമായി പരിഗണിച്ചത്. എന്നാല്‍ യക്ഷഗാനം തട്ടില്‍ കയറുന്നതിനു പിന്നില്‍ ചില്ലറ പ്രയത്നമല്ല. യക്ഷഗാന പരിശീലകര്‍ ഇല്ല എന്നതാണ് പ്രധാനപ്രശ്നം.
കര്‍ണാടകയില്‍ ഉരുത്തിരിഞ്ഞ നാടോടി കലാരൂപമായതിനാല്‍ തന്നെ കേരളത്തില്‍ കാസര്‍കോട് മാത്രമാണ് ഈ കല ഇന്ന് പ്രചാരത്തിലുള്ളത്. ക്ഷേത്രങ്ങളില്‍ വളരെ ഭക്തിയോടെ അനുഷ്ഠിച്ചുപോരുന്ന കലാരൂപമാണിത്. കാസര്‍കോട് ഇതില്‍ പ്രാവീണ്യമുള്ള ധാരാളം കലാകാരന്മാര് ഉണ്ടെങ്കിലും പുതിയ കുട്ടികളെ പഠിപ്പിച്ചുകൊടുക്കാന്‍ സന്നദ്ധരാവുന്നവരുടെ എണ്ണം നന്നേ കുറവാണെന്ന് യക്ഷഗാന പരിശീലകന് ദിവാകരന് പറയുന്നു. ഇദ്ദേഹം മല്ല ക്ഷേത്രത്തിലെ യക്ഷഗാന കലാകാരനും ജീവനക്കാരനുമാണ്.
എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുള്ള കുട്ടികളുമായാണ് ദിവാകരന് മാഷ് കോഴിക്കോട്ടെത്തിയത്. മറ്റ് കലാരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംഗീതവും സാഹിത്യവും സംഭാഷണവും നൃത്തവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അത്യന്തം ആഗ്രഹത്തോടെയും ദൃഢനിശ്ചയത്തോടെയും മാത്രമേ ഇത് പഠിച്ചുപൂര്ത്തീകരിക്കാന് കഴിയൂ എന്നതാണ് പ്രധാന കാര്യം.
തട്ടില്‍ കയറാന്‍ ലക്ഷങ്ങള്‍ വേണം
കഥകളി പോലെയുള്ള ക്ലാസിക്കല്‍ കലാരൂപങ്ങളുമായി സാദൃശ്യം തോന്നുമെങ്കിലും അടിസ്ഥാനപരമായി ഒരു നാടന്‍ കലയാണ് യക്ഷഗാനം. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ ഇതിവൃത്തങ്ങള്‍ തന്നെയാണ് കഥയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഏഴ് ടീം അംഗങ്ങള്‍ മാത്രമല്ല, തബലയും ചെണ്ടയുമൊക്കെയായി പുറമേനിന്ന് മൂന്നാല് പേരും ഇതിനായി വേണ്ടിവരും. സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ വരെ ഒരു ടീമിനെ വേദിയിലെത്തിക്കാന്‍ ലക്ഷങ്ങള്‍ ചെലവാകും. ഈ കാരണത്താല്‍, മിക്ക മാതാപിതാക്കളും കുട്ടികള്‍ ഈ ഇനത്തിലേക്ക് മത്സരിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. കോവിഡിന് ശേഷം സാമ്പത്തികസ്ഥിതി മോശമായതോടെ സ്ഥിതി കൂടുതല്‍ വഷളായി.
നല്ല അഭിനിവേശവും അധ്വാനവും ആവശ്യം
മറ്റ് ക്ലാസിക്കല്‍ ഇനങ്ങളുടെ 'ഗ്ലാമര്‍' ഇല്ലെങ്കിലും അവയെക്കാളൊക്കെ അധ്വാനമുണ്ടെങ്കിലേ യക്ഷഗാനം പഠിച്ചെടുക്കാന്‍ കഴിയൂ. അധ്യാപകര്‍ കുറവായതിനാല്‍ രണ്ടും മൂന്നും ജില്ലകളിലെ സ്കൂളുകളില്‍ ഒരു അധ്യാപകന് തന്നെ പഠിപ്പിക്കാന്‍ ചെല്ലുമ്പോള്‍, വേണ്ടത്ര കുട്ടികളില്ലാത്തത് വലിയ നഷ്ടമാണ്. ബാക്കി സമയങ്ങളില്‍ ക്ഷേത്രത്തില്‍ യക്ഷഗാനമവതരിപ്പിച്ച് കഴിഞ്ഞുകൂടുന്ന ഇവര്‍, കലോത്സവത്തിന്റെ മൂന്നാല് മാസങ്ങളില്‍ ഇതിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്.
കന്നഡ ഒരു പ്രശ്നമാണ്
കന്നഡ ഭാഷയിലാണ് സംഭാഷണങ്ങളും സംഗീതവുമൊക്കെ എന്നുള്ളതാണ് എറ്റവും വലിയ വെല്ലുവിളി. ഏഴ് പേരെയും പ്രത്യേകം പ്രത്യേകം വേണം ഇവയൊക്കെ പഠിപ്പിച്ചെടുക്കാന്‍. സംഭാഷണങ്ങള്‍ പഠിച്ചെടുക്കാന്‍ തന്നെ നല്ല സമയമെടുക്കും. പിന്നീട് വാദ്യോപകരണങ്ങളുമായി റിഹേഴ്സല്‍ നടത്തണം. വേഷവിധാനങ്ങള്‍ക്ക് ഒരു ലക്ഷത്തോളം ചെലവാകും. ഒരു കുട്ടി ശരാശരി 20,000 രൂപവെച്ച് മുടക്കണം. ഇത് താങ്ങാനാവാത്തതാവാം മാതാപിതാക്കള്‍ കുട്ടികളെ യക്ഷഗാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
Content Highlights: Yakshagaanam, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..