അകക്കണ്ണിന്റെ വെളിച്ചത്തില്‍  നജാഹ് പറയുന്നു;കല തനിക്കൊരു പോരാട്ടമായിരുന്നു


കെ.പി നിജീഷ് കുമാര്‍

വൈകല്യങ്ങളെയോര്‍ത്ത് നിരാശയുടെ പടുകഴിയില്‍ വീഴുന്നവരോട് പുച്ഛമാണ് നജാഹിന്. കുഞ്ഞുജീവിതം സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അതിപ്പോള്‍ ഇരുട്ടായാല്‍ അതിനൊപ്പം വെളിച്ചമായാല്‍ അതിനൊപ്പം.

നജാഹ് ഉമ്മ റുഖിയക്കൊപ്പം കലോത്സവ വേദിക്കരികെ-ഫോട്ടോ:ഷഹീർ സി.എച്ച്

ഒരാള്‍ ഒറ്റയ്ക്ക് നടന്നു തീര്‍ത്ത വഴികള്‍ അയാളുടേതുമാത്രമാണ്. വഴിയില്‍ നിന്ന് അയാള്‍ ഏറ്റുവാങ്ങിയ വേവും ചൂടും അയാളില്‍ തന്നെയൊതുങ്ങുന്നു. അതേ അനുഭവ വഴികളിലൂടെ കടന്നുപോയവര്‍ക്ക് ഒരു പക്ഷെ ആ അനുഭവങ്ങളുടെ തീക്ഷണത ഒരു പരിധിവരെ സങ്കല്‍പ്പിക്കാനായേക്കും. നാജാഹ് അരീക്കോടെന്ന പന്ത്രണ്ടാംക്ലാസുകാരന്‍ രണ്ട് ശതമാനം മാത്രം കാഴ്ചയുള്ള തന്റെ കണ്ണില്‍ കണ്ട വെളിച്ചം കൊണ്ട് ഏഴുതിത്തീര്‍ത്ത വര്‍ണങ്ങള്‍ എന്ന പുസ്തകത്തെ കുറിച്ച് അബ്ദുള്ളക്കുട്ടി എടവണ്ണയെഴുതിയ അവതാരികയില്‍ പറഞ്ഞ വാക്കുകളാണിത്.

അന്ധതയെ പോരാട്ടമായെടുത്ത് അതിജീവനത്തിന്റെ വഴിവെട്ടി പുസ്തകം രചിച്ചു നജാഹ്. ഒടുവില്‍ മിമിക്രിയിലൂടെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെത്തി ആളുകളെ അമ്പരപ്പിച്ചു. എടുത്തുപറയത്തക്ക ഗുരുക്കന്‍മാരില്ലാതെ സ്വന്തമായി പഠിച്ച അനുകരണ കലയും കൊണ്ട് ഉമ്മയുടെ കൈപിടിച്ച് നജാഹ് കലോത്സവ വേദിയില്‍ ആര്‍ത്ത് ചിരിപ്പിക്കുമ്പോള്‍ നജാഹ് പറയുന്നു അന്ധതയെനിക്ക് സഹതാപം സമ്മാനിക്കേണ്ട, പകരം മുന്നോട്ടുപോവനുള്ള കരുത്തു നല്‍കിയാല്‍ മതി.

നാലാംക്ലാസുവരെ ചുറ്റുമുള്ള വര്‍ണങ്ങളെ മറ്റുള്ളവരെ പോലെ ആസ്വദിക്കാനായിരന്നു നജാഹിന്. ഓടിച്ചാടി നടന്ന് കുസൃതികാട്ടിയും നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ടും വണ്ടികളോടുള്ള ഭ്രമം കൊണ്ട് അതിന്റെ നമ്പര്‍ പറഞ്ഞുകളിച്ചതുമൊക്കെ നജാഹിന് ഇപ്പോഴും നല്ല ഓര്‍മയുണ്ട്. പക്ഷെ ആ സന്തോഷം അധികകാലം തന്നോടൊപ്പമുണ്ടാവില്ലെന്ന് സ്വപ്‌നത്തില്‍ പോലും നജാഹ് കരുതിയിരുന്നില്ല. നിറങ്ങള്‍ കണ്ട കണ്ണുകള്‍ക്ക് മുന്നില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ട ഇരുട്ടായിരുന്നു തുടക്കം. പിന്നെ ആ ഇരുട്ട് നജാഹിന്റെ സന്തത സഹചാരിയായി.

