അമയ| Photo: Anjana Ramath
അന്ന് ഞങ്ങള്‍ ചുവടുവെച്ച വേദികളിലൂടെ ഇപ്പോള്‍ മകളും. അതിലും വലിയ സന്തോഷം ഉണ്ടോ... വയനാട് കല്‍പ്പറ്റ സ്വദേശികളായ ഉണ്ണികൃഷ്ണനും ഭാര്യ ശ്രീജയും ആവേശത്തോടെ പറയുന്നു. ഇവരുടെ മകളും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമയയുടെ ആദ്യത്തെ സംസ്ഥാന കലോത്സവ വേദിയാണ് കോഴിക്കോട്ടേത്.
ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. വയനാട് കല്പറ്റ സ്വദേശിയായ അമയ കുറിച്യ വിഭാഗത്തില്‍നിന്നുള്ളയാളാണ്.
അമയയുടെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും ശ്രീജയും നൃത്താധ്യാപകരാണ്. ചൊവ്വാഴ്ച നടന്ന ഭരതനാട്യം മത്സരത്തില്‍, അമയയ്ക്ക് ബി ഗ്രേഡ് ലഭിച്ചിരുന്നു. മത്സരത്തിലെ വിജയത്തെക്കാളും പങ്കെടുക്കാന്‍ സാധിച്ചു തന്നെ വലിയ അഭിമാനമായി കാണുന്നുവെന്ന്
അമയ പറയുന്നു.
ജില്ലാ കലോത്സവത്തിന് രണ്ടാം സ്ഥാനം നേടിയതിനാല്‍ അപ്പീല്‍ വഴിയാണ് അമയ സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയത്. കല്‍പ്പറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ്. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അച്ഛന് ഉണ്ണികൃഷ്ണന് 1994, 95 വര്‍ഷങ്ങളില്‍ ഇരിക്കൂര്‍ സബ്ജില്ലാ കലാപ്രതിഭയായിരുന്നു.

മൂന്നാം വയസ്സ് മുതല്‍ അമയ നൃത്തം പഠിക്കുന്നുണ്ട്. മനോജ് മാനന്തവാടി ആണ് അമയയുടെ ഇപ്പോഴത്തെ ഗുരു. ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടാണ് അമയയെ മാതാപിതാക്കള്‍ കലോത്സവ വേദിയിലെത്തിച്ചത്. കോവിഡ് കാലത്ത് ജോലിയില്ലാതെ വന്നപ്പോള്‍ മൂന്ന് പശുക്കളെ വളര്‍ത്തിയാണ് ഇവര്‍ പിടിച്ചുനിന്നത്. പക്ഷേ കലോത്സവത്തിന് വരാനായി രണ്ട് പശുക്കളെ വിറ്റു.. മക്കളാണ് നമുക്കെല്ലാം.. അവര്‍ക്കു വേണ്ടി എന്ത് ചെയ്താലും അധികമാകില്ലല്ലോ... ഉണ്ണികൃഷ്ണന് പറയുന്നു. അമയയുടെ അനിയന് അമോഖും നൃത്തം അഭ്യസിക്കുന്നുണ്ട്.
ശാരീരിക അവശതകളെ അതിജീവിച്ചാണ് അമയ ഇന്ന് ചിലങ്ക കെട്ടിയത്. ഇന്നു പുലര്‍ച്ചെ പീരിയഡ്സ് ആയിരുന്നു. അതിനെത്തുടര്‍ന്ന് വയറുവേദനയും ഛര്‍ദ്ദിയും തലകറക്കവുമുണ്ടായി. ഇതോടെ ആശുപത്രിയില്‍ പോകേണ്ടി വന്നു. ആശുപത്രിയില്‍നിന്നാണ് വേദിയിലേക്കെത്തിയത്.
Content Highlights: kerala school kalolsavam amaya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..