കലോത്സവം കോഴിക്കോടൻ മണ്ണിൽ ആവേശത്തിരയിളക്കുമ്പോൾ ആ പഴയ ചോദ്യം വീണ്ടും ഉയരുന്നു- എവിടെ ഗോത്രകലകൾ?


അഞ്ജന രാമത്ത്



Representational image/Mathrubhumi archives

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി കോഴിക്കോട്ടെത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് കേരളം ഒന്നാകെ സ്വാഗതം പറഞ്ഞത്. കോവിഡിനെ തുടര്‍ന്നുണ്ടായ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ കലാമാമാങ്കത്തെ കേരളം ആഘോഷം തന്നെയാക്കി മാറ്റി. ഇവിടെയും അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗമുണ്ട്‌. കേരളത്തിലെ ആദിവാസി ജനത. അവരുടെ എണ്ണം കലോത്സവത്തില്‍ നന്നേ കുറവായിരുന്നു. പ്രധാന ഇനങ്ങളില്‍ മത്സരിക്കാനെത്തിയവരില്‍ പോലും കണ്ടത് ഒരു ന്യൂനപക്ഷത്തെ. ആദിവാസി കലകളും കലോത്സവത്തിന് രണ്ടു മൈല്‍ അപ്പുറം പോലുമില്ല. കലോത്സവ സംഘാടക സമിതിയുമായി ബന്ധപ്പെട്ടപ്പോഴും ഇതേ ഉത്തരം തന്നെയാണ് ലഭിച്ചത്.

പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക ചെലവാണ്‌. രണ്ടു ലക്ഷം രൂപയാണ് ഈ വര്‍ഷം മകള്‍ക്ക് മോഹിനിയാട്ടം മത്സരത്തിനായി ചെലവ് വന്നതെന്ന് മത്സരാര്‍ത്ഥികളിലൊരാളുടെ അമ്മ പറയുന്നു. ബാങ്കു ഉദ്യോഗസ്ഥയായ ഇവരുടെ ഭര്‍ത്താവ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ്. ഇത്തവണ വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍ നിന്നെത്തിയ മോഹിനിയാട്ടം മത്സരാര്‍ഥിക്ക് കലോത്സവത്തിനായി വീട്ടിലെ രണ്ടു പശുക്കളെ വില്‍ക്കേണ്ടി വന്നു. പത്തനംതിട്ടയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നെത്തിയ നാടക ടീമിന് പറയാനുള്ളത് അതിലും വിഷമം നിറഞ്ഞ കഥയാണ്. ചുരുങ്ങിയ ചെലവിലാണ് ഇവര്‍ തങ്ങളുടെ നാടകം ഒരുക്കിയത്. ഭൗതികമായ പല സൗകര്യക്കുറവുകളും ഇവര്‍ അറിയേണ്ടി വന്നു. പണമില്ലാത്തത്തിനാല്‍ നാടകത്തിന്റെ തീം വരെ ചെലവുചുരുക്കിയാണ് ആവിഷ്‌കരിച്ചത്.

"കലോത്സവങ്ങള്‍ ഞങ്ങള്‍ക്കൊരു അപരിചിതമായ തുരുത്തായിരുന്നു. മാറ്റിനിര്‍ത്തലുകള്‍ മാത്രമാണ് ഞാന്‍ ഇക്കാലയളവില്‍ അനുഭവിച്ചിട്ടുള്ളത്. ഞങ്ങളെ ആരും ഗ്രൂപ്പിനത്തില്‍ ചേര്‍ക്കാറില്ല. താത്പര്യമുണ്ടോയെന്ന് ചോദിക്കാറില്ല. സിംഗിള്‍ ഐറ്റത്തിന് പഠിപ്പിക്കാന്‍ ആളും ഇല്ല, കാശും ഇല്ല." സ്‌കൂള്‍ കലോത്സവങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ നല്ല ഓര്‍മ്മകള്‍ ഇല്ലെന്ന് ആദിവാസി ആക്ടിവിസ്റ്റായ മണിക്കുട്ടന്‍ പറയുന്നു. കലോത്സവവേദികളില്‍ മോഹിനിയാട്ടവും ഭരതനാട്യം പോലുള്ള കലകള്‍ അവതരിപ്പിക്കാനുള്ള ആഗ്രഹമില്ലാത്തവരല്ല, എന്നാല്‍ കലോത്സവത്തില്‍ എത്താനാവശ്യമായ പണം എടുക്കാനില്ലാത്തവരാണ്. സാമ്പത്തികമായി മുന്നോട്ട് നില്‍ക്കുന്നവരും മറ്റു സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചവരുമാണ് കലോത്സവ വേദിയിലേക്ക് ഇപ്പോള്‍ സാധാരണയായി എത്തുന്നത്, അതും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. കലോത്സവത്തില്‍ ആദിവാസി കലകളുള്‍പ്പെടുത്താതെ ട്രൈബല്‍ വകുപ്പ് ആദിവാസികള്‍ക്ക് മാത്രമായി നടത്തുന്ന സര്‍ഗോത്സവത്തോട് യോജിക്കാനാവില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

