ഫയൽ ചിത്രം
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തിരശ്ശീല വീഴുമ്പോള്‍ ഏറ്റവും അധികം പോയിന്റ് നേടിയ സ്കൂളായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം. തുടര്‍ച്ചയായി പത്താമത്തെ തവണയാണ് ഗുരുകുലം ഈ ഖ്യാതി നിലനിര്‍ത്തുന്നത്. 61 വര്‍ഷത്തെ കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്കൂള്‍ കൂടുതല്‍ പോയിന്റ് നേടിയ സ്കൂള്‍ എന്ന പട്ടം തുടര്‍ച്ചയായി നിലനിര്‍ത്തുന്നത്.
2002-ല്‍ വെറും ഒരു ഇനത്തില്‍ മാത്രം മത്സരിക്കാനായാണ് ഗുരുകുലം ആദ്യമായി കലോത്സവ വേദിയിലേക്ക് എത്തുന്നത്. 2012-ല്‍ തൃശ്ശൂരില്‍ നടന്ന 52-ാമത് സംസ്ഥാന കലോത്സവത്തിലാണ് ഗുരുകുലം ആദ്യമായി ഒന്നാമതെത്തുന്നത്. പിന്നീട് കലോത്സവഭൂപടത്തില് ഗുരുകുലം ഒഴിവാക്കാനവാത്ത വന്‍കരയായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്.
സ്കൂള്‍ തുറക്കുന്ന അന്ന് മുതല്‍ തുടങ്ങുന്നതാണ് ഗുരുകുലത്തിന്റെ കലോത്സവത്തിനായുള്ള പരീശിലനം. മിടുക്കരായ വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് അവര്‍ക്കുള്ള പരിശീലനം പഠനത്തെ ബാധിക്കാത്ത തരത്തില്‍ നല്കുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കലോത്സവ ചിലവിനത്തില്‍ യാതൊരു തുകയും കുട്ടികളില്‍ നിന്ന് വാങ്ങുന്നില്ല. മിടുക്കരാണോ കുട്ടിക്ക് സ്കൂളിന്റെ പൂര്‍ണ്ണ പിന്തുണയും കിട്ടുമെന്നുറപ്പ്.
2002-ലാണ് കലോത്സവ വേദിയിലേക്ക് ഗുരുകുലം കടന്നു വരുന്നത്. അന്ന് നമ്മള് കണ്ടിരുന്ന സ്വപ്നമായിരുന്നു കലോത്സവത്തില്‍ ഗുരുകുലം സമ്മാനം നേടുകയെന്നത്. അന്ന് തൊട്ട് സ്കൂളില്‍ ചിട്ടയായ പരിശീലനം ആരംഭിച്ചിരുന്നു. കീരീടം നേടുക എന്നതു പോലെ പ്രധാനപ്പെട്ടതാണ് അവ നിലനിര്‍ത്തുകയെന്നത്. കപ്പ് നേടുകയെന്നതല്ല, ഞങ്ങളുടെ ലക്ഷ്യംകുട്ടികളെ കലയിലൂടെ നവീകരിക്കുക എന്നതാണ്. മികച്ച കലാകാരന്മാരെ വാര്‍ത്തെടുക്കാന്‍ സ്കൂളിനാവണം അതാണ് ഗുരുകുലത്തിന്റെ ലക്ഷ്യം, പ്രിന്‍സിപ്പല്‍ ഡോ.വിജയന് വി. ആനന്ദ് പറയുന്നു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും സംസ്കൃതോത്സവത്തിലും ഒന്നാം സ്ഥാനം നിലനില്‍ത്താനുള്ള ശ്രമത്തിലാണ് സ്കൂള്‍. അതിനായുള്ള മികച്ച പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. 179 വിദ്യാര്‍ഥികളായിരുന്നു കലോത്സവത്തില്‍ പങ്കെടുക്കാനായി വരേണ്ടിയിരുന്നത്. എന്നാല്‍ അപ്പീല്‍ ലഭിക്കാത്തിനാല്‍ 151 വിദ്യാര്‍ഥികളാണ് സ്കൂളില്‍ നിന്ന് പങ്കെടുത്തത്.
ഗുരുകുലത്തിന് സ്ഥിരമായി സമ്മാനം ലഭിക്കുന്ന നാല്പതോളം ഇനങ്ങളില്‍ ഇക്കുറിയും സമ്മാനം നിലനില്‍ത്തി. സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, പരിചമുട്ട്, കോല്‍ക്കളി, ഒപ്പന, ചവിട്ടുനാടകം, യക്ഷഗാനം, ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം, വൃന്ദവാദ്യം, വട്ടപ്പാട്ട് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും വിവിധ വ്യക്തിഗത ഇനങ്ങളിലുമാണ് ഗുരുകുലത്തിന്റെ ആധിപത്യം. ഗുരുകുലത്തിന്റെ പേര് കലോത്സ വേദിയില്‍ ഉയരുമ്പോഴും പാലക്കാട് ജില്ലയ്ക്ക് കൈവിട്ട് പോയ കപ്പിനെ കുറിച്ചോര്‍ത്ത് വിഷമത്തിലാണ് സ്കൂളിലെ വിദ്യാര്‍ഥികള്‍.
'നാളെ മുതല്‍ അടുത്ത കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. പുസ്തകങ്ങള്‍ പോലെ പ്രിയപ്പെട്ടതാണ് ഞങ്ങള്‍ക്ക് ഈ സ്റ്റേജും' വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നു.
Content Highlights: BSS Gurukulam Higher Secondary School Alathur, Palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..