നിരഞ്ജനയെ അച്ഛമ്മയ്ക്കൊപ്പം | ഫോട്ടോ: ആകാശ്.എസ്.മനോജ്
അച്ഛമ്മയില്ലാത്ത കലോത്സവമില്ല- നന്ദു എന്ന് വിളിപ്പേരുള്ള നിരജ്ഞന പറയുകയാണ്. തൃശ്ശൂര്‍ സ്വദേശിയായ കമലാമ്മ കലോത്സവത്തിനെത്തുന്നത് ഇതാദ്യമായല്ല. പേരക്കുട്ടികള്‍ ഇത്രയും വലിയ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ എങ്ങനെ വരാതിരിക്കാനാകും ? - കമലാമ്മ ചോദിക്കുന്നു.
പേരിങ്ങോട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നിരഞ്ജനയുടെ കലോത്സവത്തിലെ ആദ്യ ഇനം ഭരതനാട്യമാണ്. ഗ്രീന്‍ റൂമിലെ മേക്കപ്പിന് സഹായിക്കാന്‍ കമലാമ്മയും നിരഞ്ജനയുടെ അച്ഛനമ്മമാരോടൊപ്പം മുന്‍പന്തിയിലുണ്ട്. പെട്ടിയില്‍ നിന്ന് സാധാനങ്ങളെടുത്തും വേണ്ട സഹായങ്ങള്‍ ചെയ്തും കമലാമ്മ ഓടിനടക്കുകയാണ്.
മൂന്നാമത്തെ വയസ്സുമുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയതാണ് നിരഞ്ജന. യുപി ക്ലാസുകളില്‍ എത്തിയപ്പോഴാണ് കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. 2019 ല്‍ കാസര്‍ഗോഡ് വെച്ചുനടന്ന കലോത്സവത്തിലും കണ്ണൂരില്‍ വെച്ചുനടന്ന കേരളോത്സവത്തിലും നിരഞ്ജന മത്സരിച്ചു ജയിച്ചപ്പോള്‍ കൂടെ അതിനു സാക്ഷ്യം വഹിക്കാനും കമലാമ്മയുണ്ടായിരുന്നു.
അവള് സിനിമാ നടിയാണ്! പറയുമ്പോള്‍ കമലാമ്മയുടെ മുഖത്ത് പുഞ്ചിരി നിറയുകയാണ്. നായാട്ട് സിനിമയില്‍ ജോജു ജോര്‍ജിന്റെ മകളായി വേഷമിട്ടത് നിരഞ്ജനയാണ്. പിന്നെയും അവസരങ്ങള്‍ വന്നു. പക്ഷെ കലോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ കാരണം പോകാന്‍ പറ്റിയില്ല- കമാലാമ്മ പറയുന്നു.
നിരഞ്ജനയുടെ അനിയന് ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിയായ മാനസും കലോത്സവത്തിലെ മത്സരാര്ഥിയാണ്. കുച്ചുപ്പുടിയും ഭരതനാട്യവുമാണ് മനസ്സിന്റെ ഇനങ്ങള്‍. വരുംദിവസങ്ങളില്‍ നിരഞ്ജനക്ക് കുച്ചുപ്പുടിയും നാടോടി നൃത്തവുമുണ്ട്.
ഇവരുടെ അച്ഛനും അമ്മയുമാണ് എല്ലായിടത്തും കൊണ്ടുനടക്കുന്നത്. ഞാന്‍ അവരുടെ കൂടെക്കൂടുന്നെന്നേയുള്ളൂ. ജയിക്കണം, അതേയുള്ളൂ ലക്ഷ്യം- ഇനി ഏഴാം തിയതി വരെ ഓട്ടവും ബഹളവുമാണ്. നിരഞ്ജനയെ ചേര്‍ത്തുപിടിച്ചു കമാലാമ്മ പറഞ്ഞു.
Content Highlights: state school youth festival 2023 , school kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..