യേശുദാസ്, പി.ജയചന്ദ്രൻ, ചിത്ര എന്നിവരുടെ കലോത്സവ മത്സര ചിത്രങ്ങൾ
രംഗം 1958-ലെ ഒരു സംസ്ഥാന കലോത്സവം. വേദിയില്‍ മത്സരിക്കുന്നത് യേശുദാസ്, മൃദംഗം വായിക്കുന്നത് പി.ജയചന്ദ്രന്. 65 വര്‍ഷത്തിനിപ്പുറം കോഴിക്കോട് മറ്റൊരു സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമ്പോള്‍ ഈ ചരിത്ര ഓര്‍മകള്‍ ഒരിക്കല്‍ കൂടെ കലാസ്വാദകര്‍ക്ക് മുന്നിലെത്തുകയാണ്. 1957 മുതലുള്ള 55 വര്‍ഷത്തെ കലോത്സവ ഓര്‍മകളുടെ പ്രദര്‍ശനമാണ് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെ കലോത്സവ നഗരയില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. കോഴിക്കോട് കുതിരവട്ടം സ്വദേശിയായ ജി.അനൂപാണ് ഇതിന് പിന്നിലെ കഠിനാധ്വാനി. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി പ്രദര്‍ശന ഹാളും ഒരുക്കി.
.jpg?$p=51ef997&&q=0.8)
യേശുദാസ്, കെ.എസ് ചിത്ര, പി.ജയചന്ദ്രന്, ജിജി തോംസണ്‍ എന്നിവരില്‍ തുടങ്ങി 2019 കാസര്‍കോട് കലോത്സവം വരേയിലുള്ള എല്ലാ വിവരവുമാണ് പ്രദര്‍ശനത്തിലുള്ളത്. ഒപ്പം അനൂപിന്റെ കലോത്സവ എന്സൈക്ലോ പീഡിയയും ഉണ്ട്. ഈ പുസ്തകം തയ്യാറാക്കുന്നതിനിടെ ലഭിച്ച ഫോട്ടോകളും പത്ര വാര്‍ത്തകളുമെല്ലാമാണ് പ്രദര്‍ശന ഹാളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്കൂള്‍ കലോത്സവമെന്ന ആശയത്തിന് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ സി.എസ് വെങ്കിടേശന്,1957 ജനുവരി 26, 27 തിയ്യതികളിലായി എറണാകുളം ഗേള്‍സ് ഹൈസ്ക്കൂളില്‍ നടന്ന ആദ്യത്തെ കലോത്സവം, ആദ്യത്തെ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ വടക്കെ മലബാര്‍ ജില്ല, വിവിധ വര്‍ഷങ്ങളിലെ കലാതിലകവും, കലാപ്രതിഭകളും തുടങ്ങി കലോത്സവത്തിന്റെ ഇന്നലകളെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
രണ്ട് വര്‍ഷത്തെ പ്രയത്നത്തിലൂടെ ജി അനൂപാണ് കലോത്സവ ചരിത്രം ക്രോഡീകരിച്ചത്. വിവിധ സര്‍ക്കാര്‍ രേഖകള്‍, ഉത്തരവുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ വിവരശേഖരണത്തിന് സഹായകരമായി. കലോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രത്താളുകളും പ്രദര്‍ശനത്തിലുണ്ട്.
വിവിധ സ്കൂളുകളിലെ നിരന്തര സന്ദര്‍ശനത്തിലൂടെ സുവനീര്‍ ശേഖരിച്ചും പഴയ ഉദ്യോഗസ്ഥരെ കണ്ടുമെല്ലാമാണ് അനൂപ് തന്റെ എന്സൈക്ലോ പീഡിയ തയ്യാറാക്കിയത്. 5500 പേജുള്ള പുസ്തകത്തില്‍ അയ്യായിരത്തിനടുത്ത് ചിത്രങ്ങളുണ്ട്. 1100-ന് അടുത്തുള്ള കലാകാരികളുടേയും കലാകാരന്മാരുടേയും വിവരങ്ങളുണ്ട്. അന്ന് മുതലുള്ള ലോഗോ, ചാമ്പ്യന്മാര്, വിജയികള്‍, ഫോട്ടോസ് തുടങ്ങി സമ്പൂര്‍ണ കലോത്സവ ചരിത്രം.
കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായാണ് കലോത്സവ മൈതാനത്തിനരികെ പ്രദര്‍ശന ഹാള്‍ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്, സെക്രട്ടറി പി.എസ് രാകേഷ് എന്നിവര്‍ സംബന്ധിച്ചു.
Content Highlights: state youth festival 2023 yesudas p jayachandran youthfest history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..