പരിചമുട്ടുകളി മത്സരാർഥികൾ | photo: സാജൻ വി നമ്പ്യാർ / മാതൃഭൂമി
സ്കൂള്‍ കലോത്സവത്തിന്റെ നാലാം ദിവസം ബേപ്പൂര്‍ വേദിയിലേക്ക് പതിവില്ലാതെ ആംബുലന്‍സ് വരുന്നതും പോകുന്നതും ഒരുപാട് പേരില്‍ ആശങ്കയുണര്‍ത്തി. ചില മുഖങ്ങളില്‍ പേടിയായിരുന്നു. ചിലര്‍ നെടുവീര്‍പ്പിട്ടു. പരിചമുട്ടാണ് വേദിയില്‍ നടക്കുന്നത്. സദസില്‍ നിന്ന് കൈയടികളും ആര്‍പ്പുവിളികളും കേള്‍ക്കാം.
ഓരോ ടീമും വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ സന്തോഷവും ആവേശവും വേദനയും ഒക്കെ മത്സരിച്ചവരുടെ മുഖങ്ങളിലുണ്ട്. ചിലര്‍ കുഴഞ്ഞു വീഴുന്നു. ശരീരത്തില്‍ നിന്ന് ചോരപൊടിഞ്ഞതിന്റെ വേദന കടിച്ചമര്‍ത്തുന്ന മുഖങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരു വശത്ത് സദസില്‍ നിന്ന് കരഘോഷം മുഴങ്ങുമ്പോള്‍, പുറത്ത് പരിക്ക് പറ്റുന്ന കുട്ടികളെ ശുശ്രൂഷിക്കുന്നതിന്റെ തിരക്കിലാണ് കൂടെയുള്ളവര്‍.
.jpg?$p=5ad1965&&q=0.8)
ആവേശമുണര്‍ത്തുന്ന കല
മധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെയും ക്രിസ്ത്യാനികളുടെ ഇടയില്‍ ഏറെ പ്രചാരമുള്ള ഒരു ആയോധന കലയാണ് പരിചമുട്ട്. കാണികളെ ഓരോ നിമിഷവും ഉദ്വേഗത്തിലാഴ്ത്തുന്ന ഒരു കലാരൂപമാണിത്.
പരിക്കുപറ്റാന്‍ ഏറെ സാധ്യതയുള്ള ഒരു ആയാധന കലകൂടിയാണിത്. പക്ഷേ ഓരോ നോട്ടത്തിലും ചുവടിലും ഉയരുന്നത് ആവേശത്തിരയാണ്.
പരിക്ക് സ്ഥിരം കാഴ്ച്ച
'പരിചമുട്ടില്‍ പരിക്ക് സ്ഥിരം കാഴ്ച തന്നെയാണ്. വെട്ടും തടയും ഒക്കെയല്ലേ സ്റ്റേജില്‍ ചെയ്യുന്നത്. യഥാര്‍ഥ വാളും പരിചയും ആണ് കുട്ടികളുടെ കൈയില്‍ ഇരിക്കുന്നത്. ഇരുമ്പ് തന്നെയാണ്. ചെറിയ പരിക്കൊക്കെ സ്വഭാവികമാണ്. കളിക്കിടെ പരിക്ക് പറ്റിയാലും അവര്‍ ആ താളത്തിനൊപ്പം ഒന്നും ശ്രദ്ധിക്കാതെ കളിക്കും. കളിക്ക് ഇറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ പ്രത്യേകം ചെയ്യേണ്ടതുണ്ട്. മത്സരത്തിന് മുന്‍പ് നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യം ഉഷാറാക്കണം. തലേന്ന് കൃത്യമായി ഉറങ്ങണം. മെയ്വഴക്കമാണ് പ്രധാനം', സിസ്റ്റര്‍ ലിസിയ (ഹോളി ഫാമിലി എച്ച്.എസ്.എസ്. മുട്ടം, ആലപ്പുഴ).
.jpg?$p=0a9bb45&&q=0.8)
ഹൈസ്കൂള്‍ വിഭാഗം പരിചമുട്ട് മത്സരത്തിന്റെ ഇടയില്‍ നിരവധി കുട്ടികള്‍ക്കാണ് പരിക്ക് പറ്റിയത്. ഒന്ന് രണ്ട് പേര് കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു.
