കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ തിരുവാതിര ടീമിനൊപ്പം പ്രീത ടീച്ചർ
കേരള സ്കൂള്‍ കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് (വെള്ളിയാഴ്ച) പുത്തന്‍ ധനുമാസത്തിലെ തിരുവാതിരനാള്‍ കൂടിയാണ്. വേദി ഒന്ന്-അതിരാണിപ്പാടത്ത് ദശപുഷ്പം ചൂടി, തിരുവാതിരപ്പാട്ടുകള്‍ പാടി, കുമ്മിയടിച്ച് മങ്കമാരങ്ങനെ തിരുവാതിര കളിക്കുകയാണ്.
എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസില്നിന്നെത്തിയ തിരുവാതിര ടീമിനൊപ്പമുള്ളത് സ്കൂളിലെ മലയാളം അധ്യാപികയാണ്. പ്രീത ടീച്ചര്‍. പക്ഷേ ടീച്ചര്‍ അവരെ പഠിപ്പിച്ചത് മലയാളമല്ല, തിരുവാതിരയാണ്. പറഞ്ഞുവരുമ്പോള്‍ ടീച്ചര്‍ക്ക് മലയാളത്തേക്കാള്‍ പ്രിയം തിരുവാതിരകളിയോടാണ്. കഴിഞ്ഞ 30 വര്‍ഷമായി ടീച്ചര്‍ തിരുവാതിര കളിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
തിരുവാതിരകളിയുടെ പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്തുന്നതിലും ടീച്ചര്‍ അഗ്രഗണ്യയാണ്. തിരുവാതിരപ്പാട്ടുകള്‍ എന്ന പേരില്‍ സ്വന്തമായി പുസ്തകം ഇറക്കിയിട്ടുണ്ട്. പുരാണങ്ങളില്‍ ശിവനെ വര്‍ണിക്കുന്ന ഭാഗങ്ങള്‍ ആസ്പദമാക്കി എഴുതിത്തയ്യാറാക്കിയ പാട്ടിനാണ് ഇത്തവണ ടീച്ചറിന്റെ കുട്ടികള്‍ ചുവടുകള്‍ വെച്ചത്. മത്സരത്തിനെത്തിയ മറ്റ് നാലുടീമുകള്‍ കുമ്മായടിച്ചതും ടീച്ചറുടെ പാട്ടുകള്‍ക്കാണ്.
നളചരിതം ആട്ടക്കഥ പഠിപ്പിക്കാന്‍ ക്ലാസില്‍ കലിവേഷത്തിലെത്തി കുട്ടികളെ അമ്പരിപ്പിച്ചിട്ടുണ്ട് ടീച്ചര്‍ മുമ്പൊരിക്കല്‍. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം അന്ന് മാധ്യമങ്ങിളിലൊക്കെ വലിയ വാര്‍ത്തയായിരുന്നു. കഥകളി കലാകാരി കൂടിയാണ് പ്രീത ടീച്ചര്‍. ഏഴാം വയസ്സു മുതല്‍ ടീച്ചര്‍ കഥകളി പഠിക്കുന്നുണ്ട്. പ്രൊഫഷണലായി അവതരിപ്പിക്കുന്നുമുണ്ട്.
സ്കൂള്‍ കുട്ടികള്‍ മാത്രമല്ല, അമ്മമാരും തിരുവാതിരകളിയില്‍ ടീച്ചറുടെ ശിഷ്യരാണ്. ഓള് കേരള പാരമ്പര്യ തിരുവാതിര കളിയുടെ പന്ത്രണ്ടോളം മത്സരങ്ങളില്‍ ടീച്ചര്‍ ഉള്‍പ്പെട്ട ടീമാണ് ജേതാക്കളായത്.
കല്യാണം കഴിച്ചു ചെന്നുകയറിയ വീട്ടിലും ഒരു തിരുവാതിര കലാകാരി ഉണ്ടായിരുന്നു എന്നത് ഏറ്റവും സന്തോഷം നല്കിയ കാര്യമാണെന്ന് ടീച്ചര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ആളുകളെ തിരുവാതിര കളിപ്പിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടിയ മാലിനി ജി. മേനോന്റെ മരുമകളാണ് പ്രീത. തിരുവാതിരയിലെ മാലിനീവസന്തം എന്ന പേരില്‍ അമ്മയെക്കുറിച്ചു മറ്റൊരു പുസ്തകവും ടീച്ചര്‍ എഴുതിയിട്ടുണ്ട്.
പാട്ടെഴുത്തും തിരുവാതിരച്ചുവടുകളും കഥകളിയും കൂട്ടത്തില്‍ മലയാളവുമൊക്കെയായി ഇനിയും മുന്നോട്ടുപോകണമെന്ന ആവേശത്തിലാണ് പ്രീത ടീച്ചര്‍.
Content Highlights: kerala school kalolsavam thiruvathira competition preetha teacher
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..