പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
1957 ജനുവരിയില്‍ ഒരു ഉച്ചനേരത്താണ് ആദ്യ സ്കൂള്‍ കലോത്സവം ആരംഭിച്ചത്. ഒന്നര ദിവസം മാത്രം നീണ്ടുനിന്നതായിരുന്നു ആദ്യത്തെ കലോത്സവം. രണ്ട് സ്കൂളുകളിലായി നാല് വേദികള്‍ മാത്രം. 12 ഇനങ്ങളിലാണ് ആദ്യത്തെ കലോത്സവത്തില്‍ മത്സരങ്ങള്‍ നടന്നത്. പിന്നീട് പതിയെ പതിയെ കലോത്സവം വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു. ഇന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമാണ്. ഓരോ വര്‍ഷം പിന്നിടുമ്പോഴും മേള കൂടുതല്‍ കൂടുതല്‍ പ്രൊഫഷണലായി. വലിയ മാറ്റങ്ങള്‍ക്കൊപ്പം പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. കലോത്സവത്തിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വന്നു. വിവാദങ്ങളും നിറംകെടുത്തലുകളും വന്നുപോയി. ഇതിനിടെ മൂന്ന് പ്രാവശ്യം മേള മുടങ്ങുകയും ചെയ്തു. 1966-67, 72-73 വര്‍ഷങ്ങളില്‍ ഇന്ത്യാ- പാകിസ്താന് യുദ്ധം മേള മുടക്കിയപ്പോള്‍ 2021-22 വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിയായിരുന്നു വില്ലന്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോടിന്റെ മണ്ണില്‍ വീണ്ടും കലോത്സവം വീണ്ടും എത്തുകയാണ്.
കലോത്സവം വീണ്ടും സാമൂതിരി നാട്ടില്‍ വിരുന്നെത്തുമ്പോള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ഒട്ടേറെ പെരുമ പറയാനുണ്ട് കോഴിക്കോടിന്. കലോത്സവത്തില്‍ അനവധി മാറ്റങ്ങള്‍ക്ക് വേദിയായത് ഈ നാടാണ്. സ്കൂള്‍ യുവജനോത്സവത്തെ നാടിന്റെ മഹോത്സവമാക്കിയത് കോഴിക്കോടാണ്. കുട്ടികളുടെ മേളയ്ക്ക് നാട്ടുകാര്‍ ആനകളും ബാന്റുമേളവുമായി തെരുവീഥികളില്‍ ഘോഷയാത്ര ഒരുക്കി മാതൃക കാട്ടിയത് ഇവിടമാണ്. പിന്നീടത് മറ്റു ജില്ലകള്‍ അനുകരിച്ചു. ജേതാക്കള്‍ക്ക് 117.5 പവന് സ്വര്‍ണക്കപ്പ് ആദ്യം നല്കിയതും ക്രമസമാധാന പാലനത്തിന് പോലീസിനൊപ്പം കുട്ടിപ്പോലീസ് അണിനിരന്നതിന്റെയെല്ലാം ചരിത്രം. വീണ്ടും ഒരു കലോത്സവത്തിന് കോഴിക്കോട് അണിഞ്ഞൊരുങ്ങുകയാണ്. എട്ടാംതവണയാണ് ഏഷ്യയിലെ ഏറ്റവുംവലിയ കലാമേള കോഴിക്കോട്ടെത്തുന്നത്. 2015-ലായിരുന്നു അവസാനം.
വെങ്കിടേശന്റെ ഹൃദയത്തില്‍ പിറന്ന കലോത്സവം
കേരളപ്പിറവിക്കാലത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ.സി.എസ്. വെങ്കിടേശന്റെ ഹൃദയത്തിലാണ് കലോത്സവത്തിന്റെ പിറവി. 1954-ല്‍ ഡല്‍ഹിയില്‍ അന്തര്‍സര്‍വകലാശാല യുവജനോത്സവം വിപുലമായി നടത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇതിന് സാക്ഷിയായിരുന്നു. ഇക്കൂട്ടത്തിലൊരാളായിരുന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരന്. കലാമേള കണ്ട് മടങ്ങിയ വെങ്കിടേശ്വരന് നമ്മുടെ നാട്ടിലും അതുപോലെ ഒരു കലാമേള നടത്തണമെന്ന് ആഗ്രഹമുണ്ടായി. ഇതിനിടെ ഐക്യകേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ ഡയറക്ടറായി സി.എസ്. വെങ്കിടേശ്വരന് 1956-ല്‍ നിയമിതനായി. വിദ്യാഭ്യാസഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത ഉടന്‍ തന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രമമാരംഭിക്കുകയും ചെയ്തു.
