കലോത്സ സ്റ്റേജ്
കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ബൂട്ടുകളുടെ പ്രകമ്പനം മാത്രം കേട്ടിരുന്ന വിക്രം മൈതാനി ഇനി ചിലങ്കകളുടെ ശബ്ദംകേട്ടുണരും. കൗമാര മേളകളുടെ പ്രധാന വേദിയെന്ന നിലയില്‍ അണിഞ്ഞൊരുങ്ങി മൊഞ്ചത്തിയായി തലയുര്ത്തിനില്ക്കുകയാണിവിടം. ടെറിട്ടോറിയില്‍ ആര്‍മികള്‍ക്ക് മാത്രം നിയന്ത്രണമുണ്ടായിരുന്ന മൈതാനിയില്‍ മോഹിനിയാട്ടക്കാരും സംഘനൃത്തക്കാരുമെല്ലാം ആടിത്തിമിര്ക്കുമ്പോള് വലിയൊരു ചരിത്രത്തിന് നാം സാക്ഷിയാകുക.
എട്ട് ഏക്കര്‍ വിസ്തൃതി മൈതാനത്ത് അറുപതിനായിരം ചതുരശ്രഅടിയിലാണ് വേദിയും പന്തലും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നത്. പുതുവര്‍ഷ ദിനത്തില്‍ പന്തല്‍ മേളയുടെ നടത്തിപ്പുകാര്‍ക്ക് കൈമാറും. മൈതാനിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങള്‍ വീക്ഷിക്കാനാവുന്ന തരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. മൈതാനിയിലെ ചതുപ്പുള്ള സ്ഥലങ്ങള്‍ മണലിട്ട് ബലപ്പെടുത്തി. കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ വേദിയും പന്തലും ഒരുങ്ങുന്നത്.
40 അടി നീളവും 35 അടി വീതിയിലുമാണ് സ്റ്റേജ്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 14 ഗ്രീന്‍ റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 7എണ്ണം വീതം പെണ്‍കുട്ടികള്‍ക്കും ആണ്കുട്ടികള്ക്കുമായി നല്‍കും. പിന്‍വശത്തായി 1200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശ്രമമുറിയുമുണ്ട്. വിഐപി, സംഘാടന, പ്രസ്സ്, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ എന്നിവര്‍ക്കുള്ള പവലിയനും വേദിക്കരികിലായി തയാറാക്കിയിട്ടുണ്ട്. കൂടാതെ പോലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ സേനകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ട്.

മുപ്പതിനായിരം പേര്‍ക്കുവരെ കലോത്സവം ആസ്വദിക്കാനുള്ള സൗകര്യം ഒന്നാം വേദിയിലുണ്ട്. പതിനായിരം കസേരകളിടാം. മുഖ്യവേദിക്കരികെ പോയിന്റ് നില അറിയാനുള്ള കൂറ്റന്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. പുനരുപയോഗിക്കാവുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ് പന്തലൊരുക്കിയത്. ടിന്ഷീറ്റിലാണ് മേല്‍ക്കൂര. ഇരുമ്പുപൈപ്പുകളില്‍ തൂണുകളൊരുക്കി. തുറന്ന പന്തലായതിനാല് ഇത് ചൂട് കുറക്കാനും സാധിക്കും. തൃശൂര്‍ സ്വദേശിയായ ഉമ്മര്‍ പടപ്പിലാണ് വേദിയിലൊരുക്കുന്ന പന്തലിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കരീം പടുകുണ്ടില്‍ കണ്‍വീനറായ കമ്മറ്റിക്കാണ് വേദിയുടെ ചുമതല.
പന്തലുകളുടെ പെരുന്തച്ചന് ഉമ്മര്‍ പടപ്പില്‍
പരിപാടിയേതായാലും പന്തല്‍ ഉമ്മറിന്റേതാവണമെന്ന് നിര്ബന്ധമുണ്ടായിരിരുന്നു കഴിഞ്ഞ കാലങ്ങളിലെല്ലാം. കാരണം ഉമ്മര്‍ പടപ്പിലെന്ന തൃശ്ശൂര്കാരന് പണിത പന്തലില്‍ നെഹ്റുമുതല്‍ നരേന്ദ്രമോദി വരെ പ്രസംഗിച്ചിട്ടുണ്ട്. ഉമ്മര്‍ പണിത വേദിയില്‍ ആടിയും പാടിയും ചരിത്രത്തിന്റെ ഭാഗമായവര്‍ ഏറെ. അത്രയേറെ അനുഭവ സമ്പത്തുണ്ട് ഈ മേഖലയില്‍.
1987-ല്‍ സ്കൂള്‍ കലോത്സവത്തിന് പന്തല്‍ കെട്ടിയ ശേഷം പിന്നീടങ്ങോട്ട് ഉമ്മറില്ലാതെ എന്ത് കലോത്സവം എന്ന മട്ടായിരുന്നു.പിന്നീട് ഭൂരിഭാഗം കലോത്സവങ്ങളുടേയും പന്തല്‍ നിര്‍മാണ ചുമതല വഹിച്ചു. കോഴിക്കോട് ഒരിക്കല്‍ കൂടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയൊരുങ്ങുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പന്തല്‍ വിക്രം മൈതാനിയിലൊരുക്കാനും നേതൃത്വം നല്‍കുന്നത് ഉമ്മറാണ്.
60000 സ്ക്വയര്‍ഫീറ്റിലാണ് പന്തലൊരുങ്ങുന്നത്. ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, വി.പി സിങ് എന്നിവരെല്ലാം താനൊരുക്കിയ പന്തലിന്റെ തണലനുഭവിച്ചിട്ടുണ്ടെന്ന് പറയുന്നു ഉമ്മര്‍. പത്ത് ദിവസം മുമ്പ് 160 തൊഴിലാളികളാണ് പന്തലൊരുക്കാന്‍ കോഴിക്കോടെത്തിയത്. നിരവധി കോടതി ഉത്തരവുകളും വെല്ലുവിളികളുമെല്ലാമുള്ളത് കൊണ്ടുതന്നെ ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പന്തലൊരുക്കാനുള്ള ജോലി ഉത്തരവാദിത്തമേറിയതാണെന്ന് ഉമ്മര്‍ പടപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: kerala state shool youthfestival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..