ഖാലിദ് ഗുരുക്കൾ/ കല്ല്യാണ വീട്ടിലെ കോൽക്കളി | Photo: Special Arrangement
ഖാലിദ് എന്ന കുട്ടി കോല്‍ക്കളിയുടെ കോല് ആദ്യമായി കണ്ടത് 1970-കളിലാണ്. ബാപ്പയുടെ ജ്യേഷ്ഠന് ഖാദര്‍ ഗുരുക്കളുടെ കൈകളില്‍ തലങ്ങും വിലങ്ങും ഓടികളിക്കുന്ന രണ്ട് കോലുകള്‍. അതിന്റെ ചലനത്തിനൊപ്പം കണ്ണ് വലത്തോട്ടും ഇടത്തോട്ടും പായിച്ച് കുഞ്ഞ് ഖാലിദിന്റെ കണ്ണുകള്‍ വേദനിക്കാന്‍ തുടങ്ങി. ഇതെന്താണ് കോലുകള്‍ കൊണ്ടുള്ള ഈ മാന്ത്രികവിദ്യ? അതൊന്ന് പഠിക്കണമെന്ന് ഖാലിദിന്റെ ഉള്ളിലും മോഹമുണ്ടായി. പിന്നീട് ആ കുട്ടി ഖാദര്‍ ഗുരുക്കള്‍ക്കൊപ്പം കല്ല്യാണ വീടുകളില്‍ കോല്‍ക്കളി കളിക്കാന്‍ പോയി. അന്ന് തുടങ്ങിയ ആ യാത്ര 48 വര്‍ഷങ്ങള്‍ക്കിപ്പുറം കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്കൂളില്‍ എത്തിനില്‍ക്കുന്നു.
ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ രണ്ട് വിദ്യാലയങ്ങളുടെ ഗുരുവാണ് ഖാലിദ് ഗുരുക്കള്‍. കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും കണ്ണൂര്‍ എളവായൂര്‍ എച്ച്എസ്എസും. മെയ്യും കൈയ്യും മനവും ഒരു ജോടി കോലില്‍ കേന്ദ്രീകരിച്ചുള്ള കോല്ക്കളിയിലേക്ക് വിദ്യാര്‍ഥികളെ പരുവപ്പെടുത്തിയിരിക്കുന്ന ആശാനായി ഖാലിദ് മാറിയിട്ട് 15 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2007 മുതല്‍ ജില്ലാ കലോത്സവത്തില്‍ കളി പിഠിക്കുന്ന ഖാലിദിന്റെ കുട്ടികള്‍ 15 തലണ ചാമ്പ്യന്മാരായി. മൂന്ന് തവണ സംസ്ഥാന തലത്തിലും അദ്ദേഹം പഠിപ്പിച്ച കുട്ടികള്‍ ഒന്നാമതെത്തി.
'18 വയസ്സ് മുതല്‍ തുടങ്ങിയതാണ് കോല്‍ക്കളിയും ഞാനും തമ്മിലുള്ള മുഹബ്ബത്ത്. ബാപ്പയുടെ ജ്യേഷ്ഠന് ഖാദര്‍ ഗുരുക്കളുടെ അടുത്ത് നിന്നാണ് ആദ്യമായി കോല്‍ക്കളി പഠിക്കുന്നത്. അന്ന് തറവാട് വീട്ടില്‍ കുറേ പേര് കോല്ക്കളിക്കെത്തും. അവര്‍ ഒരു ടീമായി പഠിച്ച് കല്ല്യാണ വീട്ടിലും സ്റ്റേജ് പരിപാടിക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്കുമെല്ലാം കോല്‍ക്കളി കളിക്കാന്‍ പോകും. 18-ാം വയസ്സ് മുതല്‍ ഞാനും അവരോടൊപ്പം കല്ല്യാണ വീടുകളില്‍ പഠിക്കാന്‍ പോയി. അന്ന് മൂന്ന് രൂപയൊക്കെയാണ് ഒരു കളിക്ക് കൂലി ലഭിക്കുക. 1982 ആയപ്പോഴേക്കും കൂലി 25 രൂപയായി.' ഖാലിദ് ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു.
.jpg?$p=e6e9f88&&q=0.8)
'ഇന്നത്തെ പോലെ സ്റ്റേജില്‍ വേഗത്തിലും ചടുല താളത്തിലും കളിക്കാനാകില്ല. അന്ന് ഓല മെടഞ്ഞുണ്ടാക്കുന്ന പായ (തടുക്ക്) കൊണ്ടായിരുന്നു സ്റ്റേജെല്ലാം ഉണ്ടാക്കിയിരുന്നത്. ആവേശത്തില്‍ കളിച്ചാല്‍ ചിലപ്പോള്‍ പൊളിഞ്ഞുവീഴും. ഇന്ന് എല്ലാം മാറിപ്പോയി. കോല്‍ക്കളിയില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. പ്രത്യേക വേഷവിധാനത്തില്‍ മാത്രമേ കലോത്സവങ്ങളിലെ സ്റ്റേജില്‍ കളിക്കാനാകൂ. കള്ളി മുണ്ടും ബെല്‍റ്റും വെള്ള ബനിയനും ടവ്വലും നിര്‍ബന്ധമാണ്. അന്നെല്ലാം ഉടുത്തിരുന്ന വസ്ത്രത്തില്‍ കളിക്കും. പലരു പല തരത്തിലുള്ള വസ്ത്രങ്ങളാകും. ചിലര്‍ മുണ്ട് മടക്കി കുത്തിയിട്ട് വരേയുണ്ടാകും. യൂണിഫോമിറ്റി ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് വെള്ള ഷര്‍ട്ട് എല്ലാവരും ധരിക്കാന്‍ തുടങ്ങി.' ഖാലിദ് പറയുന്നു.
കോല്‍ക്കളി ജീവിതച്ചെലവിനുള്ള വഴിയായി ഖാദര്‍ ഗുരുക്കള്‍ ഒരിക്കലും കണ്ടിട്ടില്ല. അതൊരു ലഹരിയായി ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. കുടുംബം പുലര്‍ത്താന്‍ ബോട്ടില്‍ പോയി മീന്‍ പിടിക്കുന്ന മുക്കുവന്റെ വേഷവും ഖാലിദ് കെട്ടിയിട്ടുണ്ട്. ബാപ്പ മമ്മു ഗുരുക്കള്‍ക്കൊപ്പം കൊയിലാണ്ടി കടപ്പുറത്ത് നിന്നായിരുന്നു ഈ യാത്രകളെല്ലാം. എന്നാല്‍ ആ ജോലി അധികകാലം തുടര്‍ന്നില്ല. ആ ബോട്ട് തീരത്തടുപ്പിച്ച് കോല്‍ക്കളിയുടെ കരയിലേക്ക് ഖാദര്‍ കാലെടുത്തുവെച്ചു. പിന്നീട് നടത്തമെല്ലാം മുന്നോട്ടായിരുന്നു. ഒപ്പം കൈപിടിച്ച് ഭാര്യ ജമീലയും അഞ്ചു മക്കളും നൂറകണക്കിന് ശിഷ്യന്മാരുമുണ്ട്.

കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: khalid gurukkal kolkali teacher lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..