അശ്വിൻ പ്രമേഹ നില ഗ്ലൂക്കോമീറ്റററിൽ പരിശോധിക്കുന്നു/ അശ്വിൻ അമ്മ വനജയ്ക്കും സഹോദരൻ ആരോമലിനുമൊപ്പം | Photo: Special Arrangement
അശ്വിന് തന്റെ കൈകളില്‍ സൂചി കുത്തി ഗ്ലൂക്കോമീറ്ററില്‍ പ്രമേഹ നില പരിശോധിക്കുമ്പോള്‍ കൂടെയുള്ളവര്‍ തങ്ങളുടെ ചെസ്റ്റ് നമ്പറിനായുള്ള കാത്തിരിപ്പിലായിരുന്നു. അമ്മ വനജയുടെ മുഖത്ത് ആശങ്കയും പേടിയും നിഴലിക്കുമ്പോള്‍ അവന് ചിരിച്ചു കൊണ്ട് വേദിയില്‍ കയറി. സൂചി കുത്തലും ഇന്സുലിനെടുക്കലും അശ്വിന് പുതുമയല്ല. തന്റെ പത്താംവയസില്‍ തുടങ്ങിയതാണ് ടൈപ്പ്-1 പ്രമേഹത്തോടുള്ള അവന്റെ പോരാട്ടം.
ചെറുപ്പത്തില്‍ നൃത്തം പഠിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് അത് തുടരാന്‍ കഴിയാതെ വന്ന വ്യക്തിയാണ് അശ്വിന്റെ അമ്മ വനജ. അമ്മയുടെ സ്വപ്നത്തിന്റെ കൈപിടിച്ച് അശ്വിനും നൃത്തത്തിന്റെ വഴിയേ നടന്നത്. അമ്മയ്ക്ക് വേണ്ടി അശ്വിന് നൃത്തം പഠിച്ചു. മൂന്നാം വയസില്‍ തുടങ്ങിയതാണ് അവന്റെ പഠനം.
പത്താം വയസിലാണ് അശ്വിന് ടൈപ്പ് - 1 പ്രമേഹമുള്ളത് തിരിച്ചറിയുന്നത്. എന്നാല്‍ അവന് തളര്‍ന്നിരുന്നില്ല. മനക്കരുത്തുകൊണ്ട് ഒരോ വേദിയിലും ചവിട്ടിക്കയറി. അശ്വിന് വേദിയില്‍ കയറുമ്പോള്‍ അമ്മ വനജയ്ക്കാണ് ആധി മുഴുവനും. മത്സരത്തിനിടെ അവന് വയ്യായ്ക ഉണ്ടാവരുതെന്ന പ്രാര്‍ത്ഥനയുമായാണ് ഓരോ വേദിയിലും വനജയെത്തുന്നത്.
കാസര്‍കോട് ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആര് അശ്വിന്. ഇത്തവണ കേരള നടനത്തില്‍ എ ഗ്രേഡ് നേടി. ജില്ലാ കലോത്സവത്തിലും എ ഗ്രേഡ് ലഭിച്ചെങ്കിലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോയത് അശ്വിനെ ശാരീരികമായി തളര്‍ത്തിയിരുന്നു. അവന്റെ ബുദ്ധിമുട്ട് കണ്ടുനിന്ന അമ്മ വനജയ്ക്ക് ഇത്തവണയും അത്തരമൊരു സാഹചര്യമുണ്ടാവുമോയെന്ന പേടിയുണ്ടായിരുന്നു.
മാസം 240 ഇന്‍സുലിന്‍ സ്ട്രിപ്പ് അശ്വിന് വേണം. 50 എണ്ണം കേരള സര്‍ക്കാരിന്റെ മിഠായി പദ്ധതിയിലൂടെ ലഭിക്കുന്നുണ്ടെന്ന് അശ്വിന്റെ അമ്മ പറഞ്ഞു. എങ്കിലും ചികിത്സയ്ക്കായി മാസം 15,000 രൂപയാണ് ചെലവ്.
ദിവസത്തില്‍ എട്ടുതവണ വിരല്‍ത്തുമ്പില്‍ സൂചികുത്തി രക്തമെടുത്ത് പരിശോധിക്കണം. നാല് പ്രാവശ്യം ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നുണ്ട് അശ്വിന്. എന്നിട്ടും രക്തത്തില്‍ ഏത് നിമിഷവും പഞ്ചസാരയുടെ അളവ് മാറുമോയെന്ന പേടി അശ്വിന്റെ കുടുംബത്തിനെ വിട്ടു മാറുന്നില്ല.
പരുമ്പള ചെല്ലുഞ്ഞി നടുവില്‍ വീട്ടില്‍ രവീന്ദ്രനാണ് അച്ഛന്. അദ്ദേഹത്തിന്റെ ചെറിയ വരുമാനത്തിലാണ് അശ്വിന്റെ നൃത്ത പഠനവും ചികിത്സയും നടക്കുന്നത്. അനിയന് ആരോമലും അശ്വിനെപ്പോലെ നൃത്തത്തില്‍ തത്പരനാണ്.
അശ്വിന് വേണം ഇന്‍സുലിന്‍ പമ്പ്
അശ്വിന്റെ ഈ അവസ്ഥയ്ക്ക് ഒരു ചെറിയ മാറ്റം വരണമെങ്കില്‍ ഇന്‍സുലിന്‍ പമ്പ് ശരീരത്തില്‍ ഘടിപ്പിക്കണം. ഇത് ശരീരത്തില്‍ ഘടിപ്പിച്ചാല്‍ സൂചികുത്തി രക്തമെടുക്കാതെ തന്നെ പഞ്ചസാരയുടെ അളവ് പ്രമേഹ രോഗിക്കും ഫോണിലെ ആപ്ലിക്കേഷനിലൂടെ കുടുംബത്തിലുളളവര്‍ക്കും അറിയാനാകും.
ചെലവ് ആറു ലക്ഷം
ഇന്‍സുലിന്‍ പമ്പ് മേടിക്കണമെങ്കില്‍ ചെലവ് ആറുലക്ഷം രൂപയാണ്. മാസം 21,000 രൂപയും അതിനൊപ്പം ചെലവുമുണ്ട്. അത് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല കുടുംബമുള്ളത്. അതിനാല്‍ സൂചി കുത്തി പ്രമേഹ നില പരിശോധിക്കുക മാത്രമാണ് അശ്വിന്റെ മുന്നിലുള്ള വഴി.
Content Highlights: battling type one diabetes ashwins sweet success state youth festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..