ഹസൻ
ലോകകപ്പ് ഫുട്ബോളില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ പേര് ചര്‍ച്ച ചെയ്ത ഒരു കാര്യമുണ്ട്. ഭിന്നശേഷി സൗഹൃദമായി ഒരു കായികമാമാങ്കം എങ്ങനെ നടത്താമെന്ന് ഖത്തര്‍ കാണിച്ചുതന്ന മാതൃക. ഇവിടെ ഇങ്ങ് കേരളത്തില്‍ കോഴിക്കോട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള നടക്കുമ്പോള്‍ അതേ ചോദ്യം വീണ്ടും ഉയരുകയാണ്. എത്രത്തോളം ഭിന്നശേഷി സൗഹൃദമാണ് നമ്മുടെ കലോത്സവ വേദികള്‍? കേരളത്തിലെ കലോത്സവവേദിയിലെത്തിയ ഭിന്നശേഷിക്കാരനായ ബിഹാര്‍ സ്വദേശി ഹസന് ഇമം നല്കിയ ചില ഉത്തരങ്ങള്‍ മതി അത് ഒരു പുനര്‍വിചിന്തനത്തിന്.
പൊതുവിടങ്ങള്‍ വീല്‍ചെയര്‍ സൗഹൃദമാക്കണമെന്ന സന്ദേശം പകര്‍ന്നുകൊണ്ട് കന്യാകുമാരിയില്‍ നിന്ന് സിയാച്ചിന്‍ വരെ നീളുന്ന വീല്‍ചെയര്‍ യാത്രയിലാണ് ഹസന്. അതിനിടയിലാണ് അദ്ദേഹം കോഴിക്കോട്ട് എത്തുന്നത്. കലോത്സവം നടക്കുന്ന വാര്‍ത്ത അറിഞ്ഞതോടെ എങ്കില്‍ പിന്നെ കലോത്സവം കണ്ടിട്ടുമതി യാത്ര എന്ന തീരുമാനത്തിലെത്തി. പക്ഷേ വേദികളിലേക്കുളള യാത്രകള്‍ക്കിടയിലാണ് അത് എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് ഹസ്സന് മനസ്സിലായത്. 'കലോത്സവത്തിന്റെ എല്ലാവേദികളിലുമെത്തി മത്സരം കാണണം എന്നുണ്ടായിരുന്നു. പക്ഷേ വീല്‍ചെയറുമായി അങ്ങോട്ടെത്തുക അത്ര എളുപ്പമല്ല. കലോത്സവ വേദികളിലും വീല്‍ചെയര്‍ റാമ്പൊരുക്കണം. ഇവിടെ നിറയെ സ്റ്റാളുകള്‍ കണ്ടു. അവിടേക്കും വീല്‍ചെയറുമായി എത്താനാകുന്നില്ല. ' ഹസന് പറയുന്നു. പൊതുവിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്ന സന്ദേശത്തോടെയുളള തന്റെ യാത്ര എത്രത്തോളം അത്യാവശ്യമാണെന്ന് ഹസ്സന് തന്നെ ബോധ്യപ്പെട്ട അനുഭവം.
'പൊതുവഴികളും സ്ഥാപനങ്ങളും പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദമാക്കുമെന്ന് പലകുറി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്. അതിനായി പല സംരംഭങ്ങളും തുടങ്ങിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവയൊന്നും വിജയം കണ്ടില്ലെന്നു മാത്രമല്ല പലതും പാതി വഴിയില്‍ മുടങ്ങിപോകുകയും ചെയ്തു. ഇപ്പോഴും പല മാളുകളും സിനിമ തിയേറ്ററുകളും റെസ്റ്റോറന്റുകളും വീല്‍ചെയര്‍ സൗഹൃദമല്ല. അത് ഞങ്ങളെ പോലെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.'ഹസന് പറയുന്നു.
മറ്റുള്ളവര്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലെല്ലാം യാത്ര ചെയ്യുമ്പോള്‍, സ്വതന്ത്രമായി സഞ്ചരിക്കുമ്പോള്‍ ഇതൊന്നും ചെയ്യാന്‍ കഴിയാതെ നിസ്സസഹായരായി ഞങ്ങളെ പോലെയുള്ളവര്‍ക്ക് നോക്കിയിരിക്കാനെ കഴിയൂ, പറയുമ്പോള്‍ ഹസന്റെ ശബ്ദം ഇടറി. ബിഹാറില്‍ നിന്ന് ട്രെയിനിലാണ് ഹസന് കന്യാകുമാരിയിലെത്തിയത്. കന്യാകുമാരിയില്‍ നിന്ന് വീല്‍ചെയറില്‍ തുടങ്ങിയ യാത്ര പതിനാറു ദിവസം പിന്നിട്ടു. പോകുന്ന വഴിയില്‍ ചിലര്‍ ഭക്ഷണവും മറ്റും നല്‍കും. അത് വാങ്ങി കഴിച്ച് വീണ്ടും യാത്ര തുടരും.കഴിഞ്ഞ ദിവസമാണ് ഹസന് കേരളത്തില്‍ എത്തിയത്. കേരളത്തില്‍ അത്രമേല്‍ ഭിന്നശേഷി സൗഹാര്‍ദമായ സൗകര്യങ്ങള്‍ കുറവാണെങ്കിലും സഹായത്തിന് ഓടിവരാന്‍ നിരവധി പേരുണ്ടായിരുന്നതായി ഹസന് പറയുന്നു. അതിനാല്‍ തന്നെ കേരളത്തോട് ഒരു പ്രത്യേക മമതയുണ്ട് ഹസന്.
'ഈ ലോകം ഞങ്ങളുടേത് കൂടിയാണ്. യാത്ര ചെയ്യണം, പുതിയ സ്ഥലങ്ങള്‍ കാണണം, സിനിമകള്‍ കാണണം. അങ്ങനെ ഈ ലോകത്തിന്റെ എല്ലാ സൗന്ദര്യങ്ങളും ഞങ്ങള്‍ക്കും ആസ്വദിക്കണം' ഹസ്സന്റെ സ്വപ്നങ്ങളാണ് ഇതെല്ലാം. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ലാംഗ്വേജ് കോഴ്സില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ് ഹസന്. ഉപരിപഠനം വിദേശത്ത് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം കൂടിയുണ്ട് ഈ ഇരുപത്തിയഞ്ചുകാരന്. സ്വപ്നങ്ങളെല്ലാം നേടിയെടുക്കും. അതിനു കാലുകളുടെ പിന്തുണ വേണ്ട. തോറ്റു പോകാത്ത മനസ്സു മാത്രം മതി. ഹസന്റെ പുഞ്ചിരിയ്ക്ക് നൂറു നിറവ്.
Content Highlights: Kanyakumari to kashmir on wheelchair, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..