മാളവികയും ചേച്ചി നിവേദിതയും
വേദി 14 തിരുനെല്ലിയിൽ ഹയർസെക്കൻഡറി വിഭാഗം ഗിറ്റാർ മത്സരം പുരോഗമിക്കുകയാണ്. ചെസ്റ്റ് നമ്പർ 103 വേദിയിലെത്താനുള്ള അനൗൺസ്മെന്റ് മുഴങ്ങി. ഗിറ്റാറും താങ്ങിപ്പിടിച്ച് ഒരു കൊച്ചു പെൺകുട്ടി സ്റ്റേജിലെത്തി. തകർത്ത് വായന തുടങ്ങി. വേദിയിലെ കാണികളെ കയ്യിലെടുത്ത് എ ഗ്രേഡ് തന്നെ നേടിയെടുത്തു.
തലശ്ശേരി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ മാളവിക മുരളീധരൻ എത്തുന്നത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗിറ്റാറിലെ രണ്ടാം അങ്കത്തിനാണ്. രണ്ട് വർഷം മുമ്പ് കാഞ്ഞങ്ങാട് നടന്ന കലോത്സവത്തിൽ ഗിറ്റാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ അന്ന് എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന മാളവികയ്ക്ക് ബി ഗ്രേഡായിരുന്നു ലഭിച്ചത്. അടുത്ത കലോത്സവത്തിനെത്തുമ്പോൾ എ ഗ്രേഡുമായി തന്നെ മടങ്ങുമെന്ന് ഉറപ്പിച്ചതായി മാളവിക പറയുന്നു.
നാല് വയസ് മുതൽ സംഗീതമഭ്യസിച്ചു തുടങ്ങിയ മാളവിക ശാസ്ത്രീയ സംഗീതത്തിലും മത്സരിക്കാനുണ്ട്. കഴിഞ്ഞ തവണ ജില്ലാ തലം വരെ മാത്രമേ എത്താനായുള്ളൂ. ഇത്തവണ ശാസ്ത്രീയ സംഗീതത്തിനും എ ഗ്രേഡ് തന്നെ വാങ്ങുമെന്ന വാശിയിലാണ് മാളവിക. അച്ഛൻ മുരളീധരനും ചേച്ചി നിവേദിതയ്ക്കുമൊപ്പമാണ് മാളവിക കലോത്സവത്തിനെത്തിയത്. അമ്മ രജനിയ്ക്ക് എത്തിച്ചേരാനായില്ലെങ്കിലും ഫുൾ സപ്പോർട്ടുമായി കൂട്ടിനുണ്ട്.
മാളവികയുടെ ചേച്ചി നിവേദിത വയലിനിസ്റ്റാണ്. കലോത്സവങ്ങളിൽ നാടൻപാട്ടിനുൾപ്പടെ പങ്കെടുത്തിട്ടുമുണ്ട്. ഗിറ്റാറിലും ശാസ്ത്രീയ സംഗീതത്തിലും ഒരു പോലെ പ്രാവീണ്യമുണ്ടെങ്കിലും ശാസ്ത്രീയ സംഗീതവുമായി മുന്നോട്ടു പോകുന്നതാണ് കുടുംബത്തിനിഷ്ടം. മാളവികയ്ക്ക് ഏതാണ് കമ്പമെന്ന ചോദ്യത്തിന് ഗിറ്റാറാണെന്ന് മറുപടി റെഡി. കൂട്ടത്തിൽ അച്ഛൻ കാണാതെ ഒരു കള്ളച്ചിരിയും.
Content Highlights: State Youth Festival, Guitar Competition, School Kalotsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..