കുറിച്ചിത്താനം ജയകുമാർ | Photo: Mathrubhumi
ഓട്ടന്തുള്ളല് വേദിയില്‍ ശിഷ്യരെ അണിയിച്ചൊരുക്കാന്‍ ഓടിനടന്നും അവരെ ചേര്‍ത്തുപിടിച്ചും വേദിയില്‍ ഉറക്കെ അവരുടെ ശബ്ദമായും കുറിച്ചിത്താനം ജയകുമാര്‍ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലുള്ള എട്ട് കുട്ടികളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഓട്ടന്തുള്ളല് അവതരിപ്പിക്കാനായി കോഴിക്കോട്ടെത്തിയത്. ഇക്കൂട്ടത്തില്‍ സ്വന്തം മകനുമുണ്ട്.
തലമുറകളിലേക്ക് പകര്‍ന്ന കല
കലാമണ്ഡലം ജനാര്‍ദ്ദനന്റെ മകനായ, ജയകുമാര്‍ ഓട്ടന്‍തുള്ളലിനു വേണ്ടി പാടിയാണ് ഈ രംഗത്തേക്ക് വന്നത്. 'പാട്ടാണ് അച്ഛന് എന്നെ ആദ്യം പഠിപ്പിച്ചത്. അച്ഛന്റെ പിന്നണിയില്‍ 15 വര്‍ഷത്തോളം പാടിയിട്ടാണ് ഞാന്‍ കളിക്കാന്‍ തുടങ്ങുന്നത്. പാട്ട് ഏതു ഭാഗം എവിടെ പാടിയാലും എനിക്ക് പെട്ടെന്ന് മനസ്സില്‍ കിട്ടത്തക്ക രീതിയില്‍ എക്സ്പീരിയന്‍സ് ഉണ്ടായി. 15 വര്‍ഷത്തോളം പാടുക എന്ന് പറയുമ്പോള്‍ നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു'.
'കലാമണ്ഡലത്തിലെ തുള്ളലിലെ രണ്ടാമത്തെ ബാച്ചിലാണ് അച്ഛന് പഠിച്ചത്. അച്ഛന്റെ അമ്മാവന് കോഴിപ്പള്ളി കുട്ടപ്പനാശാന്‍ ആണ് അച്ഛന്റെ ഗുരുനാഥന്. അച്ഛനില്‍നിന്ന് എനിക്ക് കിട്ടിയ കല ഞാന്‍ മകനിലേക്ക് പകര്‍ന്ന് കൊടുക്കുന്നു. സന്തോഷകരമായിട്ടുള്ള ഒരു കലാരൂപമായതുകൊണ്ടും ഹാസ്യാത്മകമായതുകൊണ്ടും വീട്ടിലൊക്കെ ഞങ്ങള്‍ വളരെ സന്തോഷകരമായിട്ടാണ് പോകുന്നത്'- അദ്ദേഹം പറഞ്ഞു.

റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നോട്ട്
പതിനഞ്ചോളം ഓട്ടന്തുള്ളല് കഥകള്‍ വേദിയിലവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. കലോത്സവസമയം കഴിഞ്ഞാല്‍ പിന്നെ ക്ഷേത്രങ്ങളില്‍ തുള്ളല്‍ അവതരിപ്പിക്കുന്ന തിരക്കാണ്. തുടര്‍ച്ചയായി 25 മണിക്കൂര്‍ തുള്ളലവതരിപ്പിച്ച് റെക്കോര്‍ഡ് നേടിയിട്ടുണ്ട് ജയകുമാര്‍. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യാ റെക്കോര്‍ഡ്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്, കേരള കലാമണ്ഡലത്തില്നിന്നുള്പ്പെടെ എട്ടോളം അവാര്‍ഡുകള്‍ അദ്ദേഹത്തിന് നേടാന്‍ സാധിച്ചു.
കലോത്സവവേദിയിലെ തുള്ളല്‍
26 വര്‍ഷമായി കലോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ വരുന്ന ജയകുമാര്‍ എല്ലാവര്‍ഷവും എട്ടു മുതല്‍ 10 വരെ കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാറുണ്ട്. കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ഒരുപാട് ബന്ധങ്ങള്‍ ഉണ്ടാകുന്നതും ആളുകളുമായി പരിചയപ്പെടാന്‍ സാധിക്കുന്നതപമെല്ലാം അദ്ദേഹത്തിന് സന്തോഷമുള്ള കാര്യമാണ്.
'കുട്ടികള്‍ ഒരുപക്ഷേ കലോത്സവത്തിന് വേണ്ടിയായിരിക്കാം പഠനം തുടങ്ങുന്നത്. പഠിച്ചുകഴിഞ്ഞു സംസ്ഥാനതലം വരെ വന്നു കഴിയുമ്പോള്‍ കുട്ടികള്‍ക്ക് തന്നെ ഒരു പ്രചോദനം ഉണ്ടാകുന്നു. പലര്‍ക്കും ക്ഷേത്രത്തില്‍ കളിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടാകാറുണ്ട്. പിന്നീട് അത് അരമണിക്കൂറോ മുക്കാല്‍ മണിക്കൂറോ അല്ലെങ്കില്‍ ഒരു കഥയുടെ സംഗ്രഹമോ ആക്കി കൊടുക്കും. കുട്ടികള്‍ക്ക് അടുത്ത ഒരു പരിപാടി കൂടി ചെയ്യണമെന്ന് ഒരു തോന്നല്‍ ഉണ്ടാകാറുണ്ട്. അങ്ങനെ ധാരാളം കുട്ടികള്‍ പ്രൊഫഷണല്‍ ആയി ഇതിലേക്ക് വരുന്നുണ്ട്. യുവജനോത്സവം അതിനെല്ലാം നല്ലൊരു ചവിട്ടുപടി ആണെന്നാണ് എനിക്ക് തോന്നുന്നത്', ജയകുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് എപ്പോഴും പുസ്തകപ്പുഴുക്കളായിരിക്കാന് കഴിയില്ലെന്ന് ആവര്‍ത്തിക്കുന്ന ജയകുമാറിന് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള നല്ല വേദികളായി കലോത്സവത്തെ കാണണമെന്നാണ് കുട്ടികളോട് പറയാനുള്ളത്.
Content Highlights: ottan thullal artist kurichithanam jayakumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..