സംസ്ഥാന സ്കൂൾകലോത്സവത്തിന്റെ ഭാഗമായി ചിത്രകാരൻ വത്സൻ കൂർമകൊല്ലേരിയുടെ നേതൃത്വത്തിൽ 61 കലാകാരന്മാർ മാനാഞ്ചിറ സ്ക്വയറിൽ ചിത്രം വരച്ചപ്പോൾ
കോഴിക്കോട്: വര്‍ഷത്തിന്റെ അവസാനനാളില്‍ പലദേശങ്ങളില്നിന്ന് പേരുകേട്ട ആര്‍ട്ടിസ്റ്റുകള്‍ മാനാഞ്ചിറയിലൊത്തുകൂടി. നിറങ്ങളില്‍ പല കാലങ്ങള്‍ നിറഞ്ഞു. കലോത്സവത്തിനെത്തുന്ന കൗമാരത്തെ വരവേല്‍ക്കാന്‍ ചിത്രങ്ങളൊരുങ്ങി. കേരള ലളിതകലാഅക്കാദമിയും കലോത്സവ സാംസ്കാരികകമ്മിറ്റിയും ചേര്‍ന്നാണ് സ്കൂള്കലോത്സവത്തെ വരവേല്‍ക്കാനായി ചിത്രോത്സവം ഒരുക്കിയത്. 61-ാമത് സ്കൂള്‍ കലോത്സവത്തെ കുറിക്കാനായി 61 ചിത്രകാരാണെത്തിയത്.
മാനാഞ്ചിറ സ്ക്വയറിലെ ആംഫി തിയേറ്ററില്‍ ചിത്രകാരനും ശില്പിയുമായ വല്സന് കൂര്‍മകൊല്ലേരി ചിത്രം വരച്ച് പരിപാടി ഉദ്ഘാടനംചെയ്തു. വര്‍ഷം അവസാനിക്കുന്ന ദിവസം കലോത്സവത്തെ വരവേല്‍ക്കാന്‍ ഇത്രയും കലാകാരന്മാരൊത്തുകൂടിയത് സന്തോഷകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
പോള്‍ കല്ലാനോട്, ദയാനന്ദന് മലപ്പുറം, സുധാകരന് എടക്കണ്ടി, കബിത മുഖോപാധ്യായ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ചിത്രകാരന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികള്‍ നടക്കുന്ന ബീച്ചിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പിന്നീട് ഇവ ലളിതകലാ അക്കാദമിയുടെ ഹാളില്‍ പ്രദര്‍ശനത്തിന് വെക്കും.
ഉദ്ഘാടനച്ചടങ്ങില്‍ സ്കൂള്കലോത്സവ സാംസ്കാരിക കമ്മിറ്റി ചെയര്മാന് എ. പ്രദീപ് കുമാര്‍ അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു മുഖ്യാതിഥിയായി. വടയക്കണ്ടി നാരായണന്, എന്‍. ബഷീര്‍, സി.പി.എ. റഷീദ്, എ.കെ. മുഹമ്മദ് അഷറഫ്, കെ.വി. ശശി, ഇ.എം. രാധാകൃഷ്ണന്, കെ. സജീവന്, ഡോ. ഇ.എം. പ്രമോദ് കുമാര്‍, സുനില്‍ അശോകപുരം, എം.എ. സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.
കലോത്സവ വീഡിയോ പ്രകാശനംചെയ്തു
വെല്‍ഫെയര്‍ കമ്മിറ്റി തയ്യാറാക്കിയ കലോത്സവ വീഡിയോ പുറത്തിറക്കി. കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. രമ എം.എല്‍.എ. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബുവിന് നല്കി പ്രകാശനം ചെയ്തു.
പ്രകൃതിദത്തമായ രീതിയില്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചും പ്ലാസ്റ്റിക് ഉത്പന്നങ്ങളെ പടിക്കുപുറത്തു നിര്‍ത്തിയുമുള്ള സന്ദേശമാണ് വീഡിയോയില്‍ ഉള്ളത്. കമ്മിറ്റി വൈസ് ചെയര്മാന് എന്‍.സി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മനോജ് കുമാര്‍, ജെ. ആര്.സി. ജില്ല കോ-ഓര്‍ഡിനേറ്റര്‍ സിന്ധു സൈമണ്‍, കണ്‍വീനര്‍മാരായ കെ.പി. സുരേഷ്, റഫീക്ക് മായനാട്, ഡോ. പി.എം. അനില്‍കുമാര്‍, സലാം മലയമ്മ, റഷീദ് പാണ്ടിക്കോട്, മുജീബ് കൈപാക്കില്‍, സജീര്‍ താമരശ്ശേരി, ഷഹസാദ് വടകര, നിഷ വടകര, വി.കെ. സരിത, എം.പി. റമീസ് സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വര്‍ണക്കപ്പ് തിങ്കളാഴ്ചയെത്തും; കാണാം മാനാഞ്ചിറയില്‍
സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് രണ്ടിന് കോഴിക്കോട്ടെത്തിക്കും. നിലവിലെ ജേതാക്കളായ പാലക്കാട് ജില്ലയുടെ കൈയിലാണിപ്പോള്‍ കപ്പുള്ളത്. പാലക്കാട്ടുനിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വര്‍ണക്കപ്പ് കോഴിക്കോട് ജില്ലാതിര്‍ത്തിയായ രാമനാട്ടുകരയില്‍നിന്ന് ഏറ്റുവാങ്ങും.
ഒരുമണിയോടെ സംഘാടകസമിതി ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ., ട്രോഫി കമ്മിറ്റി ചെയര്മാന് കെ.പി. കുഞ്ഞഹമ്മദ്കുട്ടി എം.എല്‍.എ., കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ്കുമാര്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങും.
സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര പത്തുകേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മൂന്നുമണിയോടെ മുതലക്കുളം മൈതാനിയിലെത്തും. അവിടന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും ഏറ്റുവാങ്ങും. തുടര്‍ന്ന് ഘോഷയാത്രയായി തുറന്നജീപ്പില്‍ മാനാഞ്ചിറ ചുറ്റും.
നാലുമണിയോടെ മാനാഞ്ചിറ സ്ക്വയറില്‍ സ്വര്‍ണക്കപ്പ് സ്ഥാപിക്കും. ആറുമണിവരെ കപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കും. ഘോഷയാത്രയില്‍ പരമാവധിപേര്‍ പങ്കെടുക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു.
പങ്കെടുക്കുന്നവര്‍ക്ക് സൗജന്യയാത്ര
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ടെത്തുന്ന മത്സരാര്‍ഥികള്‍ക്ക് സൗജന്യയാത്രാസൗകര്യവുമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക്.
പത്ത് ഓട്ടോറിക്ഷകളാണ് ഇതിന് സജ്ജീകരിച്ചതെന്ന് ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വേദികളില്‍നിന്ന് വേദികളിലേക്ക് പോകാന്‍ മത്സരാര്‍ഥികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ഡയറക്ടര്‍മാരായ ടി.എം. വേലായുധന്, കെ. അജയകുമാര്‍, എ. ശിവദാസ്, പി.എ. ജയപ്രകാശ്, എന്‍.പി. അബ്ദുള്‍ ഹമീദ്, വി. ബലരാമന്, കെ.ടി. ബീരാന്‍കോയ, പി.എസ്. ഷിംന, എ. അബ്ദുള്‍ അസീസ്, ജനറല്‍ മാനേജര്‍ സാജു ജെയിംസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: kerala state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..