വണ്ടികളെ പ്രണയിച്ച നജാഹ് പിന്നീട് ശബ്ദങ്ങളെ പ്രണയിച്ചു തുടങ്ങി. അനുകരണ കല നജാഹിനെ ചേര്‍ത്ത് പിടിച്ചു. അവിടേയും തന്റെ മാസ്റ്റര്‍പീസ് വണ്ടികളുടെ ശബ്ദമായിരുന്നു. കാഴ്ചാ പരിമിതിയുള്ളത് കൊണ്ട് മത്സരിക്കാനെത്തുമ്പോള്‍ വെച്ചനീട്ടുന്ന സഹതാപമാണ് അവനെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്. അതിനുള്ള മറുമരുന്നായി തന്റെ അനുകരണ കല. അരീക്കോട് സുല്ലുമുസലാം ഓറിയന്റല്‍ സ്‌കൂളിലെ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് നജാഹ്. കാഴ്ചയില്ലാത്തത് കൊണ്ടുള്ള പ്രശ്‌നം കൊണ്ട് അപ്പീല്‍വഴിയാണ് സംസ്ഥാനതലത്തിലെത്തിയത്‌.
ബി ഗ്രേഡാണ് ലഭിച്ചതെങ്കിലും ഗ്രേഡിലല്ല, കല തനിക്ക് തരുന്ന ശക്തിയാണ് മത്സരിക്കാനുള്ള പ്രചോദനമെന്ന് പറയുന്നു നജാഹ്.

വാഹനങ്ങള്‍, മൃഗങ്ങള്‍, പ്രകൃതിയിലെ മറ്റ് ശബ്ദങ്ങള്‍ ഇതെല്ലാമായിരുന്നു കോഴിക്കോട്ട്‌ നജാഹിന്റെ പ്രധാന മരുന്നുകള്‍. ഫോണിലൂടേയും മറ്റും സ്വയം കേട്ടാണ് പരിശീലനം. ചില ശബ്ദങ്ങള്‍ കൂട്ടുകാര്‍ അയച്ചുകൊടുക്കുകയും ചെയ്യും. പിന്നീട് അത് പഠിച്ചെടുക്കാനുള്ള ശ്രമമാണ്. രണ്ട് ശതമാനമാണ് കാഴ്ചയെന്നത് കൊണ്ടുതന്നെ പരസഹായമില്ലാതെ പുറത്തിറങ്ങുക അത്ര എളുപ്പമല്ലെങ്കിലും കൂട്ടുകാരും വീട്ടുകാരും നല്‍കുന്ന പിന്തുണയാണ് അവന്റെ ശക്തി.

കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

വൈകല്യങ്ങളെയോര്‍ത്ത് നിരാശയുടെ പടുകഴിയില്‍ വീഴുന്നവരോട് പുച്ഛമാണ് നജാഹിന്. കുഞ്ഞുജീവിതം സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അതിപ്പോള്‍ ഇരുട്ടായാല്‍ അതിനൊപ്പം വെളിച്ചമായാല്‍ അതിനൊപ്പം. തന്റെ ഈ നിലപാടുകള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് നജാഹ്. കലയിലൂടെ എഴുത്തിലൂടെ വായനയിലൂടെ പോരാട്ടം തീര്‍ക്കുകയാണവന്‍. ഒട്ടും തളര്‍ന്നുപോവാതെ.

കലയ്ക്കപ്പുറം പഠനത്തിനും ക്വിസ് മത്സരങ്ങളിലുമെല്ലാം ഒന്നാം സ്ഥാനക്കാരനാണ് ഈ കൊച്ചുമിടുക്കന്‍. തലച്ചോറില്‍ ദ്രാവകം കെട്ടിക്കിടക്കുന്ന ഹൈഡ്രോസിഫലസ് എന്ന അസുഖമാണ് നജാഹിനെ ബാധിച്ചത്. മെഡിക്കല്‍ സയന്‍സ് പോലും സഹതപിച്ച് വിട്ടിടത്ത് നിന്ന് താന്‍ ജീവിതം ജീവിക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് നജാഹ് തന്റെ പുസ്തകത്തില്‍ പറയുന്നു. ഏതെങ്കിലും ഒരു കാലത്ത് ഒരു ദിവസം എന്നെ പഴയ ഞാനാക്കി മാറ്റണം. അതിന് തടസ്സം നില്‍ക്കുന്ന എല്ലാത്തിനേയും മറികടക്കണം. ഒരു പരീക്ഷണത്തിനും തന്നെ വിട്ടുകൊടുക്കില്ലെന്ന് മനസ്സില്‍ പറഞ്ഞ് ധൈര്യം സംഭരിക്കണം. നജാഹ് തന്റെ വരും ഭാവിയെ കുറിച്ച് സ്വപ്‌നം കാണുകയാണ്. അതിന് വേണ്ടി പോരാടുകയാണ്.


Content Highlights: kerala state youth festival 2023 mimicri Najah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented