സോയ ടീച്ചറും സഹാധ്യാപകരും കുട്ടികൾക്കൊപ്പം | Photo: ഷഹീർ സി.എച്ച്.
ഈഡിപ്പസ്- സോഫാക്ലീസിന്റെ 'ഈഡിപ്പസ് രാജകുമാരന്' എന്ന ദുരന്തനാടകത്തിലെ മുഖ്യകഥാപാത്രം. സ്വന്തം പിതാവിനെ കൊന്ന് മാതാവിനെ വിവാഹം കഴിച്ച മകന്. ഈ നാടകം ''ചാവുചരിതം' എന്ന പേരില്‍ മലയാളത്തിലേക്ക് മാറ്റിയെഴുതിയാണ് പാലക്കാട് വാടാനക്കുറിശ്ശി ജി.വി.എച്ച്.എസ്.എസിലെ സോയ ടീച്ചറും കുട്ടികളും കോഴിക്കോട്ടേക്ക് തീവണ്ടി കയറിയത്. എന്നാല്‍ നാടകം പോലെ മഹാട്രാജഡിയായിരുന്നില്ല, മറിച്ച് ഒരു ഹാപ്പി എന്‍ഡിങ് സിനിമ പോലെയായിരുന്നു അവരുടെ യാത്ര.
ഷൊര്‍ണൂര്‍ ഉപജില്ലയില്‍നിന്ന് ഒരു വിദ്യാലയം ആദ്യമായി ജില്ലാതലത്തില്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ ചരിത്രവുമായാണ് കോഴിക്കോട് തളിയിലെ സാമൂതിരി സ്കൂളില്‍ അവരെത്തിയത്. ഇവിടേയും അവര്‍ അരങ്ങുതകര്‍ത്തു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ആദ്യ നാടകമായി സ്റ്റേജിലെത്തിയ 'ചാവുചരിതം' കാണികളുടെ നിറഞ്ഞ കൈയടി നേടി. ഈഡിപ്പസും ജക്കോസ്റ്റയും ലെയ്സ് രാജാവുമായി കുട്ടികള്‍ തകര്‍ത്തഭിനയിച്ചു.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാരമ്പര്യങ്ങളൊന്നും പറയാനില്ലാത്ത വാടാനക്കുറിശ്ശി സ്കൂളില്‍നിന്ന് ഒരു നാടകം തയ്യാറാക്കിയെടുക്കുക എന്നത് സോയ ടീച്ചറെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
അതിന് ആവശ്യമായി വരുന്ന പണം അവര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയുമായിരുന്നില്ല. വിദ്യാര്‍ഥികളെല്ലാം ഇടത്തരം സാമ്പത്തിക പശ്ചാലത്തലമുള്ള കുടുംബത്തില്‍നിന്ന് വരുന്നവരും കൂടിയാണ്. ഇതോടെ സോയ ടീച്ചര്‍ തന്നെ നാടകം എഴുതാന്‍ മുന്‍കൈയെടുക്കുകയായിരുന്നു.
'പ്ലസ്ടു കുട്ടികളെ മലയാളം പഠിപ്പിക്കുന്നു എന്നത് മാത്രമാണ് ആകെയുള്ള കൈമുതല്‍. ഒരു ദുരന്തനാടകം തിരഞ്ഞെടുക്കാം എന്ന ചിന്ത വന്നത് മഹാകവി ഭാസന്റെ സംസ്കൃത കൃതിയായ ഊരുഭംഗം വായിച്ചപ്പോഴാണ്.
പിന്നീട് ഒരു സംവിധായകനെയാണ് അന്വേഷിച്ചത്. അങ്ങനെ എന്റെ പൂര്‍വവിദ്യാര്‍ഥിയായ സുബിന് ഉണ്ണിക്കൃഷ്ണനെ വിളിക്കുകയായിരുന്നു. അവന് പ്രൊഫഷണല്‍ നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. സുബിന് കൂടിച്ചേര്‍ന്നതോടെ എനിക്ക് ധൈര്യമായി. സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളുമെല്ലാം പിന്തുണ നല്കി.'- സോയ ടീച്ചര്‍ പറയുന്നു.
'സാധാരണയായി പാലക്കാട് ജില്ലയില്‍നിന്ന് പെരിങ്ങോട്, നടുവട്ടം, വട്ടെനാട് സ്കൂളുകളാണ് സംസ്ഥാന തലത്തില്‍ എത്താറുള്ളത്. എന്നാല്‍ അവരെയെല്ലാം പിന്നിലാക്കി ഞങ്ങള്‍ക്ക് ജില്ലയില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അത്. ഭര്‍ത്താവ് എം.ആര്. അനില്‍ കുമാര്‍ പട്ടാമ്പി കോളേജിലെ മലയാളം അധ്യാപകനാണ്. രണ്ട് മക്കളുണ്ട്. അവരും എന്റെ കൂടെ നിന്നു.' സോയ ടീച്ചര്‍ സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളുമായി പറയുന്നു.
Content Highlights: kerala school kalolsavam drama competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..