കേരളത്തില്‍ നിലവിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രി മെട്രിക്ക് ഹോസ്റ്റലുകളിലും വിദ്യാഭ്യാസം നേടുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ സാമ്പത്തികമായി ഏറെ പിറകില്‍ നില്‍ക്കുന്നവരാണ്. വളരെ ബുദ്ധിമുട്ടിയാണ് ഇവരെ സ്‌കൂളിലേക്ക് എത്തിക്കുന്നതെന്നാണ് ഇവിടെയുള്ള അധ്യാപകര്‍ പറയുന്നത്. പൊതുവിഭാഗത്തിലെ കുട്ടികളോട് മത്സരിക്കുന്നതില്‍ പല പരിമിതികളും അവരെ ഇപ്പോഴും തടയുന്നതായി അധ്യാപകര്‍ പറയുന്നു.ഭാഷ, കല തുടങ്ങിയവ അടിച്ചേല്‍പ്പിക്കുന്നത് പകരമുള്ള ശാസ്ത്രീയരീതികള്‍ വേണമെന്നാണ് ഇവരുടെ അഭിപ്രായം.

അന്യം നിന്നുപോകുന്ന കലാരൂപങ്ങളും കലോത്സവവേദികളില്‍ മാത്രം ഇന്നും നിലനിന്നുപോകുമ്പോള്‍ ഈ വേദികളില്‍ ആദിവാസി കലകള്‍ക്കു ഭ്രഷ്ടാണ്. 61ാമത് സ്‌കൂള്‍ കലോത്സവത്തില്‍ 239 മത്സര ഇനങ്ങളാണുള്ളത്. ഇതോടൊപ്പം തന്നെ സംസ്‌കൃതോത്സവവും അറബി സാഹിത്യോത്സവങ്ങളും നടക്കുന്നു. ഇവയിലൊന്നും ഗോത്രജനതയുടെ മുദ്ര പതിപ്പിക്കുന്ന ഒരു മത്സര ഇനം പോലുമില്ല. 2015-ലെ കോഴിക്കോട് കലോത്സവ വേദിയിലാണ് ആദിവാസി കലകള്‍ കലോത്സവങ്ങളിലുള്‍പ്പെടുത്തണമെന്ന വാദം ശക്തമായി ഉയരുന്നത്. ഇതു സംബന്ധിച്ച മാതൃഭൂമി നല്‍കിയ വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്ക് തന്നെ തുടക്കം കുറിച്ചു. ഇത് പരിഹരിക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബ് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഇന്നും ആ വാക്ക് പാലിക്കപ്പെടാതെയിരിക്കുന്നു. ആദിവാസി കലകളെ കേരളത്തിന്റെ സാംസ്‌ക്കാരിക ഭൂപടത്തില്‍നിന്ന് മാറ്റി നിര്‍ത്തേണ്ട ഒന്നല്ല. അവ കേരളത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരത്തില്‍ ഉള്‍പ്പെട്ടവയാണ്.

നമ്മുടെ എല്ലാ കലാമേളകളും സവര്‍ണ്ണ ക്ഷേത്രകല ആഢ്യത്വം നിലനിര്‍ത്തുന്ന രീതിയിലാണ് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളതെന്ന് ദളിത് ആക്ടിവിസ്റ്റായ മൃദുല ദേവി പറയുന്നു. "ദീര്‍ഘകാലം ഗുരുവിന്റെ കീഴില്‍ പഠിച്ചാണ് ഇത്തരം കലകള്‍ അഭ്യസിക്കുന്നത്. ഈ കലകളുടെ ചരിത്രമെടുത്താല്‍ തന്നെ അവയെല്ലാം ക്ഷേത്രവുമായി ബന്ധപ്പെട്ട നില്‍ക്കുന്നത്. അയിത്ത സമൂഹമായി കല്‍പ്പിക്കപ്പെട്ടവര്‍ക്ക് ഇത്തരം കലകള്‍ അഭ്യസിക്കുകയെന്നത് അന്യമായ കാര്യമായി മാറി. കാലം മാറി. എല്ലാവര്‍ക്കും ഇത് പഠിക്കാനായ സാഹചര്യം വന്നപ്പോഴും ആദിവാസി സമൂഹം ഇതില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. ആദിവാസി സമൂഹത്തെ പഠിപ്പിക്കാന്‍ ഗുരുസമൂഹത്തില്‍ ഏറിയ പങ്കും തയ്യാറായിട്ടില്ല. എന്നാല്‍, മുന്നോട്ട് വരുന്നവരും ഇന്നത്തെ കാലത്തുണ്ട്. അവ വളരെ ചുരുക്കമാണ്. അവയെ ജനകീയമാക്കുന്നതില്‍ ഇത്തരം കലോത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതിനായുള്ള മുന്‍കൈ സര്‍ക്കാരെടുക്കണം."

