ശ്രീനന്ദ് വിനോദ്
ലളിതഗാനമത്സരത്തിന് എത്തിയപ്പോള്‍ അല്പം ആശങ്കയിലായിരുന്നു ശ്രീനന്ദ് വിനോദ്. 'തൊണ്ടയടഞ്ഞു പോയത് പാട്ടിന് വിനയാകുമോ എന്ന് പേടിച്ചിരുന്നു. പാടിക്കഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നി'. മലയാളിക്ക് പരിചിതനായ പാട്ടുകാരന് ശ്രീനന്ദ് പറയുന്നു.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഈ കോഴിക്കോടുകാരന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയാണ് ഹൈസ്കൂള്‍ വിഭാഗം ലളിതഗാന മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. 'കഴിഞ്ഞ ദിവസം സംഘഗാനത്തില്‍ പങ്കെടുത്തിരുന്നു. അതിനായി നന്നായി പ്രാക്ടീസ് ചെയ്തു. അതുകാരണം തൊണ്ട അടഞ്ഞുപോയതാണ്. സംഘഗാനത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു' -ശ്രീനന്ദ് പറഞ്ഞു.
പയ്യോളി ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീനന്ദ്, ആദ്യമായാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആറാം ക്ലാസ്സില്‍ ആയിരുന്നപ്പോള്‍ ജില്ലാതലം വരെ മത്സരിച്ചിരുന്നു.
'ഇനി നന്നായി പാട്ട് പഠിക്കും'
നാലാം വയസ്സില്‍ പാട്ട് പഠിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഓരോരോ ഷോകളില്‍ സജീവമായി പങ്കെടുത്തത് കൊണ്ട് പലപ്പോഴും ശ്രീനന്ദിന്റെ സംഗീതപഠനം തടസ്സപ്പെട്ടിരുന്നു. ഇനി സംഗീതം ഗൗരവത്തോടെ പഠിക്കാന്‍ ശ്രമിക്കണം എന്നാണ് ശ്രീനന്ദിന്റെ ആഗ്രഹം.
'കൊയിലാണ്ടിയില്‍ കാവുംപട്ടം വാസുദേവന്‍ മാഷിന്റെ കീഴിലാണ് സംഗീതം പഠിക്കുന്നത്. മാഷ് സംഗീതം നല്കിയ ലളിതഗാനംതന്നെയാണ് ഞാന്‍ ഇവിടെ മത്സരത്തിന് പാടിയത്. 'മധുവൂറും മനസ്സില്‍'...എന്ന ഗാനമാണ് പാടിയത്.
'സിനിമയില്‍ പാടണം'
സിനിമയില്‍ പാടണമെന്നാണ് ശ്രീനന്ദിന്റെ ആഗ്രഹം. 'സിനിമയിലൊക്കെ പാടാന്‍ ആഗ്രഹമുണ്ട്. ഇതുവരെ പാടിയിട്ടില്ല. ഇപ്പോള്‍ ശബ്ദം മാറുന്നതുകൊണ്ട് സംഗീതം പഠിക്കുന്നതിലാണ് ശ്രദ്ധ'-ശ്രീനന്ദ് പറഞ്ഞു.
Content Highlights: kerala school kalolsavam reality show participant sreenand vinod light music competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..