1956 നവംബറില്‍ സംസ്ഥാനത്തെ ചില വിദ്യാഭ്യാസ ഓഫീസര്‍മാരേയും പ്രധാന അധ്യാപകരെയും ക്ഷണിച്ചുവരുത്തി ഈ വിഷയത്തില്‍ യോഗം ചേര്‍ന്നു. ഇതിന്റെ ഫലമായി 1957 ജനവരിയില്‍ എറണാകുളത്ത് ആദ്യ കലോത്സവത്തിന് തിരിതെളിഞ്ഞു. ആദ്യകലോത്സവം തിരുവനന്തപുരത്ത് നടത്താനാണ് ആദ്യം തിരുമാനിച്ചതെങ്കിലും ഹൈക്കോടതി ബെഞ്ചിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ച് തലസ്ഥാനത്ത് പ്രക്ഷോഭസമരം നടക്കുന്നതിനാല്‍ വേദി കൊച്ചിക്ക് മാറ്റുകയായിരുന്നു. കേരള സംസ്ഥാനം രൂപവത്കരിച്ച് വെറും മൂന്നുമാസം പിന്നിട്ടപ്പോഴായിരുന്നു ആദ്യസംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടി ഉയര്‍ന്നത്. 1957 ജനുവരി 26, 27 തീയതികളില്‍ എറണാകുളം ഗേള്‍സ് ഹൈസ്കൂളിലായിരുന്നു കലോത്സവം. അന്നത്തെ വടക്കേ മലബാര്‍ ജില്ലയ്ക്കായിരുന്നു ചാമ്പ്യന്‍പട്ടം. കാസര്‍കോടും കണ്ണൂരും വയനാടിന്റെ ഒരുഭാഗവും ചേര്‍ന്നതായിരുന്നു വടക്കേ മലബാര്‍ ജില്ല. പന്ത്രണ്ട് ഇനങ്ങളിലായി 18 മത്സരങ്ങളാണ് ആദ്യകലോത്സവത്തില് നടന്നത്. 60 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 400 പേര് കലോത്സവത്തില്‍ പങ്കെടുത്തു.





രണ്ടാമത്തെ കലോത്സവം തിരുവനന്തപുരത്തായിരുന്നു. കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപവത്കൃതമായശേഷം നടന്ന ആദ്യ ഉത്സവമെന്ന പ്രത്യേകതയും ഇതിനുണ്ട്. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ ജനുവരി 26, 27 തീയതികളാലായിരുന്നു കൗമാര ഉത്സവം. തിരുവനന്തപുരം സൗത്ത് ടീം ജേതാക്കളായി. പനിയും ചിക്കന്‍പോക്സും വ്യാപകമായി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിന്റെ നടുവിലാണ് 1959-ലെ മൂന്നാമത് കലോത്സവം നടന്നത്. ജനുവരി 25, 26 തീയതികളിലായി മേള ആദ്യം നിശ്ചയിച്ചത് പാലക്കാട്ടായിരുന്നു. എന്നാല്‍ രോഗം പടരുന്നുണ്ടെന്നറിഞ്ഞ് അവസാന നിമിഷം ചിറ്റൂരിലേക്ക് മാറ്റി. പെട്ടെന്നുള്ള വേദിമാറ്റം സംഘാടകരെ വലച്ചു. ഒലവക്കോട്ടെ റെയില്‍വേ ഡിവിഷന് മാനേജര്‍ എസ്.ചൗധരിയാണ് പതാക ഉയര്‍ത്തിയത്. 17 വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി 800 പേര് മാറ്റുരച്ച മത്സരമായിരുന്നു ചിറ്റൂരിലേത്. കോഴിക്കോടായിരുന്നു ചാമ്പ്യന്മാര്.
