വൈശാഖും ജീജയും വീഡിയോ കോളിൽ ദീപയോട് സംസാരിക്കുന്നു
വൈശാഖിന്റെ നൃത്തം ഇസ്രയേലിലുള്ള അമ്മ ദീപ കണ്ടത് വീഡിയോ കോളിലൂടെയാണ്. സംസ്ഥാന കലോത്സവ വേദിയില്‍ അവനെത്തുന്നത് ഈ അമ്മയുടെ സ്വപ്നമായിരുന്നു. അവന്റെ കൂടെയുണ്ടാകാന്‍ അത്രമേല്‍ ആഗ്രഹിച്ചൊരു നിമിഷമായിരുന്നു. ജീജ ചേച്ചിയുടെ ഫോണിലൂടെ കണ്ണും മനസും കൊണ്ടവര്‍ മകന്റെ നൃത്തം കണ്ടു.
നൃത്താധ്യാപികയായ ദീപാ പ്രശാന്തിന്റെ മൂത്ത മകനാണ് വൈശാഖ്. അമ്മയുടെ നൂപുര ധ്വനികള്‍ കേട്ടാണ് വൈശാഖ് പിച്ചവെച്ചത്. അവന്റെ കുഞ്ഞു മനസില്‍ നിറയെ നൃത്തമായിരുന്നു. അമ്മയുടെ വിരലില്‍ തൂങ്ങി അവനും നൃത്തത്തിന്റെ വഴിയേ നടന്നു. നൃത്താഞ്ജലിയെന്ന പേരില്‍ ദീപ നടത്തിയ ഡാന്‍സ് സ്കൂളില്‍ വൈശാഖിനെപ്പോലെ കുട്ടികളെത്തിയതായിരുന്നു അവരുടെ വരുമാന മാര്‍ഗം. അച്ഛന് പ്രശാന്ത് ചെറിയൊരു കടയും നടത്തിയിരുന്നു.
വൈശാഖ് നൃത്തത്തെ ഗൗരവമായി കണ്ടു തുടങ്ങിയതോടെ ദീപ തന്റെ ഗുരുവായ ഭരതാഞ്ജലി മധുസൂദന്റെ അടുത്തേയ്ക്കാണ് മകനെ അയച്ചത്. മധു മാഷിന്റെ കൊണ്ടോട്ടിയിലെ വീട്ടിലേക്ക് തീവണ്ടി പിടിച്ചാണ് വൈശാഖ് പഠിക്കാനെത്തിയിരുന്നത്. മധു മാഷിന്റെ വീടവന് സ്വന്തം വീടുപോലെ തന്നെയായിരുന്നു.
.jpg?$p=79c0b37&&q=0.8)
തന്റെ പ്രിയപ്പെട്ട ശിഷ്യരിലൊരാളായ ദീപയുടെ മകനെ മാഷ് അത്ര തന്നെ സ്നേഹത്തിലും ശാസനയിലും നൃത്തം പരിശീലിപ്പിച്ചു. എന്നാല്‍ കോവിഡ് പ്രതിസന്ധി എല്ലാവരുടെയും ജീവിതം മാറ്റിമറിച്ചിട്ടപ്പോള് വൈശാഖിന്റെ കുടുംബവും ബുദ്ധിമുട്ടിലായി. ദീപക്ക് ചിലങ്ക അഴിച്ചു വെക്കേണ്ടി വന്നു. പ്രശാന്തിന്റെ ചെറിയ കടയും നഷ്ടത്തിലായി. രണ്ടു പേര്‍ക്കും തൊഴിലില്ലാതെയായി.വൈശാഖിന് താഴെ രണ്ടു കുട്ടികള്‍ കൂടെ അവര്‍ക്കുണ്ട്. അഞ്ചു പേരുള്ള കുടുംബത്തിന് താങ്ങാകാനാണ് ദീപ ഇസ്രയേലിലേയ്ക്ക് ചേക്കേറിയത്.
പാര്‍ട്ട് ടൈം ഹോം നേഴ്സ് ജോലിയോടൊപ്പം ദീപ ഇസ്രയേലില്‍ നൃത്തവും പഠിപ്പിക്കുന്നുണ്ട്. മകന്റെ നൃത്ത പഠനം പൂര്‍ണമായും മധു മാഷിനെയേല്പ്പിച്ചാണ് ദീപ പോയത്. സംസ്ഥാന കലോത്സവ വേദിയില്‍ വൈശാഖിനൊപ്പം കൂടെയെത്തിയത് മധു മാഷിന്റെ ഭാര്യ ജീജയാണ്. ' മ്മടെ മോന് തന്നെയാണ്. അവന് നല്ല ഭാവിയുണ്ട്. ദീപയ്ക്കൊരുപാട് പ്രതീക്ഷയുണ്ട് അവനില്‍ . നമുക്കാവുന്ന സപ്പോര്‍ട്ട് എല്ലാം അവന് കൊടുക്കും. അവന്റെ ചെറിയ കുട്ടികളെയും കൂട്ടി ഇവിടേയ്ക്ക് എത്തുന്നത് പാടാണ്. അതുകൊണ്ടാണ് അധ്യാപകന് നാഷാദിനൊപ്പം ഞാനും കൂടെ പോന്നത്. ' -വൈശാഖിനെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ജീജ പറഞ്ഞു.
.jpg?$p=430c1f1&&q=0.8)
നൃത്തം കഴിഞ്ഞത് വിയര്‍ത്തു കുളിച്ചെത്തിയ അവന് തന്റെ ഫോണാണ് തിരക്കിയത്. 'അമ്മയെ വിളിക്കട്ടെ 'അവന് തിടുക്കത്തില്‍ പറഞ്ഞു. അവനോട് സംസാരിക്കുമ്പോള്‍ ദീപയ്ക്ക് സന്തോഷത്താല്‍ വാക്കുകള്‍ തെറ്റി. 'എല്ലാം നന്നായിരുന്നു അമ്മ കണ്ടില്ലേ ?' - അമ്മയുടെ മുന്നില്‍ ആത്മവിശ്വാസത്തിന്റെ ചിരി ചിരിച്ച് വൈശാഖ് പറഞ്ഞു. അവന് മൂന്നു വയസ് മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. അമ്മയുടെ ആഗ്രഹമായിരുന്നു നൃത്തത്തിന്റെ പേരില്‍ തന്റെ മകന് നല്ലൊരു നിലയിലെത്തണമെന്ന് . അമ്മയുടെ അനുഗ്രഹത്തിന്റെ ഉറപ്പിലാണ് വൈശാഖ് തന്റെ വേദികളിലെല്ലാം നൃത്തം ചെയ്യുന്നത്..നൈഗരൂപ്, നൈഗശൃംഗന് എന്നിവരാണ് വൈശാഖിന്റെ സഹോദരങ്ങള്‍.
Content Highlights: school kalolsavam 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..