ശിവഗംഗ അമ്മ സുജാതയ്കും ഗുരു സത്യാരാജേന്ദ്രനുമൊപ്പം
തിരിച്ചുചെന്നശേഷം ശിവഗംഗയ്ക്ക് ആദ്യം റാണിട്ടീച്ചറെ കാണണം, കോഴിക്കോട്ടേക്കുവരുമ്പോള് കടംവാങ്ങിയ ആടയാഭരണങ്ങള്‍ തിരിച്ചുകൊടുക്കണം. ബി ഗ്രേഡുമായാണ് ചെല്ലുന്നതെങ്കിലും ടീച്ചര്‍ ഒരുമ്മ കരുതിവെച്ചിട്ടുണ്ടാവും.
ഹൈസ്കൂള്‍വിഭാഗം മത്സരത്തില്‍ ഭരതനാട്യമാടാനായി അമ്മ സുജാതയ്കും ഗുരു സത്യാരാജേന്ദ്രനുമൊത്താണ് ചേര്‍ത്തലയില്‍നിന്ന് ശിവഗംഗയെത്തിയത്. ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്.എസ്.എസിലെ പത്താംതരംവിദ്യാര്ഥിയാണവള്.
വേദിയില്‍ മകളാടുമ്പോള് സുജാതയ്ക്കുള്ളില് ആധികള്‍ നിറഞ്ഞാടുകയാണെന്ന് ഒറ്റനോട്ടത്തിലറിയാം. കടംവാങ്ങി കൈയില്‍കരുതിയ പണംകൊണ്ടാണ് മോളുമായി മേളയ്ക്കെത്തിയത്. വണ്ടിച്ചെലവിനും താമസത്തിനുമുള്ളത് സ്കൂളില്‍നിന്ന് കിട്ടി. അണിയാനുള്ള ആഭരണങ്ങള്‍ പതിവുപോലെ ശിവഗംഗയെ തൃച്ചാറ്റുകുളം ഗവ. എല്‍.പി. സ്കൂളില്‍ പഠിപ്പിച്ച റാണിയില്‍നിന്നു വാങ്ങി. അത് കുറേക്കാലമായിട്ടങ്ങനെയാണ്.
വേദിയില്‍ കയറുമ്പോള്‍ ടീച്ചറില്‍നിന്ന് കടംവാങ്ങും. നൃത്തത്തോടെന്നപോലെ ശിഷ്യയോടും ടീച്ചര്‍ക്കുള്ള ഇഷ്ടത്തിനുമുന്നില്‍ വേറെ കണക്കുകളൊന്നുമില്ല. കോവിഡുണ്ടാക്കിയ പ്രതിസന്ധിയില്‍നിന്ന് സത്യയുടെ ശ്രീപുരം നൃത്തവിദ്യാലയം കരകയറിയിട്ടില്ലെങ്കിലും ശിവഗംഗയോട് ഇതുവരെ ഫീ വാങ്ങിയിട്ടില്ല. ശിവഗംഗയ്ക് സംഗീതനാടക അക്കാദമിയുടെ സ്കോളര്‍ഷിപ്പ് അനുവദിച്ചുകിട്ടിയതാണ് ഇവരുടെയെല്ലാം ഇപ്പോഴത്തെ പ്രതീക്ഷ.
അച്ഛന് ശ്രീകാന്ത് അമ്പലങ്ങളിലും മറ്റും ചെണ്ടകൊട്ടിക്കിട്ടുന്നതാണ് ശിവഗംഗയുടെ കുടുംബത്തിന്റെ വരുമാനം. മേളത്തിരക്കായതിനാല് ശ്രീകാന്തിന് വരാനായില്ല. മൂന്നുവര്‍ഷം മുമ്പാണ് വാടകവീട്ടില്നിന്നുമാറി സ്വന്തമായിക്കിട്ടിയ പള്ളിപ്പുറത്തെ അഞ്ചുസെന്റില്‍ ഒരു കൂരകെട്ടിയത്. ഒറ്റമുറി അടുക്കളയും കിടപ്പുമുറിയുമായി പകുത്ത ടിന്‍ഷീറ്റുകൊണ്ടുള്ള വീട്ടില്‍ ശിവഗംഗയ്ക് ശിവനാരായണന്‍ എന്നൊരു അനുജന്കൂടിയുണ്ട്.
Content Highlights: kerala school kalolsavam sivaganga
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..