അമ്മ രഞ്ജിനിയോടൊപ്പം ആദിത്യ
'രാവിലെ വന്നിരുന്നതാണ്, ഭക്ഷണം പോലും വേണ്ടെന്ന് വച്ച്'... അമ്മയോട് ചേര്‍ന്നിരുന്ന് ആദിത്യ സുരേഷ് തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണ്. അവന്റെ നിറഞ്ഞ ചിരിയില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം. കവിതയുടെ കൈ പിടിച്ചാണ് ഇത്തവണ ആദിത്യ കലോത്സവ വേദിയില്‍ എത്തിയിരിക്കുന്നത്. എച്ച്.എസ്.എസ്. വിഭാഗം മലയാളം പദ്യം ചൊല്ലലില്‍ പങ്കെടുക്കുന്ന ഈ പതിനഞ്ചുകാരന് വെല്ലുവിളികളെ മനോധൈര്യം കൊണ്ട് കീഴടക്കിയാണ് ഇവിടെ വരെ എത്തിയത്. അസ്ഥികള്‍ ഉടയുന്ന ഓസ്റ്റിയോ ജനസസ് 'ഇംപെര്‍ഫെക്ട്' എന്ന അപൂര്‍വ്വ ശാരീരികാവസ്ഥയോട് പോരാടിച്ചാണ് ആദിത്യ തന്റെ ഒരോ വിജയവും നേടിയെടുത്തത്.
കലാകാരന്മാരുടെ ജീവിതത്തിലും ഇരുട്ട് പരത്തിയ കോവിഡ് നാളുകളില്‍ നിന്ന് ആദിത്യയുടെ അതിജീവനം ചെറുതല്ല. പതിവായിരുന്ന സംഗീത പഠനം മുടക്കിയത് കോവിഡാണെന്ന് അവന് സങ്കടത്തോടെ ഓര്‍ക്കുന്നു.ഗാനമേളകളും സംഗീത പരിപാടികളും നിറഞ്ഞു നിന്ന ഒരു സന്തോഷകാലത്തിന് തിരശീലയിട്ടത് കോവിഡായിരുന്നു. എങ്കിലും ഓണ്‍ലൈനില്‍ പാട്ടു പഠനം തുടര്‍ന്നു. ഇത്തവണ ലളിത ഗാനത്തിന് പങ്കെടുക്കാന്‍ കഴിയാതെ പോയതിന്റെ കുഞ്ഞു സങ്കടവും മനസിലൊതുക്കിയാണ് അവനെത്തുന്നത്.
ഒന്നനങ്ങിയാല്‍ പൊട്ടുന്ന ശാരീരകാവസ്ഥയില് നിന്നും വേദനയില്‍ നിന്നും മൂന്നു വര്‍ഷമായി അവന് മോചിതനാണ്. മാതാപിതാക്കളായ ഏഴാംമൈല്‍ രഞ്ജിനി ഭവനത്തില്‍ സുരേഷും രഞ്ജിനിയും മകനെ അത്രമേല്‍ കരുതലോടെയാണ് പരിപാലിക്കുന്നത്. എല്ലുപൊടിയുന്നത് മൂലം കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലുമാകാതിരുന്ന കുട്ടിക്കാലത്ത് കിടക്കയില്‍ അവന് കൂട്ട് സംഗീതമായിരുന്നു. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞു ആദിത്യന്റെ അസ്ഥി പൊട്ടി. അവിടെ നിന്നിവിടം വരെ അവന്റെ സ്വപ്നങ്ങള്‍ക്കൊപ്പം കരുത്തായി അച്ഛനുമമ്മയുമുണ്ട്.
വീട്ടില്‍ ആദിത്യന് എല്ലാവരുടേയും മണിക്കുട്ടനാണ്. ഇതിനകം 20 തവണ ആദിത്യയുടെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. ടിവിയിലെ പാട്ടിനൊപ്പം മൂളി മൂളി അവന് ചെറുപ്പത്തിലേ തന്റെ പാട്ടിന്റെ വഴി കണ്ടെത്തിയിരുന്നു. പാട്ടിന്റെ വരികള്‍ ഹൃദിസ്ഥമാക്കാന്‍ അവന് സവിശേഷ സിദ്ധിയുണ്ട്. പാട്ടിനൊപ്പം കവിതയും അവനൊപ്പം കൂടിയതങ്ങനെയാണ്. അയ്യപ്പപ്പണിക്കരുടെ അഗ്നിപൂജയെന്ന കവിതയാണ് ഇത്തവണ ആദിത്യ പാടുന്നത്.
കൊല്ലം, നെടിയവിള അംബികോദയം ബി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയാണ് . പഠനത്തോടൊപ്പം സംഗീത പഠനവും പരിപാടികളും അവന് നന്നായി കൊണ്ടുപോകുന്നുണ്ട്. ഇതിനിടെ സിനിമയിലും ആദിത്യ അരങ്ങേറ്റം കുറിച്ചു.
Content Highlights: Kerala state school youth festival 2023, school kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..