മെറിനും മുത്തശ്ശി അന്നക്കുട്ടിയും
സന്ധ്യക്ക് കോഴിക്കോട്ടേക്ക് പുറപ്പെടുക. തലേന്നേ എത്തി താമസിക്കാനുള്ള വക കൈയിലില്ലാത്തതിനാല്‍ മുത്തശ്ശിയും കൊച്ചുമകളും ചേര്‍ന്നെടുത്ത തീരുമാനം. എറണാകുളം രാമമംഗലത്തുനിന്ന് വണ്ടി കയറി കോഴിക്കോട് വന്നപ്പോള്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണി.
കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ ഇരുന്ന് വെളുപ്പിച്ചു. വെളുപ്പിന് കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി കുളിച്ചു. ഓരോ ഗ്ലാസ് ചായ കുടിച്ച് നേരെ കലോത്സവവേദിയിലേക്ക്. രാമമംഗലം എച്ച്.എസ്. വിദ്യാര്‍ഥിനി മെറിന് കെ. മാത്യുവും മുത്തശ്ശി അന്നക്കുട്ടിയും രാവിലെ എട്ടിനുതന്നെ പ്രസംഗമത്സരവേദിയായ കാരപ്പറമ്പ് സ്കൂളിനുമുന്നില്‍ ഹാജര്‍. ഫലം വന്നപ്പോള്‍ എ ഗ്രേഡ്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും മാത്രമല്ല മെറിനു മുന്നില്‍ മത്സരമുള്ളത്. ജീവിതത്തിന്റെ ഓരോ നാളും ഈ കുട്ടിക്കും കുടുംബത്തിനും അതിജീവനത്തിന്റേതാണ്. ചെറുപ്പംമുതലേ കഷ്ടപ്പാടുകളെ തോല്‍പ്പിക്കാന്‍ കണ്ടുപിടിച്ച എളുപ്പവഴിയാണ് കാര്യങ്ങള്‍ വ്യക്തമായും സ്പഷ്ടമായും ഉച്ചത്തില്‍ തുടര്‍ച്ചയായി പറയുക എന്നത്. പിന്നെപ്പിന്നെ അതിനൊരു ചിട്ട വന്നു. അതൊരു പ്രസംഗരൂപമായി. ഭംഗിയായി കാര്യങ്ങള്‍ പറയാനുള്ള ഈ കഴിവ് കണ്ട അധ്യാപകര്‍ കുട്ടിയെ പ്രസംഗവേദിയിലേക്ക് കൈപിടിച്ചു.
പ്രസംഗവഴിയിലേക്ക് എങ്ങനെ വന്നു എന്നു ചോദിച്ചപ്പോള്‍ കണ്ണുനിറഞ്ഞുപോയി മെറിനും മുത്തശ്ശിക്കും. ''ഒരു വീട് വേണം. എനിക്കും അമ്മയ്കും താമസിക്കാന്‍. അതിനൊരു വഴി കാണുമോ...'' മെറിനും അമ്മയും മുത്തശ്ശിക്കൊപ്പമാണ് താമസിക്കുന്നത്. കോവിഡ് കാലം വരെ അമ്മയ്ക്ക് ആയുര്‍വേദ സ്ഥാപനത്തില്‍ ചെറിയജോലിയുണ്ടായിരുന്നു. അത് പോയതോടെ വീടാകെ പ്രയാസത്തിലായി. മുത്തശ്ശന്റെ ചെറിയ വരുമാനമാണ് വീടിനിപ്പോള്‍ ആശ്രയം.
അമ്മയ്ക്ക് ജോലി പോയതോടെ മെറിന് സ്വകാര്യവിദ്യാലയത്തില്നിന്ന് പൊതുസ്കൂളിലേക്ക് പഠനം മാറ്റി. ഫീസ് കൊടുക്കാന്‍ വഴിയില്ലെന്നതുതന്നെ കാരണം. പക്ഷേ, രാമമംഗലം സ്കൂള്‍ മെറിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞു. ടീച്ചര്മാര് ഓരോ മത്സരത്തിനും പറഞ്ഞുവിട്ടു. ചെലവ് സ്വരൂപിച്ച് കൊടുത്തു. മുന്‍കാലങ്ങളില്‍ മത്സരങ്ങള്‍ക്ക് പോയ വകയില്‍ പണയത്തിലായ അമ്മയുടെ ആഭരണങ്ങള്‍ ബാങ്കുകളില്‍ വിശ്രമത്തിലാണ്. അതൊന്നും ഉടനെ പുറത്തുവരില്ലെന്നും മെറിന് പറയുന്നു.
Content Highlights: kerala school kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..