സ്ഫടികത്തിൽ തിലകൻ, പ്രൊഫ. സി.ജി. രാജേന്ദ്രബാബു | ഫോട്ടോ: സ്ക്രീൻഗ്രാബ്, മാതൃഭൂമി ഇ പേപ്പർ
'ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി വെറുമൊരു വട്ടപ്പൂജ്യം'- സ്ഫടികത്തിൽ ചാക്കോമാഷ് പറഞ്ഞ ഈ ഡയലോഗ് മലയാളി ഇപ്പോഴും പലസാഹചര്യത്തിലും പറയും. 28 വർഷം മുമ്പ് ഈ ഡയലോഗുകൾ എഴുതിയത് കായംകുളം എരുവ സ്വദേശിയായ പ്രൊഫ. സി.ജി. രാജേന്ദ്രബാബുവാണ്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളവിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹമിപ്പോൾ ചെന്നൈയിലാണ് താമസം.
നാടകപശ്ചാത്തലമുള്ള രാജേന്ദ്രബാബുവിനെ സ്ഫടികത്തിന്റെ സംഭാഷണങ്ങൾ എഴുതാൻ സംവിധായകൻ ഭദ്രൻ വിളിക്കുകയായിരുന്നു. മികച്ച ശബ്ദസംവിധാനങ്ങളോടെ സ്ഫടികം വീണ്ടും തിയേറ്ററിലെത്തുമ്പോൾ അന്നു സിനിമയുടെ പിന്നിൽ നടന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് അദ്ദേഹം.
മലയാള നാടകങ്ങളെക്കുറിച്ച് ഗവേഷണം നടത്താനാണ് രാജേന്ദ്രബാബു മദ്രാസ് സർവകലാശാലയിൽ ചേർന്നത്. പി.എച്ച്ഡി. കഴിഞ്ഞ് അവിടെത്തന്നെ അധ്യാപകനായി. പിന്നീട്, കേരളത്തിലും തമിഴ്‌നാട്ടിലും സെൻസർബോർഡംഗമായി. അങ്ങനെയാണ് ഭദ്രനുമായി പരിചയം. ക്രൈസ്തവ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ഭദ്രൻ പറഞ്ഞു. അച്ഛൻ-മകൻ കലഹം ഒട്ടേറെ സിനിമകളിൽ വന്നിട്ടുണ്ടെങ്കിലും ഇതു വ്യത്യസ്തമാകണമെന്നാണ് നിർദേശം. കണക്കിനെ ഭ്രാന്തമായി സ്നേഹിക്കുന്ന അച്ഛൻ. തന്റെ അഭിരുചികളെ തല്ലിക്കെടുത്തിയ അച്ഛനോടു കലഹിക്കുന്ന മകൻ. മണ്ണിന്റെ മണമുള്ള സംഭാഷണങ്ങളെഴുതി ഈ കഥയെ ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കണമെന്ന് ഭദ്രൻ പറഞ്ഞു.
പെർഫെക്‌ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തയാളാണ് ഭദ്രൻ. ഓരോ ഡയലോഗും പലതവണ ചർച്ചചെയ്തു മാറ്റിയെഴുതി. കണക്കിനെക്കുറിച്ചു പഠിച്ചു. 'ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം എന്താണ്' എന്ന ചോദ്യമൊക്കെ സംഭാഷണത്തിൽ ഉൾപ്പെട്ടത് അങ്ങനെയാണ്. ഇതിന്റെ തുടർച്ചയായാണ് 'ബ്ബബ്ബബ്ബബ്ബ' എന്ന തിലകന്റെ ഡയലോഗ് വരുന്നത്. 'ഓട്ടക്കാലണ' എന്ന പ്രയോഗവും അത്തരത്തിലൊന്നായിരുന്നു. ജനഹൃദയങ്ങളെ സ്പർശിച്ചതും മുറിവേൽപ്പിച്ചതുമായ ഒട്ടേറെ സംഭാഷണങ്ങൾ സിനിമയിലുണ്ട്. 'പാറേൽ പള്ളിയിലെ തെമ്മാടിക്കുഴിയിലേക്ക് എന്റെ ശവം കൊണ്ടുപോകുന്നത് കാണാൻ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു' വെന്ന ആടുതോമയുടെ ഡയലോഗ് അന്നു കാണികളുടെ ഹൃദയങ്ങളെ തൊട്ടതാണ്. റിലീസിനു തയ്യാറെടുക്കുമ്പോൾ പടം വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നുവെന്ന് രാജേന്ദ്രബാബു പറയുന്നു.
