വരദ്ശ്രീ പാർഥസാരഥി
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയസംഗീതവേദി. അവസാന മത്സരാര്‍ഥിയായിരുന്ന വരദ്ശ്രീ പാര്‍ഥസാരഥി സദസ്സിലിരുന്ന് എല്ലാവരുടെയും പാട്ടുകേട്ടു.
ഓരോരുത്തരും രാഗവിസ്താരത്തിന്റെ ആദ്യശീല് മൂളുമ്പോള്ത്തന്നെ വരദ്, അടുത്തിരുന്ന ഗുരു മരുതൂര്വെട്ടം ഉണ്ണികൃഷ്ണനോട് രാഗം വിളിച്ചുപറയും. ഗുരുവിന് തെല്ലും അദ്ഭുതമില്ല, കാരണം സംഗീതത്തിലെ കംപ്യൂട്ടറാണ് വരദ്ശ്രീയെന്ന് അദ്ദേഹത്തിന് നന്നായറിയാം.
വൈകാതെ അവന്റെ ഊഴമെത്തി. ശുദ്ധസാവേരിരാഗത്തില് 'തായേ ത്രിപുരസുന്ദരീ...' എന്ന കീര്‍ത്തനം ഗംഭീരമായി പാടി. സദസ്സ് എഴുന്നേറ്റുനിന്ന് വരദിനെ അഭിനന്ദിച്ചു. വിധികര്‍ത്താക്കള്‍ എ ഗ്രേഡ് സമ്മാനിച്ചു.
ആലപ്പുഴ എസ്.ഡി.വി. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ വരദ്ശ്രീ പാര്‍ഥസാരഥി, അജയ്യനായിട്ടാണ് ആലപ്പുഴയില്‍നിന്ന് കോഴിക്കോട്ടെത്തിയത്.
മത്സരം കഴിഞ്ഞ് ഒരാള്‍ യൂട്യൂബില്‍ കര്‍ണാടകസംഗീതത്തിലെ ഒരു കീര്‍ത്തനം, വരദിനെ സ്ക്രീന്‍ കാണാന്‍ അനുവദിക്കാതെ കേള്‍പ്പിച്ചു. ഏതാണ് രാഗമെന്നും ആരാണ് പാടുന്നതെന്നുമുള്ള ചോദ്യത്തിന് ഉത്തരം ഉടന്‍വന്നു- നളിനകാന്തിരാഗം, ടി.എം. കൃഷ്ണ.
ഇതുകണ്ടതോടെ പലരും വരദിനെ പരീക്ഷിച്ചു. സഞ്ജയ് സുബ്രഹ്മണ്യവും ചെമ്പൈയും മഹാരാജപുരം സന്താനവും അടക്കമുള്ള പ്രഗല്ഭരെ കേട്ടമാത്രയില്‍ ഈ കുട്ടി തിരിച്ചറിയുന്നു. അവര്‍ പാടുന്ന രാഗമേതെന്ന് അതിവേഗം പറയുന്നു.
മരുതൂര്വെട്ടം ഉണ്ണികൃഷ്ണന് ഒട്ടേറെ രാഗങ്ങളുടെ ആരോഹണ അവരോഹണങ്ങള്‍ വരദിന്റെ ആരാധകരെ സാക്ഷിനിര്‍ത്തി മൂളിക്കേള്‍പ്പിച്ചു. സംഗീതം എന്ന ഒറ്റച്ചിന്തയിലാണ് വരദിന്റെ ജീവിതമെന്നാണ് അച്ഛന് അമ്പലപ്പുഴ കൈവേലിക്കകം അനില്‍കുമാറും അമ്മ കെ.ആര്. ശ്രീലക്ഷ്മിയും പറയുന്നത്. കവിതകള്ചൊല്ലാനും സംസ്കൃതശ്ലോകങ്ങള്‍ ഉരുവിടാനും വരദിനുള്ള കഴിവ് അദ്ഭുതകരമാണ്.
Content Highlights: kerala school kalolsavam sasthreeya sangeetham competition varadsree
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..