ഘോഷയാത്രയും സ്വര്‍ണ കപ്പും
ആദ്യമായി ഭക്ഷണശാല ഉയര്‍ന്നത് 1962-ല്‍ കോട്ടയത്ത് നടന്ന കലോത്സവത്തിലാണ്. ചങ്ങനാശ്ശേരി പെരുന്ന എസ്.എന്‍. കോളേജിലായിരുന്നു മത്സരങ്ങള്‍. ഓരോ വിഭാഗത്തിലും ജില്ലയില്‍നിന്ന് ഒരാള്‍ മാത്രം സംസ്ഥാന തലത്തിലേക്ക് മത്സരിച്ചാല്‍ മതിയെന്ന പരിഷ്കാരം ആ കലോത്സവത്തിലാണ് വന്നത്. 1966-67, 72-73 വര്‍ഷങ്ങളില്‍ മേള നടന്നില്ല. ഇന്ത്യാ- പാകിസ്താന് യുദ്ധങ്ങളായിരുന്നു കാരണം. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മേളയ്ക്ക് കൊടി ഉയര്‍ന്നത് 1968-ല്‍ തൃശ്ശൂരിലായിരുന്നു. ഈ കലോത്സവത്തിലാണ് കലോത്സവസ്മരണിക പുറത്തിറക്കിയത്. 1971-ലാണ് ആദ്യമായി അവതരണഗാനം പുറത്തിറക്കുന്നത്. എഴുപതുകളില്‍ ആര്.രാമചന്ദ്രന് നായര്‍ ഡയറക്ടറായതോടെ കൂടുതല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി. 1976-ല്‍ കോഴിക്കോട്ടെ മേളയിലാണ് ആദ്യത്തെ ഘോഷയാത്ര നടക്കുന്നത്. 1980-ലെ കലോത്സവം മുതലാണ് മത്സരാര്‍ഥികള്‍ ക്രമാതീതമായി വര്‍ധിച്ചത്. അതേത്തുടര്‍ന്ന് വേദികളുടെ എണ്ണവും കൂട്ടി. 1986-ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിലാണ് പ്രതിഭാ-തിലകപ്പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആദ്യ കലാതിലകം കൊല്ലത്ത് നിന്നുള്ള പൊന്നമ്പിളിയും പ്രതിഭ തലശ്ശേരിയില്‍ നിന്നുള്ള വിനീതുമായിരുന്നു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പിന്നീട് പട്ടങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി.
ജേതാക്കള്‍ക്ക് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയത് 1987-ലാണ്. കോഴിക്കോട് നടന്ന ആ കലോത്സവത്തില്‍ തിരുവനന്തപുരം ജില്ലയാണ് ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത്. ജേതാക്കള്‍ക്ക് സ്വര്‍ണ്ണക്കപ്പ് എന്ന ആശയം വൈലോപ്പിള്ളി ശ്രീധര മേനോനാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനെ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കനുസരിച്ച് മന്ത്രി അടുത്തവര്‍ഷം 101 പവന് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, അതിനുള്ള പണം സ്വരൂപിക്കാനായില്ല. എങ്കിലും മന്ത്രി ശ്രമം തുടര്‍ന്നു. 1987-ല്‍ കോഴിക്കോട് കലോത്സവം നടന്നപ്പോഴേക്കും 101-ന് പകരം 117.5 പവന് സ്വര്‍ണക്കപ്പ് മന്ത്രിയുടെ ശ്രമഫലമായി ഏര്‍പ്പെടുത്തി.
ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ വിദ്യാരംഗത്തിന്റെ ആര്‍ട്ട് എഡിറ്ററുമായ ചിറയിന്‍കീഴ് ശ്രീകണ്ഠന് നായരുടെ ഡിസൈന്‍ പ്രകാരമാണ് കപ്പ് തയ്യാറാക്കിയത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, മാനേജര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് പണപ്പിരിവ് നടത്തിയാണ് കപ്പിനുള്ള ഫണ്ട് സമാഹരിച്ചത്. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു കപ്പിന്റെ നിര്‍മാണച്ചെലവ്. 1992-ല്‍ കലോത്സവ മാന്വല്‍ ഏര്‍പ്പെടുത്തി. ഒപ്പം സംസ്കൃതോത്സവം കലോത്സവത്തിനൊപ്പമാക്കി. ഒട്ടേറെ പരിഷ്കാരങ്ങള്‍ നിലവില്‍വന്ന 2006-ല്‍ കേരള സ്കൂള്‍ കലോത്സവം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2007 മുതല്‍ സ്ഥാനങ്ങള്‍ ഒഴിവാക്കി ഗ്രേഡിങ് ഏര്‍പ്പെടുത്തി. 2009-ല്‍ ഔദ്യോഗിക വിവരങ്ങളുമായി വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടു.
കോഴിക്കോടന്‍ കലോത്സവങ്ങള്‍
1960-ലാണ് കോഴിക്കാട് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആദ്യമായി ആതിഥ്യമരുളിയത്. തളി സാമൂതിരി കോളേജ് ഹൈസ്കൂള്‍ ആയിരുന്നു വേദി. മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തും ചിറ്റൂരിലുമായി നടന്ന ആദ്യ മൂന്ന് കലോത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി വന്‍ ജനപങ്കാളിത്തം ആദ്യമായി കണ്ട കലോത്സവമായിരുന്നു അത്. പോലീസിന് പുറമേ എന്‍.സി.സി, സ്റ്റൗട്ട്, ഗൈഡ് എന്നിവയുടെ സഹായത്തോടെയാണ് ജനത്തിരക്ക് നിയന്ത്രിച്ചത്. 34 ഇനങ്ങളിലാണ് മത്സരം നടന്നത്. 774 പേര് മത്സരിച്ചു. 42 പോയന്റ് നേടി തലശ്ശേരി ചാമ്പ്യന്‍പട്ടം ചൂടിയപ്പോള്‍ 38 പോയന്റുള്ള തിരുവനന്തപുരം റണ്ണേഴ്സ് ആയി.
1976-ല്‍ രണ്ടാംതവണ കലോത്സവം കോഴിക്കോട്ടെത്തിയപ്പോഴേക്കും വിപുലമായ വ്യവസ്ഥകളും പ്രൊഫഷണല്‍ ശൈലികളും സംഘാടനത്തിലും നടത്തിപ്പിലും കൈവന്നിരുന്നു. കലോത്സവത്തിന് ആളെക്കൂട്ടാമെന്ന് ആദ്യം കാണിച്ച കോഴിക്കോട് എങ്ങനെ ജനപങ്കാളിത്തത്തോടെ ഘോഷയാത്ര നടത്താമെന്നാണ് രണ്ടാംതവണ കാണിച്ചത്. കലോത്സവത്തിന്റെ മുന്നോടിയായി നഗരത്തില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ ഗജവീരന്മാരും ബാന്റുമേളവും പകിട്ടായി. മാനാഞ്ചിറ മൈതാനത്തുനിന്ന് തളി സാമൂതിരി ഹൈസ്കൂളിലേക്കായിരുന്നു ഘോഷയാത്ര. അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരന് നേതൃത്വം നല്കി. 57 ഇനങ്ങളില്‍ മത്സരം നടന്നപ്പോള്‍ തൊള്ളായിരത്തോളം വിദ്യാര്‍ഥികളാണ് വിവിധ കലാമത്സരങ്ങളില്‍ മാറ്റുരച്ചത്. 82 പോയന്റ് നേടി തിരുവനന്തപുരം ചാമ്പ്യന്മാരായപ്പോള് 79 പോയന്റ് നേടിയ ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും 68 പോയന്റ് നേടിയ കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
1987-ല്‍ കലോത്സവം മൂന്നാം തവണ കോഴിക്കോട്ട് എത്തിയപ്പോള്‍ മുഖ്യ വേദി മാനാഞ്ചിറ മൈതാനമായി. 27-ാ സ്കൂള്‍ കലോത്സവത്തില്‍ 89 ഇനിങ്ങളിലായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കലോത്സവത്തില്‍ ജനപങ്കാളിത്തത്തിന് കുറവുണ്ടായിരുന്നില്ല. ഈ കലോത്സവത്തിലാണ് ആദ്യമായി സ്വര്‍ണക്കപ്പ് ഓവറോള്‍ ജേതാക്കള്‍ക്ക് നല്‍കിയത്. 117.5 പവന് സ്വര്‍ണക്കപ്പ് ആദ്യം ഉയര്‍ത്തിയത് തിരുവനന്തപുരം ടീം ആയിരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് പണപ്പിരിവ് നടത്തി സ്വര്‍ണക്കപ്പ് ഉണ്ടാക്കിയതിന് മന്ത്രി ടി.എം. ജേക്കബ് അന്ന് ഏറെ പഴികേട്ടിരുന്നു. 1986-ല്‍ സ്വര്‍ണക്കപ്പ് നല്കാന് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും കപ്പിനുള്ള പണം ലഭ്യമല്ലാത്തതിനാല്‍ അടുത്തവര്‍ഷത്തേക്ക് നീളുകയായിരുന്നു. കലാമേളയിലേക്ക് കോടതി ഉത്തരവും സ്പെഷല്‍ ഓര്‍ഡറും വ്യാപകമായി കടന്നു വന്നതുമ ഈ വര്‍ഷം മുതലായിരുന്നു.
നാലാം തവണ കോഴിക്കോട് കലോത്സവത്തിന് ആതിഥ്യമരുളിയത് 1994-ലാണ്. 34-ാമത് സ്കൂള്‍ കലോത്സവമായിരുന്നു ഇത്. ടി.ടി.ഐ. കലോത്സവം മേളയുടെ ഭാഗമായത് ഈ വര്‍ഷമാണ്. സി.ബി.എസ്.ഇ. സ്കൂളുകളെ മേളയില്‍നിന്ന് പുറത്താക്കപ്പെട്ടത് ഈ മേള മുതലാണ്. മാനാഞ്ചിറതന്നെ മുഖ്യ വേദിയായ കലോത്സവത്തിന് 9 വേദികള്‍ ഉണ്ടായിരുന്നു. നാലായിരത്തോളം പേര് പങ്കെടുത്ത മേളയുടെ ചാമ്പ്യന്‍ പട്ടം തൃശ്ശൂര്‍ നേടി. 2002-ല്‍ വീണ്ടും കലോത്സവം കോഴിക്കോട്ടെത്തിയപ്പോഴാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ആദ്യമായി മുഖ്യവേദിയാകുന്നത്. അയ്യായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തിന്റെ സ്വര്‍ണക്കപ്പ് കോഴിക്കോടിനുതന്നെ ലഭിച്ചു. 42-ാമത്തെ ഈ സ്കൂള്‍ കലോത്സവത്തില്‍ യുവജനോത്സവം, സംസ്കൃതോത്സവം, വിദ്യാരംഗം സാഹിത്യോത്സവം, ടി.ടി.ഐ, പി.പി.ടി.ടി.ഐ. കലോത്സവം എന്നീ വിഭാഗങ്ങളിലായി 11 വേദികള്‍ ഉണ്ടായിരുന്നു.
2002-ല്‍ വീണ്ടും കലോത്സവം കോഴിക്കോട്ടേക്ക് എത്തിയപ്പോള്‍ ആതിഥേയര്‍ തന്നെയായിരുന്നു ചാമ്പ്യന്മാര്. സ്കൂള്‍ യുവജനോത്സവത്തിന്റെ സുവര്ണജൂബിലിയായി പിന്നീട് കലോത്സവം സാമൂതിരി നാട്ടില്‍ എത്തുന്നത് 2010ലാണ്. 'സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പോലീസിന്റെ ഒപ്പം നിന്ന് വിദഗ്ധമായി ക്രമസമാധാനപാലനം നടത്തിയ വര്‍ഷമായിരുന്നു ഇത്. ടിവി ചാനലുകള്‍ നടത്തിയ പിടിവലിക്കൊടുവില്‍ സ്വര്‍ണക്കപ്പ് ഒടിഞ്ഞതും ഈ വര്‍ഷമായിരുന്നു. കലോത്സവ വേദിയില്‍ ജേതാക്കള്‍ക്ക് നല്കിയ കപ്പിന്റെ മാതൃകയാണ് ചാനലുകളുടെ പിടിവലിക്കിടയില്‍ രണ്ടായി ഒടിഞ്ഞത്. അഞ്ചുവര്‍ഷത്തിനുശേഷം 2015-ലാണ് കലോത്സവം ആവസാനമായി കോഴിക്കോട് എത്തിയത്. അപ്പീലുകളുടെ വേലിയേറ്റത്തില്‍ അവസാനനിമിഷം വരെ മത്സരഫലങ്ങള്‍ മാറിമറിഞ്ഞ 55-ാം കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും സംയുക്ത ചാമ്പ്യന്മാരായി.