മോഹൻലാൽ, തിലകൻ എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളുടെ അസാധ്യപ്രകടനം മാത്രമല്ല, സിനിമയിലെ സന്ദേശത്തിന്റെ ആഗോളസ്വഭാവമാണ് അങ്ങനെ ചിന്തിക്കാൻ കാരണം. പക്ഷേ, വമ്പൻ ഹിറ്റാകുമെന്നൊന്നും കരുതിയിരുന്നില്ല. 1995-ലായിരുന്നു റിലീസ്.
നാടകത്തിൽനിന്നു വന്നയാൾ
കെ.പി.എ.സി.യുടെ സെക്രട്ടറിയായിരുന്നു രാജേന്ദ്രബാബുവിന്റെ അച്ഛൻ സി.ജി. ഗോപിനാഥ്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കായംകുളത്ത് കേരള പീപ്പിൾസ് തിയേറ്റർ എന്ന നാടകസമിതിയുണ്ടാക്കി. നാടകരചനയും അഭിനയവുമൊക്കെയായി ഗോപിനാഥ് നിറഞ്ഞുനിൽക്കുന്ന കാലം. പഠിക്കുകയായിരുന്ന രാജേന്ദ്രബാബു ഇക്കാലത്താണ് നാടകങ്ങളുമായി അടുത്തത്. അച്ഛനും മകനും ഒരുമിച്ച് അഭിനയിച്ചുതുടങ്ങി. കേരളത്തിലും പുറത്തും ഒട്ടേറെ നാടകങ്ങൾ അവതരിപ്പിച്ചു. ഗോപിനാഥിന്റെ 'കുരുതിക്കളം', വിമോചന സമരം എന്നീ നാടകങ്ങൾ പിന്നീട് സിനിമയായി.
വിമോചനസമരം പൂർത്തിയാക്കുംമുമ്പായിരുന്നു സത്യന്റെ മരണം. അദ്ദേഹത്തിന്റെ ബാക്കി റോൾ ചെയ്തത് രവിചന്ദ്രനാണ്. ആ സിനിമയിലെ നായികയായിരുന്ന ഷീലയെ അദ്ദേഹം വിവാഹംകഴിച്ചത് മറ്റൊരു കഥ. അച്ഛന്റെ മരണശേഷം രാജേന്ദ്രബാബു സമിതിയുടെ ചുമതലക്കാരനായി. അദ്ദേഹം നാടകത്തിൽ ചെയ്തിരുന്ന റോൾ രാജേന്ദ്രബാബു ചെയ്തിട്ടുണ്ട്. 10-15 വർഷത്തോളം നാടകത്തിൽ പ്രവർത്തിച്ചശേഷമാണ് ഗവേഷണത്തിനായി മദ്രാസിലേക്കു പോയത്.
സ്ഫടികത്തിൽനിന്ന് 'ഗുരു'വിലേക്ക്
സ്ഫടികത്തിന്റെ വിജയത്തിനു പിന്നാലെ ഭദ്രനുമായി ചേർന്ന് യുവതുർക്കി എന്ന സിനിമയ്ക്കും അദ്ദേഹം സംഭാഷണമെഴുതി. തുടർന്നാണ് രാജീവ് അഞ്ചലിനുവേണ്ടി ഗുരു സിനിമയുടെ രചന നിർവഹിച്ചത്. വിദേശഭാഷ സിനിമാവിഭാഗത്തിൽ ഓസ്കാറിലേക്ക് അക്കൊല്ലം ഇന്ത്യയിൽനിന്നുള്ള ഔദ്യോഗിക എൻട്രി ഗുരുവായിരുന്നു. മലയാളത്തിൽനിന്ന് ഒരു സിനിമ ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യം. മാസ്മരം, ശ്രദ്ധ, എന്നിട്ടും, പാട്ടിന്റെ പാലാഴി എന്നിവയുടെ രചനയും രാജേന്ദ്രബാബുവാണ് നിർവഹിച്ചത്. ടി. ദാമോദരനുമായി ചേർന്നാണ് ശ്രദ്ധ എഴുതിയത്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും സിനിമ അവാർഡ് ജൂറിയായും ഒട്ടേറെ വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും പുസ്തകങ്ങളുമെഴുതി. സഹോദരൻ അഡ്വ. സി.ജി. സുരേഷ്ബാബുവിനൊപ്പം കായംകുളത്തുണ്ട് അമ്മ പാറുക്കുട്ടിയമ്മ. ഗീതയാണ് ഭാര്യ. ദുബായിൽ ആഡ്ഫിലിം മേക്കറായ ഗായത്രി, ബെംഗളൂരുവിൽ സ്വകാര്യ കമ്പനി ഡയറക്ടറായ ഹർഷവർധൻ എന്നിവർ മക്കൾ.
Content Highlights: spadikam dialogue writer prof cg rajendrababu, spadikam 4k, mohanlal and bhadran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..