വിനീഷ് പാലയാട്, കബനി, മനോജ് നാരായണൻ:ഫോട്ടോ:ഷഹീർ സി.എച്ച്
'ഹലോ ബേബി തോമസല്ലേ.'
ഒരു നാടകത്തിന്റെ പിറവിയിലേക്കുള്ള ആദ്യ ഫോൺ സംഭാഷണം.
ഫോണിനപ്പുറമൊരു സ്ത്രീശബ്ദം.
റോങ് നമ്പറെന്ന് കരുതി ഫോൺവെക്കാനിരിക്കെ മറുപടിയെത്തി.
ഇത് ബേബി തോമസിന്റെ നമ്പർ തന്നെ പക്ഷെ അദ്ദേഹം രണ്ട് വർഷം മുമ്പേ മരിച്ചു.
സ്തബ്ധനായിപ്പോയ വിനീഷ് പാലയാടെന്ന നാടകരചയിതാവ് സ്വബോധത്തിലെത്താൻ അൽപ്പ സമയമെടുത്തു. ഒടുവിൽ വീട്ടുകാരിൽനിന്ന് അനുവാദം വാങ്ങി വിനീഷ് പാലയാട് 'കലാസമിതി'യെന്ന നാടകത്തിന് ആദ്യവരി എഴുതുമ്പോൾ തന്റെ പേന ചലിപ്പിച്ചത് ബേബി തോമസിന്റെ അദൃശ്യസാന്നിധ്യം ആയിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.
സബ് ജില്ലയും ജില്ലയും കടന്ന് 'കലാസമിതി' സംസ്ഥാന തലത്തിലെത്തുമ്പോൾ വീണ്ടും അവിചാരിതമായൊരു കൂടിക്കാഴ്ച. 'കലാസമിതി'യെ കാണാനായി തിരുവനന്തപുരത്തുനിന്ന് ബേബി തോമസ് എന്ന എഴുത്തുകാരന്റെ മകൾ കബനി കോഴിക്കോടെത്തി.സ്കൂൾ കലോത്സവ നാടകമത്സരവേദിയിൽ അരങ്ങേറിയത് നാടകത്തേക്കാൾ നാടകീയമായ രംഗങ്ങൾ.
കോഴിക്കോട്ടെ ഒരു പുസ്തകമേളയിൽ വെച്ചാണ് ബേബി തോമസെന്ന എഴുത്തുകാരന്റെ 'വിശപ്പ് ഒരു പുസ്തകമെഴുതുന്നു' എന്ന പുസ്തകം വിനീഷ് പാലയാട് കാണുന്നത്. അതിലെ 'എന്റെ പീഡാനുഭവങ്ങൾ' എന്ന കഥ നാടകത്തിനുള്ള സ്പാർക്ക് നൽകുമ്പോൾ വിനീഷ്
പാലയാടിന് ഒറ്റ കടമ്പയേ ഉണ്ടായിരുന്നുള്ളൂ ബേബി തോമസിനെ വിളിച്ച് അനുവാദം തേടണം. നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോഴാണ് മരണവാർത്ത അറിയുന്നത്.
വീട്ടുകാരുടെ അനുവാദം വാങ്ങി വിനീഷ് പാലയാടും മനോജ് നാരായണനും പുസ്തകത്തെ 'കലാസമിതി'യെന്ന നാടകത്തിലേക്ക് പരിവർത്തനം ചെയ്തതോടെ ഇതിനെ കാഴ്ചക്കാർ ഏറ്റെടുക്കുകയും ചെയ്തു. അച്ഛന്റെ പുസ്തകത്തിലെ കഥ നാടകമാവുകയും അത് സബ് ജില്ലയും ജില്ലയും കടന്ന് കോഴിക്കോട് സംസ്ഥാന കലോത്സവ അരങ്ങിലെത്തുകയും ചെയ്യുമ്പോൾ കാഴ്ചക്കാരിയായെത്തിയ ബേബി തോമസിന്റെ മകൾ കബനി ആ നാടക സംഘത്തിനൊപ്പം അച്ഛന്റെ അദൃശ്യസാന്നിധ്യവും അറിയുകയായിരുന്നു.
'ഇപ്പോൾ അച്ഛനുണ്ടെങ്കിലെന്ന് ആഗ്രഹിച്ച് പോവുകയാണ്. ഉണ്ടായിരുന്നുവെങ്കിൽ ഇവിടെ ഇവർക്കൊപ്പം റിഹേഴ്സൽ മുതൽ കൂടെയുണ്ടാവുമായിരുന്നു. അറിയപ്പെടാതെ പോയ ഒരെഴുത്തുകാരന് നാടകത്തിലൂടെ പുനർജന്മം ലഭിക്കുമ്പോൾ സന്തോഷം ഒപ്പം സങ്കടവും. അച്ഛൻ വളരെ മുൻപ് എഴുതിയ ഒരു പുസ്തകം പുതിയ കാലത്ത് ആനുകാലിക പ്രാധാന്യം നൽകി നാടകമായി പുറത്ത് വരുമ്പോൾ അത് കാണാൻ അച്ഛനുണ്ടാവണമായിരുന്നു. ആ സാമീപ്യം ആഗ്രഹിച്ചു തന്നെയാണ് നാടകം കാണാനെത്തിയതും.' കബനി പറയുന്നു.
ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ കബനിക്ക്. അച്ഛന്റെ എഴുത്ത് നാടകമായി ജീവൻ വെയ്ക്കുന്നത് കാണണം. ട്രെയിനിന് ടിക്കറ്റ് കിട്ടാതായതോടെ ബസ് കയറിയെത്തിയതും ഈയൊരു ആഗ്രഹം വെച്ചായിരുന്നു. ഒട്ടേറെ വർഷമായി നാടകവും സ്കൂൾ കലോത്സവവും നാടക പ്രവർത്തനവുമൊക്കെയായി വിനീഷ് പാലയാടും മനോജ് നാരായണനുമൊക്കെ സജീവമാണെങ്കിലും ഇങ്ങനെയൊരു വൈകാരിക മൂഹൂർത്തം അവർക്കും ആദ്യമായാണ്.
കലാസാംസ്കാരിക സമിതികൾക്ക് വലിയ സ്ഥാനമുണ്ട് വടക്കൻ കേരളത്തിൽ. രാവോളം നീളുന്ന നാടകക്യാമ്പുകൾ, ഒടുവിൽ അരങ്ങിലെത്തുമ്പോഴുള്ള നിർത്താത്ത കയ്യടി. ഇവിടെയൊക്കെ ഉയർന്ന് നിൽക്കുന്നത് കലാസമിതിയാണ്. പുസ്തകങ്ങളെയും വായനയേയും തന്റെ കലാസമിതിയേയും പ്രാണവായുവിനെ പോലെ സ്നേഹിച്ച കൊച്ചുത്രേസ്യയുടെ കഥയാണ് കലാസമിതി പറഞ്ഞത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുടച്ചുനീക്കാൻ കലയ്ക്കും പുസ്തകങ്ങൾക്കും ഉണർന്നിരിക്കുന്ന ജനതയ്ക്കും മാത്രമേ സാധിക്കൂ എന്ന വെളിപ്പെടുത്തൽ കൂടിയാവുമ്പോൾ കലാസമിതിയെന്ന നാടകം ബേബി തോമസിനുള്ള കണ്ണീർപൂക്കൾ കൂടെയാവുന്നു.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: state school youthfest 2023 drama kokkallur school
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..