'കുറെ ക്ലാസ്സൊക്കെ കളഞ്ഞ് പ്രാക്റ്റീസ് ചെയ്തതാണ്. പരിക്ക് പറ്റിയാലും കളിയുടെ ഇടയില്‍ അതൊന്നും അറിയില്ല. കളി തീരുമ്പോഴാണ് വേദന അറിയുന്നത്. ഞങ്ങള്‍ ആ താളത്തിനൊപ്പം ചുവട് വയ്ക്കും. സ്കൂളിന്റെ അഭിമാനത്തിന്റെ കൂടി കാര്യം അല്ലെ. സ്കൂളില്‍ നിന്നൊക്കെ നല്ല പിന്തുണയാണ്. നന്നായി ഭക്ഷണം കഴിക്കും. എന്നിട്ടാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്', ഹോളി ഫാമിലി എച്ച്.എസ്.എസ്. മുട്ടം, ആലപ്പുഴ സ്കൂളിലെ കുട്ടികള്‍ വിവരിച്ചു.
.jpg?$p=c006f31&&q=0.8)
'കുട്ടികളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്റെ മകന് നവീനും മത്സരത്തിനുണ്ട്. ആറ് മാസത്തോളം പ്രാക്റ്റീസ് ചെയ്ത ശേഷമാണ് കളിക്കാന്‍ ഇറങ്ങുന്നത്. പരിചമുട്ടില്‍ കുട്ടികള്‍ക്ക് പരിക്ക് പറ്റാറുണ്ട്. ഇന്ന് ഒരാള്‍ക്ക് നെറ്റിയില്‍ ചെറിയ പരിക്ക് പറ്റി. സാധാരണ സാരമായ പരിക്കുകളെ സംഭവിക്കാറുള്ളു. ജില്ലയില്‍ ഇന്നത്തേതിലും വലിയ മുറിവുകള്‍ കുട്ടികള്‍ക്ക് സംഭവിച്ചിട്ടുണ്ട്.' - കിരണ്‍, രക്ഷകര്‍ത്താവ്
.jpg?$p=575c4fb&&q=0.8)
പരിചമുട്ടിന് ഇറങ്ങിയ ടീമുകളില്‍ ഏറ്റവും കൂടുതല്‍ പേരെ പരിശീലിപ്പിച്ചത് പ്രശസ്തനായ കോട്ടയം മണര്‍കാട് കുഞ്ഞപ്പന് ആശാനാണ്. കുട്ടികള്‍ വേദിയില്‍ നിറഞ്ഞാടുമ്പോള്‍ അവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ആശാന് വേദിയുടെ ഒരു വശത്ത് താളവും പിടിച്ച് നില്‍ക്കുന്നത് കാണാം.
'40 വര്‍ഷമായി ഞാന്‍ ഈ രംഗത്തുണ്ട്. 1983 മുതല്‍ ഞാന്‍ പരിചമുട്ട് ആശാനാണ്. എട്ട് ടീമുകളെയാണ് ഞാന്‍ ഇപ്രാവശ്യം പരിശീലിപ്പിച്ചത്. അവര്‍ക്കെല്ലാം എ ഗ്രേഡ് ഉണ്ട്. പരിചമുട്ട് ഒരു ക്രിസ്തീയന് ആയാധന കലയാണ്. ബൈബിളിലെ വേദവാക്യങ്ങളാണ് ഇതിലെ പാട്ടുകള്‍. ആയുധം എടുത്തുകൊണ്ടുള്ള കളിയായതിനാല്‍ പരിക്കിനുള്ള സാധ്യതയുണ്ട്. ഇരുമ്പ് പട്ടയും നാഗത്തകിട് പരിചയും ആണ് കളിക്കാന്‍ ഉപയോഗിക്കുന്നത്. നിരവധി കുട്ടികളെ ഞാന്‍ പഠിപ്പിക്കുന്നുണ്ട്'- കുഞ്ഞപ്പന് ആശാന് പറഞ്ഞു.
.jpg?$p=e46f401&&q=0.8)
പരിക്കുകളും യാത്രാക്ഷീണവും വലച്ചെങ്കിലും ഉശിരോടെ വേദിയില്‍ നിറഞ്ഞാടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. മക്കളുടെ ചോരപൊടിഞ്ഞത് കാണേണ്ടി വന്നതിന്റെ വിഷമത്തിനിടയിലും അവരുടെ ആവേശത്തിനും ആത്മവിശ്വാസത്തിനും അര്‍പ്പണബോധത്തിനും കൈയടിക്കുകയാണ് രക്ഷിതാക്കളും അധ്യാപകരും ഗുരുക്കന്മാരും. ഇതിനിടയില്‍ പരിക്കേറ്റ കുട്ടികളെ ശുശ്രൂഷിക്കാന്‍ ഓടുന്ന ഹെല്‍ത്ത് ജീവനക്കാരും കുട്ടികളുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കികൊണ്ട് കാവല്‍ നിന്ന പോലീസുകാരും കലോത്സവത്തിലെ മനോഹരമായ കാഴ്ചയായി...
Content Highlights: Parichamuttukali, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..