അഭിഷേക് | ഫോട്ടോ: അഭിലാഷ് നായർ
അകകണ്ണിന്റെ വെളിച്ചത്തില്‍ ശബ്ദങ്ങളുടെ ലോകത്ത് ഒരിക്കല്‍ കൂടി വിസ്മയം തീര്‍ക്കാന്‍ തയ്യാറാവുകയാണ് കാസര്‍കോട്ടുകാരനായ അഭിഷേക് വി. കാസര്‍ഗോഡ് ജി എച്ച് എസ് എസ് ചെമ്മനാടിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഭിഷേക്. ഏഴാം ക്ലാസ് വരെ അഭിഷേക് കാസര്‍കോട് വിദ്യാനഗര്‍ അന്ധവിദ്യാലയത്തിലാണ് പഠിച്ചത്.
ഹൈസ്കൂളിലെത്തിയതോടെ ജി എച്ച് എസ് കാസര്‍കോട്ടേക്ക് മാറി. അവിടെവെച്ചാണ് ഗുരുവായ നാരായണന് ടി. വി. യെ പരിചയപ്പെടുന്നത്. സയന്‍സ് അധ്യാപകനായ ഇദ്ദേഹം നല്ലൊരു കലാകാരനും മിമിക്രി പരിശീലകനുമാണ്. സ്കൂള്‍ കലോത്സവത്തിന് ഒന്നാംസമ്മാനം നേടിയ അഭിഷേകിനെ സബ് ജില്ലാ, ജില്ലാ കലോത്സവങ്ങളിലേക്ക് പരിശീലനം നല്കി പങ്കെടുപ്പിക്കാന്‍ നാരായണന് മാഷ് മുന്നിട്ടിറങ്ങി.
നാരായണന് മാഷിന്റെ പ്രതീക്ഷ തെറ്റിയില്ല 2019 ലെ കാഞ്ഞങ്ങാട് നടന്ന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ ഒന്നാംസ്ഥാനം തന്നെ അഭിഷേക് കരസ്ഥമാക്കി. ഇത്തവണ കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി ആണ്‍കുട്ടികളുടെ മിമിക്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് അഭിഷേക് കോഴിക്കോട്ടേക്ക് എത്തിയിരിക്കുന്നത്.
ഹയര്‍ സെക്കന്ററി പഠനത്തിനായി അഭിഷേക് ചെമ്മനാട് പോയപ്പോഴും നാരായണന് മാഷിന്റെ വീട്ടില്‍ പോയി മിമിക്രി പരിശീലനം തുടരുന്നുണ്ട്. ദിവസവും ക്ലാസിനുശേഷം വൈകുന്നേരങ്ങളില്‍ മാഷിന്റെ വീട്ടിലെത്തിയാണ് പരിശീലനം. വാട്സാപ്പിലൂടെ വോയിസ് മെസ്സേജായി ശബ്ദങ്ങള്‍ അയച്ചുകൊടുത്തും പരിശീലനം നടത്തുന്നു. അഭിഷേക് വോയിസ് മെസ്സേജുകള്‍ തിരിച്ചയയ്ക്കും. മാഷ് തെറ്റുകള്‍ തിരുത്തും.
മനുഷ്യരെയും മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ അവരുടെ ശാരീരികശൈലികള് കൂടി അറിയണമെന്നുള്ളതിനാല് പക്ഷികളെയും, വാഹനങ്ങളെയും
വാദ്യോപകരണങ്ങളുമൊക്കെയാണ് അഭിഷേക് അനുകരിക്കുക. ശബ്ദങ്ങൾ അനുകരിക്കാൻ പഠിപ്പിക്കുക എന്നതിനേക്കാൾ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി അതനുസരിച്ചു തയ്യാറാകാനാണ് അഭിഷേക് പരിശീലിക്കുന്നത്. നാരായണൻ സാറിന്റെ രീതിയും സ്ക്രിപ്റ്റ് ഫോക്കസ് ചെയ്തുകൊണ്ടുള്ളതാണ്.ഇടയ്ക്കയുടെ താളവും, മരണക്കിണറിലെ ബൈക്കും, കുതിരകുളമ്പടിയുമൊക്കെ അഭിഷേകിന് അനായാസം വഴങ്ങും. മിമിക്രി മാത്രമല്ല, സംഗീതത്തിലും പ്രതിഭ തന്നെയാണ് ഈ കൊച്ചുമിടുക്കന്. കാസര്‍കോട് ജില്ലാ മത്സരത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. അച്ഛനും അമ്മയും അനിയനുമടങ്ങുന്നതാണ് അഭിഷേകിന്റെ കുടുംബം.
Content Highlights: school kalolsavam, state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..