ഭിന്നശേഷി കുട്ടികളുടെ അമ്മമാർ നടത്തുന്ന 'ഒപ്പം' കൂൾബാർ
സാമൂതിരി സ്കൂള്‍ മൈതാനിയില്‍ ഭരതനാട്യമത്സര വേദിയുടെ ഇരുവശങ്ങളിലും പ്രദര്‍ശന സ്റ്റാളുകളാണ്. കൂട്ടത്തിലൊന്ന് മാത്രം വേറിട്ടുനില്ക്കുന്നു. 'ഒപ്പം' എന്ന പേരില്‍ ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ നടത്തുന്ന 'കൂള്‍ബാര്‍'. ഉച്ചവെയിലില്‍ വിയര്‍ത്തൊലിച്ച കാണികള്‍ക്കും രക്ഷകര്‍ത്താകള്‍ക്കും ആശ്വാസമേകാന്‍ ചെറിയ നിരക്കില്‍ ചായപ്പാലഹാരങ്ങളും തണ്ണിമത്തന് ജ്യൂസും നാരങ്ങാവെള്ളവുമൊക്കെയായി കലോത്സവത്തില്‍ സജീവമാണ് 'ഒപ്പം'.
സമഗ്ര ശിക്ഷാ കേരളമെന്ന സര്‍ക്കാര്‍ പദ്ധതിയുടെ കോഴിക്കോട് ശാഖയാണ് ഇത്തരത്തിലൊരു വേറിട്ട സംരംഭത്തിന് രൂപം നല്‍കിയിരിക്കുന്നത്. കാറ്ററിങ്, തയ്യല്‍, സോപ്പ് നിര്‍മാണം തുടങ്ങി വിവിധയിനം തൊഴില്‍പരിശീലനങ്ങള്‍ സ്കില്‍ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവണ്ണൂരിലെ അമ്മമാര്‍ക്ക് നല്‍കുന്നുണ്ട്. അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രയോജനമുണ്ടാകുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഉത്തരമുണ്ട്. യൂണിറ്റ് ശക്തി പ്രാപിച്ചുവരുകയാണെങ്കില് കുട്ടികളെ അമ്മമാര്‍ക്കൊപ്പം കൂട്ടും. ചെറു ജോലികളില്‍ അവരേയും ഉള്‍ക്കൊള്ളിക്കുക എന്നതാണ് ലക്ഷ്യം. ഇതുപോലയുള്ള സ്റ്റോളുകളില്‍ നിന്നുലഭിക്കുന്ന വരുമാനം അവര്‍ക്ക് തന്നെയാണ്. വീട്ടിലെ നാലുചുവരുകളുടെ വിരസതയില്‍ നിന്ന് അമ്മമാര്‍ക്കും കുട്ടികള്‍ക്കും മോചനവുമാകും.
'കേരളത്തില്‍ ഇതുപോലൊരു സംരംഭം കോഴിക്കോട് മാത്രമേയുള്ളൂ. നിലവില്‍ പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത് അധ്യാപകരാണ്. യൂണിറ്റിലെ പരിശീലന പരിപാടികളും മറ്റ് പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിനായി ഏതാണ്ട് ആറ് ലക്ഷം രൂപയോളം നിലവില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട രീതിയിലേക്ക് യൂണിറ്റ് വളര്‍ന്നാല്‍ ജില്ലയില്‍ത്തന്നെ മറ്റ് 5 പരിശീലന കേന്ദ്രങ്ങള്‍ കൂടി തുറക്കും', ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ പ്രവീന്‍ കുമാര്‍ പറഞ്ഞു.
Content Highlights: Kerala school youth festival 2023, oppam food stall
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..