ശാന്തകുമാർ
കുച്ചിപ്പുടിക്ക് ഒരു ഡ്രസ്സ് എടുക്കാന്‍ വേണം മൂവായിരം രൂപ. തയ്യല്‍ക്കൂലിയും ഏകദേശം അത്ര തന്നെ വരും. മേക്കപ്പ് ചെയ്യാനാണെങ്കില്‍ 3,500 രൂപയോളം കൊടുക്കണം. ഇതിന് പുറമെ യാത്രച്ചെലവും താമസവും. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തിരിതെളിയുമ്പോള്‍ മകന് ശാന്തകുമാറിനെയും കൊണ്ട് മത്സരത്തിനെത്തിയ ആലപ്പുഴ വടുതലയിലെ മരപ്പണിക്കാരന് പ്രശാന്തിന്റെ വാക്കുകളാണിത്.
നാലാം ക്ലാസില്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചതാണ് ശാന്തകുമാര്‍. മകന് നൃത്തത്തോടുള്ള കമ്പംകണ്ട് അന്ന് മുതല്‍ അച്ഛന് പ്രശാന്ത് കൂടെക്കൂടി. മരപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ കൂലി മാത്രമാണ് ഏക വരുമാനം. പക്ഷെ മകന് കലയോടുള്ള സ്നേഹം കണ്ട, പ്രശാന്തും കുടുംബവും മുണ്ടു മടക്കിയുടുത്ത് പണിയെടുക്കാന്‍ തുടങ്ങി.
ഒടുവില്‍ ഇങ്ങ് കോഴിക്കോടെത്തുമ്പോള്‍ ശാന്തകുമാര്‍ പ്ലസ് ടു വിദ്യാര്‍ഥിയായി. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം ഈ മൂന്നിനങ്ങളില്‍ ശാന്തകുമാര്‍ മത്സരിക്കുന്നുണ്ട്. ഇതിനെല്ലാം പ്രത്യേകം പ്രത്യേകമാണ് ഡ്രസ്സും അതിന്റെ തയ്യല്‍ക്കൂലിയും മേക്കപ്പിനുള്ള പണവുമെല്ലാം. പലരില്‍നിന്നും കടം വാങ്ങിയും മറ്റുമാണ് ശാന്തകുമാറും അച്ഛനും അമ്മയും കൂടെ കോഴിക്കോടെത്തിയത്. പ്ലസ്ടുവായതിനാല് മുപ്പത് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടുമെന്നതാണ് സമാധാനം. വടുതല വി.ജെ.എച്ച്.എസ്. എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ശാന്തകുമാര്‍.
കോഴിക്കോട്ടെ താമസവും മറ്റുമെല്ലാം പരിചയത്തിലുള്ള ഒരു അധ്യാപകന്റെ വീട്ടിലാണ്. അതുകൊണ്ട് അതൊരു ആശ്വാസമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്രയും കാലം താന്‍ ജോലി ചെയ്തതെല്ലാം മകന്റെ നൃത്തത്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ക്കുന്നു. അമ്മ ഒരു ഷോപ്പില്‍ പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാനാവുന്നത്. അപ്പോഴും ഈ മാതാപിതാക്കള്‍ പറയുന്നത്, പണമില്ലെന്ന് പറഞ്ഞ് മകനെ നിരാശപ്പെടുത്താനാവില്ലല്ലോ എന്നാണ്. ഇതുവരെയുള്ളത് മേക്കപ്പിന്റെയും ഡ്രസ്സിന്റേയും മാത്രം കാര്യമാണ്. ഇനി ഒരിനം പഠിക്കണമെങ്കില്‍ മാത്രം 25,000 രൂപയാണ് അധ്യാപകര്‍ ചോദിക്കുന്നത്. അതും ഇതുവരെ നടത്തിപ്പോന്നു.
മുന്‍കാലങ്ങളില്‍ ശാസ്ത്രീയനൃത്തയിനങ്ങളിലാണ് വലിയ പണച്ചെലവുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഒരിനവും പതിനായിരങ്ങളില്ലെങ്കില് വേദി കാണില്ലെന്ന അവസ്ഥയായി. പെണ്‍കുട്ടികളുടെ സംഘനൃത്തമാണ് ഏറ്റവും പണച്ചെലവുള്ള ഇനം. 30,000 മുതല്‍ അഞ്ചുലക്ഷം രൂപവരെ പരിശീലനത്തിനായി നല്‍കേണ്ടിവരുന്നതായി അധ്യാപകര്‍ പറയുന്നു. വേഷഭൂഷാദികള്‍ക്ക് മാര്‍ക്കുള്ളതിനാല്‍ ഇതിലും വിട്ടുവീഴ്ചചെയ്യാന്‍ പരിശീലകര്‍ തയ്യാറല്ല.
നൃത്തയിനങ്ങളുടെ വേഷഭംഗി പ്രധാനമാണെന്നതിനാല്‍ 10,000 രൂപയ്ക്കുമുകളിലുള്ള പട്ടുസാരിയെങ്കിലും വാങ്ങണമെന്നാണ് പരിശീലകര്‍ ആവശ്യപ്പെടുന്നത്. തയ്യല്‍ക്കൂലിയും ആയിരങ്ങളാണ്. ഒരിനത്തിന്റെ മേക്കപ്പിനുമാത്രം 3000 രൂപയിലേറെ ചെലവുവരും.
Content Highlights: kerala school kalolsavam lifestory of santhakumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..