അപ്പുണ്ണി ശശി/ ചക്കരപ്പന്തൽ എന്ന നാടകത്തിൽ അപ്പുണ്ണി ശശി | Photo: Mathrubhumi
അപ്പുണ്ണി ശശി എന്ന വ്യക്തി അടിമുടി നാടകവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു അഭിനേതാവാണ്. ശശി എന്ന പേരിനെ 'അപ്പുണ്ണി ശശി' എന്നാക്കി മാറ്റിയതു പോലും നാടകക്കളരിയാണ്. ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ', 'അപ്പുണ്ണികളുടെ നാളെ' എന്നീ നാടകങ്ങളാണ് ആ പേരിന്റെ പിന്നില്‍. എരഞ്ഞിക്കലിലെ എബക്സ് നാടകക്കൂട്ടായ്മ വഴി ജയപ്രകാശ് കുളൂരിന്റേയും എ ശാന്തകുമാറിന്റേയും പിന്തുണയില്‍ തുടങ്ങിയ അപ്പുണ്ണി ശശിയുടെ യാത്ര 'പുഴു' എന്ന ചിത്രത്തിലെത്തി നില്ക്കുന്നു. പുഴുവിലെ കുട്ടപ്പന് എന്ന കഥാപാത്രം അപ്പുണ്ണിക്ക് സിനിമയിലും ആരാധകരെ സമ്പാദിച്ചുകൊടുത്തു.
ഇപ്പോഴിതാ കോഴിക്കോട് സംസ്ഥാന സ്കൂള്‍ കലോത്സവം എത്തിയപ്പോള്‍ നാടകവേദിയിലും അപ്പുണ്ണി ശശി ഓടിയെത്തി. തന്നെപ്പോലെ വെള്ളിത്തിരയിലേക്കുള്ള ഒരു അഭിനേതാവിന്റെ വളര്‍ച്ചയുടെ തുടക്കം കാണാനായിരുന്നു ആ വരവ്. ഓരോ നാടകവും ആസ്വദിച്ചു കണ്ടു. ഇടയ്ക്ക് ആകാംക്ഷയോടെ സീറ്റില്‍ നിന്ന് എഴുന്നേറ്റുവരെ നോക്കി. ചില രംഗങ്ങള്‍ക്ക് കൈയടിച്ചു. ഇതില്‍ ഏറ്റവും ആസ്വദിച്ചുകണ്ടത് കലാസമിതി എന്ന നാടകമായിരുന്നു.
'പഴയ കലോത്സവം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. അന്ന് സാഹചര്യങ്ങളെല്ലാം അങ്ങനെ ആയിരുന്നു. പഠിക്കുന്ന കാലത്ത് നമ്മളെ പ്രൊമോട്ട് ചെയ്യാനൊന്നും ആരുമുണ്ടായിരുന്നില്ല. കലോത്സവത്തിന്റെ വേദിയിലെത്താന്‍ തന്നെ കഴിയാറില്ല. പിന്നെയല്ലേ നാടകം കളിക്കാന്‍ വരുന്നത്. അന്നതെല്ലാം സ്വപ്നം മാത്രമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല. പടുകൂറ്റന്‍ സ്റ്റേജുകളും ഗംഭീര ഇരിപ്പിടങ്ങളും രാജകീയമായ സ്റ്റൈലിലുമാണ് കലോത്സവം നടക്കുന്നത്. അതില്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. കേരളത്തിന്റെ സാംസ്കാരികമായ വളര്‍ച്ച നമുക്ക് ദര്‍ശിക്കാന്‍ പറ്റും. നമ്മളും അതിന്റെ ഭാഗമാകുന്നതില്‍ സന്തോഷം മാത്രമേയുള്ളു. മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചാണ് കോഴിക്കോട് എത്തിയത്', അപ്പുണ്ണി ശശി പറയുന്നു.
'നേര് പൂക്കുന്ന കാലം' എന്ന നാടകവുമായാണ് അപ്പുണ്ണി ശശി ആദ്യം അരങ്ങിലെത്തുന്നത്. കുളൂരിന്റെ നാടകങ്ങള്‍ ശശിയെന്ന നടനെ തേച്ചുമിനുക്കിയെടുത്തു. 'അപ്പുണ്ണികളുടെ റേഡിയോ', 'അപ്പുണ്ണികളുടെ നാളെ' എന്നീ നാടകങ്ങളാണ് അരങ്ങില്‍ മേല്‍വിലാസമുണ്ടാക്കി കൊടുത്തത്. കുളൂരിന്റെ ഈ നാടകങ്ങളുമായി ശശിയും ഹരീഷും ഇന്ത്യയിലും വിദേശങ്ങളിലും അരങ്ങുതകര്‍ത്തു. ശിവദാസ് പൊയില്ക്കാവുമായി ചേര്‍ന്ന് അരങ്ങിലെത്തിച്ച ഏകാംഗ നാടകം 'ചക്കരപ്പന്തല്‍' ശശിയുടെ അഭിനയത്തിലെ വേറിട്ട അധ്യായമായിരുന്നു. 'ഒറ്റക്കണ്ണനായ ആങ്ങള', 'വെട്ടുകാരന് കരുണന്', '90 വയസ്സുള്ള മാളുവമ്മ', 'ചക്കര എന്ന യുവതി' എന്നീ നാടകങ്ങളില്‍ ഒറ്റയാള്‍ പ്രകടനം നടത്തി കൈയടി നേടി.
എന്നാല്‍ പുഴു എന്ന സിനിമയിലേക്കുള്ള വഴിയൊരുക്കിയത് കുളൂരിന്റെ 'തിരഞ്ഞെടുപ്പ്' എന്ന നാടകമാണ്. ഒരിക്കല്‍ ടൗണ്‍ഹാളില്‍വെച്ച് ഈ നാടകം പുഴുവിന്റെ കഥാകൃത്ത് ഹര്‍ഷാദ് കണ്ടു. അന്ന് ഹര്‍ഷാദ് അപ്പുണ്ണി ശശിക്ക് ഒരു വാക്ക് കൊടുത്തു. എന്നെങ്കിലും നാടകം കളിച്ച് ജീവിച്ചൊരാളുടെ കഥ സിനിമയാക്കുകയാണെങ്കില്‍ നിങ്ങളെ വിളിക്കും എന്നായിരുന്നു ആ വാക്ക്. ഹര്‍ഷാദ് അത് തെറ്റിച്ചില്ല. പുഴുവില്‍ കുട്ടപ്പനായി അഭിനയിക്കാനുള്ള വിളി അങ്ങനെ അപ്പുണ്ണി ശശിയെ തേടിയെത്തി. പാലേരി മാണിക്യം, ആയിരത്തില്‍ ഒരുവന്, ഇന്ത്യന്‍ റുപ്പി, ഷട്ടര്‍ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ 82-ഓളം സിനിമകളില്‍ അഭിനയിച്ച ശേഷമാണ് അപ്പുണ്ണി ശശിക്ക് ശ്രദ്ധിക്കപ്പെട്ട ഒരു വേഷം പുഴുവിലൂടെ ലഭിച്ചത്.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: puzhu film fame appunni sasi kerala state youth festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..