ശ്രീകൃഷ്ണ സ്കൂളിലെ സംഘനൃത്തം ടീം | ഫോട്ടോ: പി.കൃഷ്ണപ്രദീപ്
'സപ്തഭാഷാ സംഗമഭൂമി കാസര്‍കോട്...
കാസര്‍കോട് പെമ്പിള്ളേരെ കണ്ടിനാ..
നിങ്ങള്‍ മൊഞ്ചുളള ചെക്കന്മാരെ കണ്ടിനാ..
കണ്ടില്ലെങ്കില്‍ ബാ കാസര്‍കോട്ട് ബാ..'
മാറ്റത്തിന്റെ ശീലുകളും ചുവടുകളുമായി അതിരാണിപ്പാടത്തെ സദസ്സിന്റെ ഖല്‍ബ് കീഴക്കി തൃശ്ശൂര്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ കുട്ടികളുടെ സംഘനൃത്തം. കേരളത്തിലെ പതിന്നാലുജില്ലകളിലൂടെ അവരേഴുപേര് ചുവടുവെച്ചുനീങ്ങിയത് വിക്രം മൈതാനിയിലെ ജനസാഗരത്തിന്റെ കൈയടികളോടെയായിരുന്നു. കാസര്‍കോട്ട് നിന്നുതുടങ്ങിയ ആ യാത്ര 'പോന്നോളീ നമ്മുടെ ബാബുക്കാന്റെ പാട്ട്ണ്ട്' എന്ന വരികളോടെ കോഴിക്കോട്ടെത്തിയതോടെ ജനം ഇളകിമറിഞ്ഞു. അവരൊന്നിച്ച് പറഞ്ഞു മക്കളേ ഉസ്സാറായീക്കണ്!!!
തുടക്കം മുതല്‍ ഒടുക്കം വരെ സദസ്സിന്റെ നിര്‍ത്താതെയുളള കരഘോഷത്തിന്റെ അകമ്പടിയോടെയാണ് ഇവര്‍ ചുവടുവെച്ചത്. ചെങ്കൊടി പാറണ കണ്ണൂരും ചുരം കയറുന്ന വയനാടും സപ്തഭാഷയുടെ സംഗമഭൂമിയായ കാസര്‍കോടും ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറവും മറ്റു ജില്ലകളുമൊക്കെ വേഗത്തിലും താളത്തിലും വരികളായി മാറി. അതിനൊപ്പം ചടുലനൃത്തം കൂടിയായപ്പോള്‍ കണ്ടിരുന്ന കാഴ്ചക്കാര്‍ മതിമറന്നു. പ്രളയത്തെയും കോവിഡിനെയും ഒന്നിച്ചുനിന്ന് നേരിട്ട കേരളത്തെ നൃത്തച്ചുവടുകളിലൂടെ ഈ പെണ്‍കുട്ടികള്‍ വേദിയിലെത്തിച്ചപ്പോള്‍ ആ നാളുകളുടെ ഓര്‍മയിലേക്ക് സദസ്സും കൂടെച്ചേര്‍ന്നു. അവര്‍ പറഞ്ഞുവെച്ചത് ആ മാവേലിനാടിന്റെ മഹത്വത്തെ കുറിച്ചുതന്നെയായിരുന്നു.

'ഭാര്‍ഗവക്ഷേത്രം ഹരിതാഭസുന്ദരം കേരളം, കല തന് കേദാരം' എന്നു തുടങ്ങുന്ന സംഘനൃത്ത ഗാനത്തിന് വരികളെഴുതിയത് ജ്യോതിഷ് തെക്കേടത്ത് എന്ന കലാകാരനാണ്. കഴിഞ്ഞ 11 വര്‍ഷമായി ജ്യോതിഷ് സംഘനൃത്തങ്ങള്‍ക്ക് വേണ്ടിയുള്ള പാട്ടുകള്‍ക്ക് വരികളെഴുതുന്നു. ഇത്തവണ കേരളത്തെക്കുറിച്ചുള്ള പാട്ടുകൂടാത വിപ്ലവനായികകളായ കടത്തനാട് മാക്കവും ചിരുതയുമൊക്കെ സ്റ്റേജിലെത്തി. അരുണ്‍ നമ്പലത്താണ് ഈ 'കേരളീയ'നൃത്തത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. ജ്യോതിഷ് എഴുതിയ പാട്ടിന് സംഗീതം പകര്‍ന്നത് കലാഭവന്‍ സുമേഷും.
കണ്ണകിയും പരശുരാമനും അര്‍ധനാരീശ്വരനും നിറഞ്ഞാടിയ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ സംഘനൃത്തവേദി ഈ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റത്തിന്റെ മാറ്റൊലി ഉയര്ന്നവേദിയാണ്. കാലത്തിനൊത്ത മാറ്റങ്ങള്‍ സംഘനൃത്തത്തിന്റെ വേഷത്തിലും ഭാവത്തിലും ചുവടുകളിലും വരികളിലും സ്പഷ്ടം. വര്‍ണശബളിമയാര്‍ന്ന വേഷഭൂഷാദികള്‍ മാറ്റി ചങ്ങമ്പുഴയുടെ രമണനായി നാടോടിനൃത്ത ശൈലിയിലെത്തിയ ടീമും സദസ്സിന്റെ മനംകവര്‍ന്നു.
Content Highlights: kerala school kalolsavam thrissur school group dance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..