ഭഗവത് | Photo: Anjana Ramath
"എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല. പക്ഷേ മകന് നന്നായി അവതരിപ്പിക്കുന്നുവെന്നാണ് എല്ലാരും പറയുന്നത്. എന്റെ മോന് ഇത്ര നന്നായി കളിക്കുന്നുണ്ടെങ്കില്‍ അവന് അത് സാധിച്ച് കൊടുക്കേണ്ടത് എന്റെ കടമയല്ലേ. കലോത്സവത്തിനായി കുറച്ച് അധികം വര്‍ക്ക് എടുത്തു."- സംസ്ഥാന കലോത്സവം എച്ച്.എസ്. വിഭാഗം കേരളനടന വേദിയില്‍ കൈയടി നേടിയ ഭഗവതിന്റെ അച്ഛന് ബിനില്‍ കുമാര്‍ പറയുന്നു. തൃശ്ശൂര്‍ പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഭഗവത്.
അഞ്ചാം ക്ലാസ് മുതല്‍ ഭഗവത് ക്ലാസിക്കല്‍ ഡാന്‍സ് അഭ്യസിക്കുന്നുണ്ട്. പിന്നീട് കേരളനടനത്തിനു കൂടി ശ്രദ്ധ നല്‍കുകയായിരുന്നു. നൃത്തത്തില്‍ അഭിരുചി കാണിച്ചിരുന്ന ഭഗവതിനെ അധ്യാപകരാണ് ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാനായി പറഞ്ഞത്. അധ്യാപകരുടെ പരിചയത്തിലുള്ള മാഷിനെ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു. തൃശ്ശൂര്‍ സ്വദേശിയായ ജോബാണ് ഭഗവതിന്റെ ഗുരു.
ഞാന്‍ സിമന്റ് പണിക്കാരനാണ്. ഭാര്യ മനുജയ്ക്ക് ടെയ്ലറിങ്ങും. പകലന്തിയോളം സിമന്റ് പൊടിയില്‍ കിടന്ന് പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ മാഷ് യാതൊരു പൈസയും വാങ്ങാതെയാണ് പഠിപ്പിക്കുന്നത്. ബാക്കി ചിലവുകള്‍ക്ക് കടം വാങ്ങിയും മറ്റുമാണ് തുക കണ്ടെത്തിയത്. സ്കൂളും സഹായിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടിട്ട് എന്റെ മകന് സ്റ്റേജില്‍ കയറി നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ മനസ് നിറയും, ബിനില്‍കുമാര്‍ പറയുന്നു.

ആദ്യമായിട്ടാണ് ഞാന്‍ സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത്. അതിന്റെ ടെന്‍ഷന്‍ നല്ലവണ്ണമുണ്ടായിരുന്നു പക്ഷേ വല്ലാത്തൊരു എനര്‍ജിയാണ് ഈ വേദി നല്‍കുന്നത്. അടുത്ത് രണ്ടു കൊല്ലവും സംസ്ഥാന കലോത്സവത്തിന് എത്തണം. അതിനായി ഞാന്‍ പരിശ്രമിക്കും- ഭഗവത് പറയുന്നു.
ഇക്കുറി ബി ഗ്രേഡാണ് ഭഗവതിന് നേടാനായത്. അച്ഛനും അമ്മയ്ക്കും തണലാവാനായൊരു സര്‍ക്കാര്‍ ജോലി വേണമെന്നാണ് ഈ മിടുക്കന്റെ സ്വപ്നം. കൂടെ പാഷനായ നൃത്തത്തെ മുറുകെ പിടിക്കണം, ഭഗവത് പറഞ്ഞുനിര്‍ത്തി.
Content Highlights: kerala school kalolsavam kerala natanam hs boys
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..