.
വെളുപ്പിനെ 2:45ന് തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടതാണ്. അഞ്ചരയോടെ ഇവിടെയെത്തി. അപ്പോള്‍ തന്നെ ചമയവും ഒരുക്കവും തുടങ്ങി. ഒമ്പതിന് ആരംഭിക്കുമെന്ന് പറഞ്ഞ ഹൈസ്കൂള്‍ വിഭാഗം യക്ഷഗാനം മത്സരം ആരംഭിച്ചപ്പോള്‍ 10 മണി. മത്സരവിഭാഗത്തിലെ രണ്ടാമത്തെ ടീമായിരുന്നു ഒമ്പതാംക്ലാസുകാരി കൃഷ്ണവേണിയുടേത്. അരങ്ങില്‍ ദീര്‍ഘനേരം സാന്നിധ്യം ആവശ്യമുളള ഇന്ദ്രദേവനെ അവതരിപ്പിക്കുന്നത് കൃഷ്ണവേണിയായിരുന്നു. പക്ഷേ സ്റ്റേജില്‍ കയറുന്നതിന് തൊട്ടുമുമ്പേ കൃഷ്ണവേണി തളര്‍ന്നു. ഗ്രീന്‍ റൂമിന് പുറത്ത് ഛര്‍ദിച്ച് കുഴഞ്ഞിരുന്ന കൃഷ്ണവേണിക്ക് ഡോക്ടറെത്തി ആവശ്യമായ വൈദ്യസഹായം നല്കിയ ശേഷമാണ് സ്റ്റേജില്‍ കയറാനായത്. ശാരീരിക അവശതകളൊന്നും വകവെയ്ക്കാതെ ചെസ്റ്റ് നമ്പര്‍ വിളിച്ചപ്പോള്‍ തന്നെ സ്റ്റേജില്‍ കയറിയ കൃഷ്ണവേണി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. തൃശൂര്‍ ബഥനിയിലെ സെന്റ്. ജോര്‍ജ് സ്കൂളിലെ വിദ്യാര്‍ഥിയാണ് കൃഷ്ണവേണി.
പരിപാടിക്ക് പത്തുമിനിറ്റ് മുന്നെയാണ് കൃഷ്ണവേണിക്ക് തലചുറ്റലും ക്ഷീണവും അനുഭവപ്പെട്ടത്. ഗ്രീന്റൂമിനു പുറത്ത് ഛര്ദിച്ചതിനെതുടര്ന്ന് സ്റ്റേജില്‍ കയറുന്ന ഓര്‍ഡര്‍ മാറ്റി പിന്നിലേക്കാക്കാമോ എന്ന് സ്റ്റേജ് കോര്‍ഡിനേറ്റര്‍മാരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന്, രണ്ടും കല്പിച്ച് കയറുകയായിരുന്നു. ദേവലോകത്തെ ഇന്ദ്രനെ അവതരിപ്പിച്ച കൃഷ്ണവേണിക്ക് വാചികവും നൃത്തവുമായി ദീര്‍ഘനേരം സ്റ്റേജില്‍ നില്‍ക്കേണ്ടതുണ്ടായിരുന്നു. മകള്‍ക്ക് ധൈര്യവും ഊര്‍ജ്ജവുമേകാന്‍ താളം പിടിച്ചുകൊണ്ടു മുന്വരിയില് തന്നെ അമ്മ സ്മിത ഇരിപ്പുറപ്പിച്ചു. ക്ഷീണമൊന്നും വകവെയ്ക്കാതെ നല്ല ഊര്‍ജത്തോടെ കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കൃഷ്ണവേണി കാഴ്ചവെച്ചത്.
.jpg?$p=40aef47&&q=0.8)
'പറ്റിയില്ലെങ്കിലോ എന്ന് ആകുലപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റേജില്‍ കയറിയതോടെ ധൈര്യം വന്നു. പിന്നെ ഫുള്‍ കോണ്‍ഫിഡന്‍സ് ആയി. ഇപ്പോള്‍ നല്ല സന്തോഷമുണ്ട്.. ' മത്സരശേഷം കൃഷ്ണവേണി പറഞ്ഞു.
യക്ഷഗാനത്തില്‍ തലയില്‍ വെയ്ക്കുന്ന കിരീടത്തിനു തന്നെ നല്ല ഭാരമുണ്ട്. ആദ്യം ചാക്കു കൊണ്ട് അരയില്‍ ചുറ്റും. പിന്നെ സാരി ചുറ്റും. അതിനും മേലെയാണ് വേഷത്തിനനുസരിച്ച് വസ്ത്രങ്ങള്‍ ചാറ്റുന്നത്. മുടിയും വലിച്ചുമുറുക്കി കെട്ടി ആഭരണങ്ങളും അണിയുമ്പോഴേക്കും പത്തു പതിനഞ്ച് കിലോ ഭാരം കുട്ടികളുടെ മേല്‍ ഉണ്ടാവും. ഒന്ന് മൂത്രമൊഴിക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് കുട്ടികള്‍ ഈ വേഷത്തിനുള്ളില്‍ നില്ക്കുക. കൃഷ്ണവേണിയുടെ ടീമിലെ മറ്റൊരംഗത്തിലും തലചുറ്റല്‍ അനുഭവപ്പെട്ടിരുന്നു.
യക്ഷഗാനം പഠിക്കാനും പരിശീലിക്കാനും പല തലങ്ങളില്‍ മത്സരിക്കുന്നതിനുള്ള കോസ്റ്റിയൂമിനും മറ്റുമായി നല്ലൊരു തുക ഓരോ കുട്ടിക്കും ചെലവായിട്ടുണ്ട്. മൊത്തം ഏഴ് അംഗങ്ങളാണ് ടീമില്‍ ഉണ്ടാവുക. ഇവര്‍ക്ക് ചമയത്തിനും മറ്റുമായി ഏഴെട്ട് ആളുകള്‍ വേറെയും വേണം. ഇത്തരത്തിലുളള പരിപാടി മോശമായലുണ്ടാകാവുന്ന നഷ്ടത്തേക്കുറിച്ചുള്ള ഭയം കൊച്ചുകലാകാരന്മാരില് ഉണ്ടാക്കുന്ന സമ്മര്‍ദവും ചെറുതല്ല.
Content Highlights: school kalolsavam 2023 Yakshaganam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..