അനൂപ് അമ്മയ്ക്കൊപ്പം
കൊല്ലം അഞ്ചാംലുംമൂട് നിന്ന് കോഴിക്കോട്ടെത്തിയ അനൂപിന് ഇത് ആദ്യ സംസ്ഥാന സ്കൂള്‍ കലോത്സവം. കൂലിപ്പണിക്കാരനായ അച്ഛന് സുനില്‍ കുമാറും ദിവസവേതന ജോലിക്കാരിയായ അമ്മ ബിന്ദുവും മിച്ചം പിടിച്ച പണം കൊണ്ടാണ് അവനെ നൃത്തം പഠിപ്പിച്ചത്. കലയോടുള്ള അഭിനിവേശത്തിനൊപ്പം തങ്ങള്‍ക്ക് പറ്റാത്തത് മകന് നേടി കൊടുക്കണം എന്ന ഒരു അമ്മയുടെ വാശി ആയിരുന്നു അത്. അനൂപിനെ നൃത്തം പഠിപ്പിക്കാന്‍ പണം തികയാതെ വന്നപ്പോള്‍ പലിശക്കെടുത്തുവരെ നൃത്തം പഠിപ്പിച്ചു. അമ്മയുടെ പരിശ്രമത്തിന് എ ഗ്രേഡ് നേടിയാണ് മകന് സമ്മാനം നല്‍കിയത്.
ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവന് കടമ്പകള്‍ ഏറെ ഉണ്ടായിരുന്നു. പണമായിരുന്നു ആദ്യ വില്ലന്‍. പിന്നീട് ജില്ലാ മത്സരത്തില്‍ ഒന്നാമത് എത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അപ്പീല്‍ വാങ്ങിയാണ് സംസ്ഥാനത്ത് എത്തിയത്. പങ്കെടുക്കാന്‍ സാഹചര്യം ഒരുങ്ങിയപ്പോഴേക്ക് കൊല്ലത്തുനിന്നു കോഴിക്കോടേക്ക് ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ വന്നു. പക്ഷേ അത്രയും നാളത്തെ പരിശ്രമം കൈ വിടാന്‍ അനൂപിന്റെ കുടുംബം തയാറായിരുന്നില്ല. അധ്യാപകരുടെയും സഹായത്തോടെ പ്രത്യേകം വണ്ടി വിളിച്ച് അവര്‍ കോഴിക്കോടെത്തി.
ഒരു കടല്‍ ഉള്ളില്‍ ഇരമ്പുമ്പോഴും സദസ്സിനെയും കാണികളെയും രസിപ്പിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ അവന് തകര്‍ത്തു ചുവടുവെച്ചു. സമൂഹത്തില്‍ സ്ത്രീകളുടെ പോരാട്ടവും അതിജീവനവുമാണ് പാഞ്ചാലിയുടെ കഥയിലൂടെ അനൂപ് കാണികളിലേക്ക് എത്തിച്ചത്.
.jpg?$p=2a60b7f&&q=0.8)
ബന്ധുവും നര്‍ത്തകിയുമായ ഐശ്വര്യ, അനൂപിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞത്തോടെയാണ് നൃത്തയാത്ര തുടങ്ങുന്നത്. നാല് വയസ്സ് മുതല്‍ നൃത്തത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങി. അവന്റെ കഴിവ് തിരിച്ചറിഞ്ഞ് ആര്.എല്‍.വി രതീഷ് ജെയിംസിന്റെ കീഴില്‍ നൃത്തപഠനത്തിന് ചേര്‍ത്തു. ഭരതനാട്യവും കുച്ചിപ്പുടിയും അദ്ദേഹത്തിന്റെ കീഴില്‍ അഭ്യസിക്കുന്നുണ്ട് അനൂപ്.
' രതീഷ് സാറിന്റെ പിന്തുണയും കുടുംബത്തിന്റെയും സ്കൂളിന്റെയും പിന്തുണയുമാണ് എന്നെ ഇതുവരെ എത്തിച്ചത്.' അനൂപ് പറയുന്നു. കൊല്ലം അഷ്ടമുടി സ്കൂള്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ അനൂപ് പഠിക്കാനും മിടുക്കനാണ്.
Content Highlights: School kalolsavam 2023, folk dance contestant anoop's life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..