ശിവരഞ്ജിത് | ഫോട്ടോ അരുൺ നിലമ്പൂർ
പെണ്‍കുട്ടികളുടെ നാടോടി നൃത്ത വീഡിയോകള്‍ കൗതുകത്തോടെ കണ്ടു പഠിച്ചു ചുവടുവെയ്ക്കുന്ന ഒരു കുട്ടി - ശിവരഞ്ജിത് എന്ന പ്രൈമറി ക്ളാസുകാരന്. നൃത്ത അധ്യാപികയായ ഇന്ദിര ടീച്ചര്‍ അവനെ ശ്രദ്ധിച്ചു. മോനെ നൃത്തം അഭ്യസിപ്പിക്കണം എന്ന് മാതാപിതാക്കളായ ഷൈലജയോടും ചന്ദ്രനോടും പറഞ്ഞു.
'ആഗ്രഹമില്ലാഞ്ഞിട്ടല്ല ടീച്ചറേ, കൂലിപ്പണിക്കാരയാ ഞങ്ങള്‍ക്ക് എവിടെയാ പണം?' അവര്‍ക്ക് കൈമലര്‍ത്തേണ്ടി വന്നു. പക്ഷേ മകന്റെ കഴിവിന് മുന്നില്‍ ആ രക്ഷിതാക്കള്‍ കഷ്ടപ്പാടുകള്‍ മറന്നു. ഇന്ദിര ടീച്ചര്‍ അവനെ ഏറ്റെടുത്തു. താമസം വാടക വീട്ടിലാണെങ്കിലും സ്വന്തം കഷ്ടപ്പാടുകള്‍ മറന്ന് ടീച്ചര്‍ അവനെ കലയുടെ ലോകത്തേക്ക് പിച്ചവെപ്പിച്ചു. പണത്തിന്റെ കാര്യത്തില്‍ ഷൈലജയെയും ചന്ദ്രനെയും ബുദ്ധിമുട്ടിച്ചില്ല.
ആദ്യം യു. പി സ്കൂള്‍ കലോത്സവത്തില്‍ ശിവരഞ്ജിത് നൃത്തം ചവിട്ടി. ഹൈസ്കൂളിലും ഹയര്‍ സെക്കന്ററിയിലും നൃത്തം കൈവിട്ടില്ല. ഭാരതനാട്യവും നാടോടി നൃത്തവും അവന്റെ പ്രിയപ്പെട്ട ഇനങ്ങളായി.

61-മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം നാടോടി നൃത്തവേദിയിലും അവന് മത്സരിക്കാനെത്തി. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ നൃത്തം പഠിപ്പിച്ച ഇന്ദിര ടീച്ചറും സ്കൂളിലെ അധ്യാപകരുടെ സാമ്പത്തിക സഹായവും അവന് പ്രോത്സാഹനമായി.
പക്ഷേ, ജില്ലാ കലോത്സവത്തില്‍ വില്ലനായ പനി വീണ്ടും എതിരാളിയായി. പക്ഷെ, അസുഖത്തിന്റെ തളര്‍ച്ചയ്ക്ക് കീഴ്പ്പെടാതെ അവന് താളം ചവിട്ടി. ചാമുണ്ഡി തെയ്യവേഷത്തില്‍ വേദിയില്‍ ഉറഞ്ഞു തുള്ളി എ ഗ്രേഡ് നേടി. പാലക്കാട് തണ്ണീര്‍ക്കോട് സ്വദേശി കെ. സി ശിവരഞ്ജിത്തിനും കുടുംബത്തിനും ഇത് പൊരുതി നേടിയ വിജയം. കുമരനെല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിനും ഇത് അഭിമാന നിമിഷം.

എന്നാല്‍ ശിവരഞ്ജിത്തിന്റെ നാടോടി നൃത്തത്തിനായി പഴയ ഒരു പാട്ട് തിരഞ്ഞെടുക്കേണ്ടി വന്നതിന്റെ സങ്കടം ഇന്ദിര ടീച്ചര്‍ക്ക് ഇനിയും മാറിയിട്ടില്ല.
'മനസ്സില്‍ ഒരുപാട് പുതിയ ആശയങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ ചിട്ടപ്പെടുത്തി എടുക്കാന്‍ കുറേ പണം വേണ്ടി വരും. ഞങ്ങളുടെ കൈയില്‍ അതില്ല. ഞാന്‍ വാടകക്ക് താമസിക്കുന്ന ടീച്ചര്‍ ആണ്. ശിവരഞ്ജിത്തിന്റെ കുടുംബത്തിന്റെ വിഷമവും എനിക്കറിയാം. ' ഇന്ദിര ടീച്ചര്‍ പറയുന്നു.
അവസാന സ്കൂള്‍ കലോത്സവമാണ്. പക്ഷേ, പറ്റുന്നതുവരെ നൃത്ത പഠനം തുടരണം എന്ന സ്വപ്നം മാത്രമേ ഈ കൗമാരക്കാരന്റെ മനസിലുള്ളൂ.
Content Highlights: school kalolsavam 2023, sivarenjith's life story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..