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 20 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും സര്‍ഗോത്സവമെന്ന പേരില്‍ കലോത്സവം നടത്താറുണ്ട്. കോവിഡ് കാരണം മുടങ്ങിയ പരിപാടി പിന്നീട് ഇതുവരെ നടത്തിയിട്ടില്ല. തനത് കലാരൂപങ്ങളായ ഗദ്ദിക, നാടന്‍പാട്ട്, വട്ടംകളി, മുതുവന്‍നൃത്തം തുടങ്ങിയവയില്‍ നല്ല മത്സരം സര്‍ഗോത്സവത്തില്‍ നടക്കാറുണ്ട്. കലോത്സവവേദികളില്‍ അരങ്ങേറുന്ന നാടോടി നൃത്തം വേറിട്ടുനിൽക്കുന്നതുമാണ്‌. നൃത്ത അധ്യാപകര്‍ അണിയിച്ചൊരുക്കിയ രീതിയാണ് നാടോടി നൃത്തമെന്ന പേരില്‍ പ്രചരിക്കുകയാണ് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സചീന്ദ്രന്‍ മതിരോളി ചൂണ്ടിക്കാട്ടി

"മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ കാര്‍ഷികമായും, സാംസ്‌കാരികമായും ബന്ധമുള്ള നൃത്തത്തെ നാടോടി നൃത്തത്തെ അവതരിപ്പിക്കുമ്പോള്‍, കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവുമായി ബന്ധം വേണ്ട കലാരൂപങ്ങള്‍ കലോത്സവവേദികളില്‍ അവതരിപ്പിക്കുന്നില്ല. പണിയരുടെ, കുറിച്യരുടെ എല്ലാം സാംസ്‌കാരിക ജീവിതവുമായി ബന്ധപ്പെട്ട നൃത്തരൂപങ്ങളും അവതിരിപ്പിക്കാനായി ഇവിടെ അവസരം നല്‍കണം. ആദിവാസി സംഗീതമെന്നത് അത്രയ്ക്കും പരിശുദ്ധമായ കലാരൂപമാണ്. സര്‍ഗാത്മകതയും പൂര്‍ണതയും അവിടെ കാണാനാവും. ജീവിത പരിസരങ്ങളില്‍ അവര്‍ പാടി പഠിച്ച താളം കൊണ്ട് അവര്‍ എഴുതിയ പാട്ടുകള്‍ വാമൊഴിയാല്‍ തലമുറകള്‍ കൈമാറ്റം ചെയ്യപ്പെട്ട് വന്നതാണ്. എന്നാല്‍, കേരളത്തിലെ സാംസ്‌കാരിക മാമാങ്കത്തില്‍ അതിന് സ്ഥാനമില്ല."

ആദിവാസി കലകളാണെന്ന പേരില്‍ ഇത്തരം കലകളെ മാറ്റി നിര്‍ത്തണമെന്ന പൊതുമനോഭാവം മാറ്റേണ്ടതാണ്. നമ്മുടെ സംസ്‌കാരവുമായി ചേര്‍ന്നു നില്‍ക്കുന്ന കലാരൂപങ്ങള്‍ പൊതുസമൂഹം പങ്കെടുക്കുന്ന വേദികളില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. തമിഴ് നാടിന്റെയും, കര്‍ണ്ണാടകത്തിന്റെയും കലകളായ ഭരതനാട്യവും കുച്ചിപ്പുടിയേയും കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പണിയരുടെയും കുറുമ്പരുടെയും ഉള്‍പ്പടെയുളള കേരളത്തിന്റെ ആദിവാസി വിഭാഗത്തെ അടയാളപ്പെടുത്തുന്ന കലാരൂപങ്ങള്‍ അടയാളപ്പെടുത്താനും ഇടം വേണം. അത് പഠിപ്പിക്കാന്‍ ആ ഇടങ്ങില്‍ നിന്നുള്ള അധ്യാപകര്‍ തന്നെ മുന്നോട്ട് വരണം. ആദിവാസി കലകള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രം പോര, സമഗ്രമായ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്.

Content Highlights: Kerala state kalotsvam and tribal students and tribal arts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented