കാണികൾക്കിടയിലിരുന്ന് മിമിക്രി ആസ്വദിക്കുന്ന അബ്ദുൾ കരീം| Photo: Sujitha Suhasini
കലോത്സവ വേദിയില്‍ ചിരിയുടെ പൂത്തിരി നിറച്ച് മിമിക്രി മത്സരം കൊഴുക്കുന്നു. ഇതിനിടയില്‍ സ്റ്റേജിന്റെ മുന്‍ഭാഗത്തിരുന്ന ചിരിയടക്കാതെ ഒരാള്‍. ഫോണില്‍ തിരക്കിട്ട് എന്തൊക്കെയോ അദ്ദേഹം റെക്കോര്‍ഡ് ചെയ്യുന്നത് കാണാം. പൊട്ടിച്ചിരികള്‍ക്കിടയിലും അദ്ദേഹം എല്ലാം ശ്രദ്ധിക്കുന്നു. ഇതാണ് അബ്ദുള്‍ കരീം മാഷ്, അദ്ദേഹം കുട്ടികളുടെ മിമിക്രി അവതരണം റെക്കോര്‍ഡ് ചെയ്യുകയാണ്.
സ്റ്റേജില്‍ സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും കത്തി കസറുമ്പോള്‍ മാഷ് വീണ്ടും ശ്രദ്ധയോടെ അതെല്ലാം റെക്കോര്‍ഡ് ചെയ്യുകയാണ്. കലോത്സവ വേദിയിലെ മിമിക്രി അവതരണം ഇത്രമേല്‍ ശ്രദ്ധയോടെ ആസ്വദിക്കുന്ന മാഷിന് ചുറ്റും ആള്‍ക്കൂട്ടം കൂടി. ഫോണ്‍ മാറ്റി വെച്ച് അദ്ദേഹം വിനീതനായി പറഞ്ഞു. കുട്ടികളെല്ലാം മിടുക്കരാണ് .... ഇനീം കേള്‍ക്കാല്ലോ ... ഞാനൊന്നു റെക്കൊര്‍ഡ് ചെയ്തോട്ടെ.
ഇടവേളയ്ക്കായി കാത്തിരുന്ന ശേഷമാണ് അദ്ദേഹത്തോട് കൂടുതല്‍ വിശേഷങ്ങള്‍ തിരക്കിയത്. കാലിക്കറ്റ് എച്ച്.എസ്.എസ്. ഫോര്‍ ദി ഹാന്‍ഡിക്യാപ്ഡ് സ്കൂളിലെ സംഗീത അധ്യാപകനാണ് അദ്ദേഹം. കാഴ്ചാപരിമിതിയുള്ള അദ്ദേഹം കലയുടെ കൈപിടിച്ചാണ് അധ്യാപനത്തിലേക്ക് തിരിഞ്ഞത്.
19 വര്‍ഷമായി അദ്ദേഹം സംഗീതാധ്യാപന രംഗത്തുണ്ട്. കലോത്സവ വേദികളിലെത്തുന്നത് വര്‍ഷങ്ങളായുള്ള ശീലമാണ്. കോവിഡ് വന്നതോടെ എല്ലാം അവസാനിച്ചുവെന്നു കരുതിയതാണ്. വേദികളും കലാപ്രകടനങ്ങളും ഇല്ലാതായതില്‍ നല്ല വിഷമമുണ്ടായിരുന്നു. കുട്ടികളും അവരുടെ കഴിവുകളും വീണ്ടും ഉണരുകയാണ്. ഇവിടെയിരിക്കുമ്പോള്‍ സന്തോഷമാണ്. വെറും ആസ്വാദനത്തിന് മാത്രമല്ല ഇവിടേയ്ക്ക് എത്തുന്നത്. ഒരുപാട് കാര്യങ്ങള്‍ ഇവിടെനിന്നും പഠിക്കാനുണ്ട്. വിധികര്‍ത്താക്കള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കാറുണ്ട്. നമ്മുടെ കുട്ടികള്‍ക്കും ഇതൊക്കെ അറിയാന്‍ കഴിയുമല്ലോ-കരിം മാഷ് പറഞ്ഞു. ഈ റെക്കോര്‍ഡ് ചെയ്തെടുക്കുന്നതെല്ലാം അവരെ കൊണ്ടുപോയി കേള്‍പ്പിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമായും മിമിക്രി, മോണോ ആക്ട്, ലളിത ഗാനം, മാപ്പിളപ്പാട്ട്, തബല മുതലായവയാണ് കരീംമാഷ് കേള്‍ക്കാനെത്തുന്നത്. ഇതൊക്കെ കുട്ടികളെ കേള്‍പ്പിക്കുമ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമാണ്. കലോത്സവങ്ങള്‍ ഒരിക്കലും ഒഴിവാക്കാറില്ല. ഇത്തവണ കോഴിക്കോടെത്തിയത് കൂടുതല്‍ എളുപ്പമാക്കി. മലപ്പുറത്താണ് വീട്. അവിടെ നിന്നാണ് ഇവിടെയെത്തിയത് - മാഷ് നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു.
കോവിഡ് കഴിഞ്ഞെത്തിയതിന്റെ ഊര്‍ജം എല്ലാ വേദികളിലും കാണാം. നല്ല പരിശീലനം നേടിയാണ് കുട്ടികളൊക്കെ എത്തിയിരിക്കുന്നത് - അതെടുത്തു പറയണമെന്ന് മാഷ് കൂട്ടിച്ചേര്‍ക്കുന്നു. പിന്നെ ഇതില്‍നിന്നു കിട്ടുന്നതില്‍നിന്ന് ചിലതൊക്കെ നമ്മുടെ കുട്ടികളേയും പരിശീലിപ്പിക്കും. അവര്‍ക്കെല്ലാം ഇവിടെയെത്താന്‍ കഴിയില്ലല്ലോ. കലോത്സവ വേദിയില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തര്‍ക്ക് വേണ്ടി മിമിക്രി അവതരിപ്പിച്ചതും ശ്രദ്ധ നേടി. മൃഗങ്ങളുടേയും വാഹനങ്ങളുടേയും ശബ്ദം അദ്ദേഹം അവതരിപ്പിച്ചത് കാണികളിലും കൗതുകം നിറച്ചു. നല്ലൊരു അധ്യാപകനെന്നതിനൊപ്പം തികഞ്ഞ കലാകാരന് കൂടിയാണ് അദ്ദേഹം. കാണികളോടും കുട്ടികളോടും ഉത്സാഹത്തോടെ സംസാരിച്ച് അദ്ദേഹം അടുത്ത മത്സരത്തിന്റെ കാത്തിരിപ്പിലാണ്.
Content Highlights: kerala school kalolsavam differently abled abdul kareem mash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..