സ്ഫടികം സിനിമയുടെ പോസ്റ്റർ, സ്ഫടികം കാണാൻ ആറ്റിങ്ങൽ ഗംഗാ സിനിമാ ഹൗസിലെത്തിയ അധ്യാപകരും വിദ്യാർത്ഥികളും | ഫോട്ടോ: www.facebook.com/bhadranthefilmmaker, www.facebook.com/Aduthomaofficial
മോഹൻലാൽ - ഭദ്രൻ - തിലകൻ കൂട്ടുകെട്ടിലൊരുങ്ങിയ 'സ്ഫടികം' നീണ്ട 28 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ 4കെ പതിപ്പായി റീറിലീസ് ചെയ്തിരിക്കുകയാണ്. ആടുതോമയുടെ മാസ് പരിവേഷമാണ് 'സ്ഫടിക'ത്തിന്‍റെ പ്രത്യക്ഷത്തിലുള്ള ആഘോഷമെങ്കിലും ചിത്രത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒട്ടേറെ കാര്യങ്ങളുമുണ്ട്. അച്ഛനും മകനും തമ്മിലുള്ള, അമ്മയും മകനും തമ്മിലുള്ള, സഹോദരനും സഹോദരിയും തമ്മിലുള്ള, ഗുരുഭൂതരും വിദ്യാഥികളും തമ്മിലുള്ള, ഉറ്റ സുഹൃത്തുക്കള്‍ തമ്മിലുള്ള സ്നേഹത്തിന്‍റെ ഭാഷ കൂടിയാണ് 'സ്ഫടികം'. ആ സന്ദേശം വീണ്ടും നേരിൽ കാണാൻ ആറ്റിങ്ങൽ ജ്യോതിസ് ജെപിഎസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ആറ്റിങ്ങൽ ഗംഗാ സിനി ഹൗസിൽ എത്തിയത് വേറിട്ട കാഴ്ചയായി. സ്കൂൾ ബസിനായിരുന്നു ഇവർ സിനിമ കാണുവാനായി തിയേറ്ററുകളിലേക്കെത്തിയതെന്നതും ശ്രദ്ധേയമായി.
പാരന്‍റിംഗ് അഥവാ രക്ഷാകർതൃത്വം എന്ന ആശയം ഏറെ മനോഹരമായി കാണിച്ച 'സ്ഫടികം' പോലൊരു സിനിമ മലയാള സിനിമയിൽ തന്നെ വിരളമാണ്. ചിത്രം ഒരു പാരന്‍റിംഗ് പാഠം കൂടിയായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ആ ആശയത്തെ മുൻനിർത്തി ബൗദ്ധികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്നുമുണ്ട് സിനിമ. കുട്ടികളുടെ കഴിവുകൾ ചെറുപ്പത്തിലെ തല്ലിക്കെടുത്താതെ അവരുടെ അഭിരുചിക്കനുസരിച്ച് വളർന്നുവരാൻ വഴിയൊരുക്കണമെന്ന വലിയൊരു ചിന്ത കൂടിയാണ് ചിത്രം സമ്മാനിക്കുന്നത്.
സിനിമയിൽ ചാക്കോമാഷ് മകനായ ആട് തോമയോട് അടുത്ത വീട്ടിലെ പോലീസുകാരന്‍റെ മകനെ കണ്ടുപഠിക്കാന്‍ പറയുന്നുണ്ട്. അതിന് ശേഷം ആടുതോമ അവനെ വീട്ടില്‍നിന്ന് വിളിച്ചുവരുത്തി അവന്‍റെ കയ്യില്‍ കോമ്പസുകൊണ്ട് കുത്തിമുറിവേല്പിച്ചുകൊണ്ട് പറയുന്നത്, ചാക്കോ മാഷ് എന്‍റെ അപ്പനല്ല, നിന്‍റെ അപ്പനാണെന്നാണ്, എന്നിട്ടയാൾ നാടുവിടുകയാണ്. താരതമ്യം ചെയ്യലും അവഗണനയുമെല്ലാം കുട്ടികളുടെ മനസ്സുകളിൽ ആഴമേറിയ മുറിവുകള്‍ സമ്മാനിക്കുന്നതാണെന്ന് ചിത്രം പറഞ്ഞുവയ്ക്കുകയാണ്. ആഴമേറിയ പാഠമാണിത് ഈ തലമുറയിലേയും മാതാപിതാക്കൾക്ക് നൽകുന്നത്.
ഈ ആശയം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വീണ്ടും പകരുകയാണ് 'സ്ഫടികം' 4കെ ഡോൾബി അറ്റ്‍മോസ് പതിപ്പ്. ജ്യോതിസ് ജെപിഎസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് ഈ സിനിമ കാണാനെത്തിയതിലൂടെ അവർ വിളിച്ചോതുകയാണ്, സ്ഫടികം വിദ്യാർത്ഥികളും അധ്യാപകരും, മാതാപിതാക്കളും മക്കളും ഒക്കെ ഒരുമിച്ചിരുന്ന് തന്നെ തിയേറ്ററിൽ കണ്ട് അനുഭവിക്കേണ്ടുന്ന മനസ്സിലാക്കേണ്ടുന്ന സിനിമയാണെന്ന്.
Content Highlights: spadikam show at atingal ganga theatre with teachers and students, bhadran and mohanlal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..