
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ റഹ്മാനിയ എച്ച്.എസ്.എസിലെ വി. ആകാശിന് ഗുരുവിനോടാണ് വലിയ കടപ്പാട്.
സംസ്ഥാന കലോത്സവ നൃത്തവേദിയില്‍ കുട്ടികളെത്തുന്നത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ്. എന്നാല്‍, ഗുരുവിന് വെറ്റിലയില്വെച്ചുനല്കിയ നൂറ്റൊന്ന് രൂപയേ ആകാശിന് ചെലവുള്ളൂ.
അഞ്ചിലും ആറിലുമൊക്കെ പെണ്‍കുട്ടികളോട് മത്സരിച്ച് ഒന്നാംസ്ഥാനത്തെത്തിയ ആകാശിന്റെ നടനവൈഭവം തിരിച്ചറിഞ്ഞ, എരഞ്ഞിക്കല്‍ സമര്‍പണ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് നടത്തുന്ന കെ.പി സഹേഷാണ് സൗജന്യമായി നൃത്തം പഠിപ്പിച്ചത്.
ഓട്ടോഡ്രൈവറായ അച്ഛന് ആകാശിനെ നൃത്തം പഠിപ്പിക്കാനുള്ള സാമ്പത്തികശേഷിയുണ്ടായിരുന്നില്ല. പക്ഷേ, കലാതാത്പര്യം കണ്ടറിഞ്ഞ് ആഴ്ചയില്‍ മൂന്നുദിവസം 15 കിലോമീറ്റര്‍ ദൂരം ഓട്ടോ ഓടിച്ച് മൊകവൂരിലെ മാഷുടെ നൃത്തപരിശീലനകേന്ദ്രത്തിലേക്ക് അച്ഛന് അവനെ കൊണ്ടുവന്നു.
മെഡിക്കല്‍കോളേജ് കാമ്പസ് സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാനകലോത്സവത്തില്‍ ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ആകാശ് സമ്മാനം നേടിയിരുന്നു.
കലാമത്സരങ്ങളില്ലാത്ത കോവിഡ്കാലത്തും ആകാശ് തന്റെ ഗുരുവിന്റെ കീഴില്‍ വലിയൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് ശിക്ഷണം തുടര്‍ന്നു. പ്ലസ്വണ് വിദ്യാര്‍ഥിയായ ആകാശ് വ്യാഴാഴ്ച എ ഗ്രേഡിന്റെ പ്രകടനം നടത്തുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളും പ്രോവിഡന്‍സ് സ്കൂളിലെ വേദിയിലെത്തിയിരുന്നു.
കഴിവുള്ള കുട്ടികളെ കണ്ടെത്തി തന്റെ മാല പണയം വെച്ചുപോലും പഠിപ്പിക്കുന്ന ഗുരുവിന് ഈ നേട്ടം വലിയൊരു സ്വപ്നസാഫല്യമായി. സന്തോഷാശ്രുക്കളോടെ അമ്മ അവനെ പുണര്‍ന്നതും കലാസ്വാദകര്‍ക്ക് ആനന്ദം നല്കിയ മറ്റൊരു കാഴ്ചയായി.
Content Highlights: kerala school kalolsavam bharatanatyam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..