അവനി | ഫോട്ടോ: അരുൺ നിലമ്പൂർ/ മാതൃഭൂമി
ജില്ലാകലോത്സവത്തില്‍ ശാസ്ത്രീയസംഗീത മത്സരത്തിലെ അവനിയുടെ എ ഗ്രേഡിന് പൊന്നിന് തിളക്കമായിരുന്നു. അര്‍ബുദരോഗം വിരിച്ചിട്ട ചെങ്കനല്‍ വഴികള്‍ അത്രമേല്‍ അവളെ പൊള്ളിച്ചിരുന്നു. സംസ്ഥാന കലോത്സവത്തില്‍ എച്ച്.എസ്.എസ്. വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിനായി തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് എത്തിയപ്പോഴും വേദിക്കു പിന്നില്‍ അവള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സ്കൂള്‍ എച്ച് എമ്മും ഡിഡിയും ഒപ്പിട്ട പേപ്പര്‍ കൈയില്‍ ഇല്ല. അതുണ്ടെങ്കിലേ മത്സരിക്കാനാകൂ. മൂന്നാമത്തെ ക്ലസ്റ്ററില്‍ അവനിയുടെ ഊഴത്തിനു തൊട്ടുമുമ്പാണ് വിവരം അറിഞ്ഞത്. അച്ഛന് ശിവപ്രസാദും അമ്മ സതിജയും ടെന്‍ഷനിലായി. 'നിങ്ങള്‍ ടെന്‍ഷന്‍ അടിക്കാതിരിക്കൂ, പാടാന്‍ പറ്റിയില്ലെങ്കില്‍ നമുക്ക് നേരത്തേ നാട്ടിലേക്ക് പോകാലോ' അവനി സമാധാനിപ്പിച്ചു.
പാടാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ അവസാനനിമിഷം വരെ അവള്‍ക്ക് കാക്കേണ്ടി വന്നു, സദസ്സിനെ രാഗസാന്ദ്രമാക്കി അവള് ശ്രുതിയും താളവും തെറ്റാതെ പാടി മുഴുമിപ്പിച്ചു. അച്ഛനും അമ്മയും അവളെ വാരി പുണര്‍ന്നു. മത്സരത്തില്‍ ഗ്രേഡ് അല്ല അവര്‍ക്ക് പ്രധാനം, മകളുടെ സന്തോഷം മാത്രം. എങ്കിലും എ ഗ്രേഡ് നേടിയാണ് അവനി വേദി വിട്ടത്.
വെഞ്ഞാറമൂട് ആലന്തറ സ്വദേശിയായ അവനിക്ക് 2018-ലാണ് ശ്വാസകോശത്തില്‍ അര്‍ബുദം (ലിംഫോബ്ലാസ്റ്റിക് ലിംഫോമ) സ്ഥിരീകരിച്ചത്. അമ്മയും അച്ഛനും രണ്ട് മക്കളും അടങ്ങുന്ന ആ 'കിളിക്കൂടി'നുമീതെ ആശങ്കയുടെ കാര്‍മേഘങ്ങളായിരുന്നു പിന്നീട് കുറച്ചുനാള്‍. അന്ന് ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ സെലക്ഷന് കിട്ടിയ സമയമായിരുന്നു. പങ്കെടുക്കേണ്ടെന്ന് പലരും പറഞ്ഞു. പക്ഷെ അവനിയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ ആ 'നോ' നിഷ്പ്രഭമായി.
രോഗത്തിന് മുന്നില്‍ പകച്ചു നിന്ന അമ്മയ്ക്കും അച്ഛനും കരുത്തുനല്കിയതും അവനി തന്നെ. കീമോയുടെയും ചികിത്സയുടെയും നാളുകള്‍ അവള് ധീരതയോടെ നേരിട്ടു. കോട്ടയം കാരിതാസ്, തിരുവനന്തപുരം കിംസ്, ജിജി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായിരുന്നു ചികിത്സ. ഇരുപത്തിയഞ്ചോളം കീമോയിലും അവള് തളര്‍ന്നില്ല. എട്ട് വര്‍ഷമായി അഭ്യസിക്കുന്ന ശാസ്ത്രീയ സംഗീതം ആശുപത്രി കിടക്കയിലും അവള്‍ക്ക് മരുന്നും ആത്മവിശ്വാസവുമേകി.
ഒരു വര്‍ഷം കഴിഞ്ഞ് 2019-ല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഥകളി സംഗീതം, മലയാളം പദ്യപാരായണം, ശാസ്ത്രീയ സംഗീതം എന്നിവയിലെല്ലാം മത്സരിച്ച് എ ഗ്രേഡുമായി മടങ്ങി. കീമോയുടെ വേദനക്കിടയിലും സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ട്രെയിനിംഗിന്റെ സ്കോളര്‍ഷിപ്പിന് വേണ്ടി പാടി, സ്കോളര്‍ഷിപ്പ് നേടി. ഒപ്പം നിരവധി വേദികളിലും പാടി. ഇതിനിടയില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ്സും നേടി. അവനിയുടെ നിശ്ചയദാര്‍ഢ്യത്തിനും കഴിവിനും മുന്നില്‍ അര്‍ബുദം വഴിമാറി.
കിളിക്കൂട്ടില്‍ സന്തോഷങ്ങള്‍ ഓരോന്നായി തിരിച്ചുവന്നതോടെ അമ്മ സതിജ അഴിച്ചുവെച്ച ചിലങ്ക വീണ്ടുമണിഞ്ഞു. റിലീസ് ചെയ്യാനിരിക്കുന്ന മറിയം എന്ന ചിത്രത്തില്‍ പാടി പിന്നണി ഗാനരംഗത്തും അവനി ഒരു കൈ നോക്കി. ആരോഗ്യനില വീണ്ടെടുത്തെങ്കിലും അവനിക്ക് മൂന്നു മാസത്തിലൊരിക്കല്‍ ചെക്കപ്പ് വേണം. പ്രമുഖ റിയാലിറ്റി ഷോയിലെ ഫൈനല്‍ മത്സരാര്ഥിയാണ് ഇപ്പോള്‍. വെഞ്ഞാറമൂട് ഗവണ്മെന്റ് എച്ച്.എസ്.എസില്‍ പ്ലസ് ടു ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിനിയാണ് അവനി.
Content Highlights: Avani, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..