കലോത്സവം കോഴിക്കോട്ട് എത്തുന്നത് എട്ടാംതവണ
ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം വീണ്ടും കോഴിക്കോട് എത്തുന്നത്. എട്ടാംതവണയാണ് ഏഷ്യയിലെ ഏറ്റവുംവലിയ കലാമേള കോഴിക്കോട്ടെത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുക്കും. 239 ഇനങ്ങളിലാണ് മത്സരം. ഹൈസ്കൂള്‍വിഭാഗത്തില്‍ 96 ഇനം. എച്ച്.എസ്.എസ്. വിഭാഗത്തില്‍ 105, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയില്‍ 19 വീതം ഇനങ്ങള്‍. രക്ഷിതാക്കളും അധ്യാപകരും കാഴ്ചക്കാരുമെല്ലാമായി ഒരുദിവസം നഗരത്തില്‍ ഒരുലക്ഷത്തോളംപേരെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കുട്ടികളെ റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് താമസസ്ഥലത്തേക്കും വേദിയിലേക്കും എത്തിക്കുന്നതിന് 30 കലോത്സവവണ്ടികളുണ്ടാവും. മത്സരത്തിന്റെ സമയക്രമം പാലിക്കാനും പരാതികള്‍ പരിഹരിക്കാനും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് നേരിട്ടുകാണാന്‍ കൈറ്റ് വഴി സംവിധാനമൊരുക്കിയിട്ടുണ്ട്. ഫലമറിയാന്‍ ക്യു.ആര്. കോഡും മൊബൈല്‍ ആപ്പുമുണ്ടാകും.
വെസ്റ്റ്ഹില്‍ വിക്രംമൈതാനമാണ് പ്രധാനവേദി. പത്തുകിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് എല്ലാ വേദികളും. സാഹിത്യത്തിലൂടെ അടയാളപ്പെടുത്തിയ സ്ഥലങ്ങളുടെ പേരിലാണ് വേദികള്‍. എസ്.കെ.യുടെ 'അതിരാണിപ്പാട'മാണ് വിക്രംമൈതാനിയിലെ പ്രധാനവേദിക്ക് പേരായത്. എഴുത്തുകാരുടെ ഭൂമികയില്‍നിന്നാണ് വേദികള്‍ക്ക് പേരിട്ടത്. ഭൂമി, കൂടല്ലൂര്‍, തസ്രാക്ക്, ബേപ്പൂര്‍, തൃക്കോട്ടൂര്‍, പുന്നയൂര്‍ക്കുളം, മയ്യഴി, കക്കട്ടില്‍, പാലേരി, തിരുനെല്ലി എന്നിങ്ങനെ പോവുന്നു പേരുകള്‍. കോഴിക്കോടുമായി ബന്ധമുള്ള എഴുത്തുകാര്‍ക്കാണ് പ്രാമുഖ്യം.
ജനുവരി മൂന്നിന് രാവിലെ 8.30-ന് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു പതാക ഉയര്‍ത്തും. 10-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടനസമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടമത്സരം തുടങ്ങും. ആദ്യദിവസം 23 വേദികളിലാണ് മത്സരം. ഉദ്ഘാടനദിനം എല്ലാവേദികളിലും രാവിലെ 11-നാണ് തുടങ്ങുന്നതെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒമ്പതിനുതന്നെ തുടങ്ങും. ജനുവരി ഏഴിന് വൈകുന്നേരം നാലുമണിക്ക് സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനംചെയ്യും.
Content Highlights: Kerala School Kalolsavam, Kerala State School Youth Festival.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..